സ്ത്രീപക്ഷം
 

സംസാരിക്കുന്ന ആശംസാകാര്‍ഡ്‌

അന്‍ഷ (ഷാരു)


 1998 ഡിസംബർ മാസത്തിലെ ഒരു പ്രഭാതത്തിൽ കോളേജ് ബസ്സിൽ വന്നിറങ്ങുമ്പോൾ സ്റ്റുഡന്റ്സ് പോസ്റ്റ് ബോക്സിൽ എനിക്കായി കാത്തുകിടന്നിരുന്നു ആ ആശംസാകാർഡ്. ഓമനത്തം തുളുമ്പുന്ന മുഖത്തോടെ ഉറങ്ങുന്ന ഉണ്ണിയേശുവിന്റെ ചിത്രത്തോട് കൂടിയ; ഏതാനും വരികളിൽ കൃസ്ത്‌മസ് പുതുവർഷ സന്ദേശവുമായി എന്നെ തേടി വന്ന ആ വർഷത്തെ ആദ്യത്തെ ആശംസാകാർഡ്. അതയച്ചത് ‘അജി’ ആയിരുന്നു. എന്റെ പ്രീഡിഗ്രി കാലഘട്ടത്തിൽ ഞാനൊരു പക്ഷെ ഏറ്റവുമധികം വെറുത്ത എന്റെ സീനിയർ സുഹൃത്ത്. തികച്ചും അപ്രതീക്ഷിതമായ അനുഭവമായി ആ ആശംസാകാർഡിന്റെ വരവ്.

കോൺ‌വെന്റ് സ്കൂളിന്റെ ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ ലോകത്തേയ്ക്കുള്ള പറക്കലായിരുന്നു മഹാരാജാസ് കോളേജിലെ എന്റെ പ്രീഡിഗ്രി ജീവിതം. ആദ്യദിനംതന്നെ പട്ടുപാവാടയിട്ട് ക്ലാസ്സിലെത്തിയ എന്നെ കുസൃതി നിറഞ്ഞ കമ്മന്റ് നൽകി അനുഗ്രഹിക്കാൻ ആദ്യമെത്തിയത് അജി ആയിരുന്നു. അല്പം ഇരുണ്ട നിറത്തിൽ ഉറച്ച ശരീരവും ഉയരവുമുള്ള അവനെ കണ്ടാൽ ഒരു പ്രീഡിഗ്രിക്കാരന്റെ മട്ടും ഭാവവും ഒന്നും ഇല്ലായിരുന്നു. പക്ഷെ; ചിരിയിലുള്ള നിഷ്കളങ്കത ആർക്കും അവനോട് ഒരിഷ്ടമോ അടുപ്പമോ ഒക്കെ തോന്നിപ്പിയ്ക്കുന്നതായിരുന്നു. സ്വാഭാവികമായും സീനിയർ എന്ന നിലയിൽ കാണാനും കൂടുതൽ പരിചയപ്പെടാനും അവസരമുണ്ടായി. ഒരു സീനിയർ സുഹൃത്തെന്ന നിലയിലേ ഞാനവനെ കണ്ടുള്ളു. എന്നാൽ എന്റെ കൂട്ടുകാരിയ്ക്ക് അവന്റ്റെ ചിരി ഒരുപാടങ്ങ് ഇഷ്ടമായെന്ന് എന്നോട് പല പ്രാവശ്യം പറഞ്ഞു. ഒരേ കാര്യമിങ്ങനെ ആവർത്തിച്ചു പറയുന്നത് കേട്ടപ്പോൾ സംഗതി പ്രണയത്തിന്റെ തുടക്കമാണെന്ന് അവൾ പറയാതെ തന്നെ എനിയ്ക്ക് മനസ്സിലായി. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ഒന്നുമങ്ങോട്ട് സമ്മതിയ്ക്കുന്നുമില്ല. “അല്ലാ; ഇനി അങ്ങനെ വല്ല ഇഷ്ടവുമുണ്ടെങ്കിൽ അജിയോട് പറയുന്നകാര്യം ഞാനേറ്റു” എന്ന് ചുമ്മാ തട്ടിവിട്ടപ്പോൾ കിളി പറയും പോലെ മൊഴിഞ്ഞു....ലവൾക്ക് ലവനോട് ലവ്വാണെന്ന്. പിന്നെ എന്നും എന്റെ പുറകെ നടപ്പായി അജിയോട് ഇക്കാര്യം ഞാൻ പറയണമെന്നതായിരുന്നു ആവശ്യം.

കോളേജിലെ പാർട്ടിയിലെ സജീവ പ്രവർത്തകനായിരുനു അജി. സജീവപ്രവർത്തനമെന്ന് പറഞ്ഞാൽ അടിപിടി, തല്ല് മുതലായവയും പെടും. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾ തമ്മിൽ നല്ലൊരു സുഹൃദ്ബന്ധം അതിനോടകം വളർന്നിരുന്നതിനാൽ എപ്പോഴോ തമാശപോലെ എന്റെ കൂട്ടുകാരിയുടെ പ്രണയം ഞാൻ അജിയോട് പറഞ്ഞു. ആദ്യം മറുപടി ഒരു ചിരി ആയിരുന്നെങ്കിലും പിന്നെ അതിന്റെ ബാക്കിയെന്നപോലെ എന്നോട് പറഞ്ഞു “അവളോട് എനിക്ക് അങ്ങനെയൊന്നുമില്ല്ല; വേണമെങ്കിൽ നിന്നെ പ്രേമിയ്ക്കാമെന്ന്”. കയ്യിലിരുന്ന ഫിസിക്സ് ടെക്സ്റ്റ് വെച്ച് പുറത്തൊരടിയും കൊടുത്ത് തിരിഞ്ഞു നടന്നപ്പോൾ വീണ്ടുമവൻ പറഞ്ഞു “പറഞ്ഞത് കാര്യമായിട്ടാണ്” എന്ന്. അവളോടിക്കാര്യമെങ്ങനെ പറയുമെന്ന് ടെൻഷനടിച്ചതിന്റെ ഇടയിൽ അജി പറഞ്ഞത് ഞാൻ മനസ്സിലേയ്ക്കെടുത്തില്ല. അന്നുതന്നെ അവളോട് നയത്തിൽ പറഞ്ഞു മനസ്സിലാക്കി അവൻ തൽക്കാലം പ്രേമിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ കാര്യം.

അടുത്ത ദിവസങ്ങളിൽ തന്നെ അജിയുടെ ചങ്ങാതിക്കൂട്ടത്തിലെതന്നെ മറ്റൊരു സുഹൃത്ത് എന്നോട് തമാശയായി “ഞാൻ നിന്നെ ലൈനടിക്കട്ടെ?” എന്ന് ചോദിച്ചു. ഇതുകേട്ടിരുന്ന അജി കയ്യിലിരുന്ന ചോക്ക് കഷണം വെച്ച് എനിക്കു ചുറ്റും ഒരു വൃത്തം വരച്ച് ഇതിനുള്ളിലേക്ക് ആരും പ്രവേശിക്കേണ്ട; ഇത് അജിയുടെ സ്വന്തം സ്വത്താണെന്ന് പറഞ്ഞു. എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ നടന്ന് പോവുകയും ചെയ്തു. തമാശയാണോ കാര്യമാണോ എന്നറിയാതെ മനസ്സൊന്ന് കുഴങ്ങി. അതിന്റെ ഒരു വല്ലായ്മ അന്നുമുഴുവൻ മനസ്സിലുണ്ടായിരുന്നു. അതിനടുത്ത ദിവസം അജിയെ തനിച്ചു കണ്ടപ്പോൾ തലേന്നു പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒട്ടൊരു ലാഘവത്തോടെ “തനിയ്ക്ക് വേണ്ടെങ്കിൽ വെണ്ടെടോ.... തന്നെ പ്രേമിച്ചൂടെന്നില്ലല്ലോ” എന്ന് തിരിച്ചെന്നോട് ചോദിച്ചു. രണ്ടുദിവസം മിണ്ടാതിരുന്നപ്പോൾ “എന്തിനാടോ പിണക്കം” എന്നു ചോദിച്ച് ക്ലാസ്സിൽ എന്റെ അടുത്ത് വന്നിരുന്നു. പിണക്കമൊന്നുമില്ലെന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും കാരണമെന്താണെന്ന് ചോദിച്ച എന്റെ കൂട്ടുകാരിയോട് അജി വെട്ടിത്തുറന്ന് കാര്യം പറഞ്ഞു. അതുകൊണ്ട് ഒരു ‘ഉപകാര’മുണ്ടായി; എന്താണെന്നല്ലേ? ആ കൂട്ടുകാരി പിന്നെ എന്നോട് മിണ്ടിയിട്ടില്ല ഒന്നാം വർഷക്ലാസ്സ് തീരും വരേയും. അവൾ പ്രണയിച്ചവൻ എന്നെ പ്രണയിച്ചതറിഞ്ഞ് അവളുടെ മനസ്സ് കുറച്ചൊന്ന് വേദനിച്ചുകാണും. പക്ഷെ ഇതൊന്നും ഉൾക്കൊള്ളാനോ അവനെ തിരികെ പ്രണയിക്കാനോ എന്റെ മനസ്സ് ഒരുക്കമല്ലായിരുന്നു. അത് ഞാൻ അവനോട് നേരിട്ട് പറയുകയും ചെയ്തു, ആ സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ.

ഞാനൊക്കെ കോളേജിൽ പോകുന്നതേ ക്ലാസ്സ് കട്ട് ചെയ്യാനായിരുന്നതിനാൽ മിക്കവാറും ക്യാമ്പസ്സിലൊക്കെ അലഞ്ഞു തിരിയുന്ന ടീമിൽ താമസിയാതെ അംഗത്വമെടുത്തു. പാർട്ടിയും സമരവും ബഹളങ്ങളുമായി നടക്കുന്ന അജിയ്ക്കും തിരക്കൊഴിഞ്ഞിട്ട് ക്ലാസ്സിൽ കയറാൻ സമയമുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിലുണ്ടായിരുന്ന് സുഹൃദ്ബന്ധത്തെ മുതലെടുത്ത് അവന്റെ റെക്കോർഡ്കൾ എഴുതിക്കൊടുക്കേണ്ട ചുമതല എന്നിൽ അവൻ അടിച്ചേൽ‌പ്പിച്ചു. പിന്നെ ഒഴിവു സമയങ്ങളിൽ (എപ്പോഴും ഒഴിവുസമയം തന്നെ ) മിക്കവാറും എന്റെ പണി അവന്റെ റെക്കോർഡ് വരയ്ക്കലും എഴുതലും തന്നെ ആണ്. ഒരു എക്സ്പെരിമെന്റെഴുതി കൊടുത്താൽ ഒരു ഡയറി മിൽക്ക് ആയിരുന്നു പ്രതിഫലം. പ്രീഡിഗ്രി സീനിയർ ബാച്ചും ജൂനിയർ ബാച്ചും ഒരു ഗാലറി ക്ലാസ്സ് തന്നെആയിരുന്നു പങ്കിട്ടിരുന്നത്. അതിനാൽതന്നെ ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും ഒന്നിച്ചുതന്നെ ഉണ്ടാകും. ക്ലാസ്സ് ടൈമിൽ ആ പരിസരത്തെങ്ങും കാണാൻ കിട്ടാത്ത എന്നെ പ്പോലെ ഉള്ള VIP ടീമിനെ കാണാൻ കിട്ടുന്നത് അത്തരം അസുലഭ നിമിഷങ്ങളിൽ മാത്രമായിരുന്നു. ആ ക്ലാസ്സിലെ മറ്റു പെൺകുട്ടികളെ കാണാനും അല്പസ്വല്പം പഞ്ചാരയ്ക്കുമൊക്കെയായി ഡിഗ്രിക്ലാസ്സിലെ ചേട്ടന്മാർ അങ്ങോട്ടേയ്ക്ക് വരാറുള്ളത് പലപ്പോഴും അതേ സമയത്താകും. ഈ സമയങ്ങളിൽ പലപ്പോഴും അവർ അജിയേയും എന്നെയും ഒരുമിച്ച് കണ്ടിട്ടുമുണ്ട്. ഒരു ദിവസം അജി ഇല്ലാതിരുന്ന ഒരു ദിവസം കൂട്ടുകാരികളോടൊത്ത് ഭക്ഷണം കഴിക്കുന്ന എന്നോട് “ഇന്നെന്താ തന്റെ കാമുകൻ വന്നില്ലേ?” എന്ന് അതിലെ ഒരു ചേട്ടൻ ചോദിച്ചു. കുറച്ചൊന്ന് ചമ്മിയെങ്കിലും എന്തോ തർക്കുത്തരം പറഞ്ഞ് ഞാൻ ചമ്മലിൽ നിന്ന് രക്ഷപെട്ടു. അടുത്ത ദിവസം അജിയെ കണ്ടപ്പോൾ തമാശയായി ഇക്കാര്യം പറയുകയും ചെയ്തു.

പിന്നെ ഏകദേശം ഒരാഴ്ച കഴിഞ്ഞു കാണണം....പതിവുപോലെ ഞാൻ ക്ലാസ്സ് കട്ട് ചെയ്ത് ‘സെന്റർ സർക്കിളി’ലിരുന്ന് കത്തിയടിയ്ക്കുന്നു. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് നോക്കുമ്പോൾ കുറച്ചു മാറി അജിയും രണ്ടുമൂന്നുപേരും കൂടി പതിവായി ഞങ്ങളുടെ ക്ലാസ്സിൽ വരാറുള്ള എന്നെ കളിയാക്കിയ ഡിഗ്രിച്ചേട്ടന്മാരുടെ ഗ്യാങ്ങിലെ ഒരാളെ അടിയ്ക്കുന്നു. ആദ്യമായി ഒരു അടികാണുന്ന അന്ധാളിപ്പിൽ നിൽക്കുന്ന എന്നെ എവിടെ നിന്നോ ഓടി വന്ന വേറെ ഒരു കൂട്ടുകാരി കൈ പിടിച്ച് തിടുക്കത്തിൽ അവളോടൊപ്പം കൊണ്ടു പോയി. കുറച്ച് മാറി നിന്നിട്ട് എന്നോട് പറഞ്ഞു, എന്നെ കളിയാക്കിയ പ്രശ്നത്തിനാണ് ആ അടിയെന്ന്. എന്തുചെയ്യണമെന്നറിയാതെ കുറെ നേരം ഞാൻ അതേ നിൽ‌പ്പ് നിന്നു. പിന്നെ ആകെ ഭയന്ന് വീട്ടിലേയ്ക്ക് പോവുകയും ചെയ്തു.

അടുത്ത ദിവസം ഞാൻ ചെന്ന് ആ ചേട്ടന്മാരോട് മാപ്പ് പറഞ്ഞു. ഞാനറിയാത്ത പ്രശനമാണെന്നും സംഭവിച്ചത് ഇതൊക്കെയാണെന്നും. പിന്നീട് അവർ പറഞ്ഞാണറിഞ്ഞത്, അജിയെ പാർട്ടി അവിടെ കൊണ്ടുവന്നതാണെന്നും പഠനത്തേക്കാൾ‘പാർട്ടിപ്രവർത്തനമാണ്’ ലക്ഷ്യമെന്നും. അതിനുശേഷം അജിയെന്നോട് സംസാരിക്കാൻ വന്നപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞു മാറി. എനിയ്ക്കങ്ങനെ ഒരിഷ്ടമില്ലെന്നും ഇനി ശല്യപ്പെടുത്തരുതെന്നും എന്റെ പേരിൽ അത്തരമൊരു പ്രശനമുണ്ടാക്കിയത് വളരെ മോശമായിപ്പോയെന്നും പരുക്കൻ‌മട്ടിൽ തന്നെ പറഞ്ഞു. അത്രയ്ക്ക് ആ സുഹൃത്തിനെ ഞാൻ വെറുത്തുപോയിരുന്നു. പകരം ഞാൻ കാരണം അടികിട്ടിയ ചേട്ടന്മാരുമായി ഞാൻ കൂടുതൽ കൂട്ടായി. മോശം കമ്മന്റുകളായും കൂട്ടം കൂടി നിന്നുള്ള ശല്യവുമൊക്കെയായി കുറച്ചുകാലം അജിയെന്നോട് അതിന് പകരം വീട്ടി. എന്റെ ഒന്നാം വർഷം അവസാനിച്ചപ്പോൾ അജിയുടേയും കൂട്ടുകാരുടേയും പ്രീഡിഗ്രികാലം കഴിഞ്ഞു.എങ്കിലും ഇടയ്ക്കൊക്കെ അജിയെ ക്യാമ്പസ്സിൽ കാണാമായിരുന്നു. എന്തെങ്കിലും സംസാരിക്കാനോ ഒന്നു ചിരിയ്ക്കാൻ കൂടിയോ ഞാൻ ശ്രമിച്ചിട്ടില്ല. പിന്നെ ഒരു വർഷം കൂടി അങ്ങനെ കടന്നുപോയി. പ്രീഡിഗ്രി പഠനം പൂർത്തിയാക്കി ഞാനും മഹാരാജാസിനോട് വിടപറഞ്ഞു.

അതിനുശേഷം പിന്നെ ആ കാർഡ് വന്നപ്പോഴാണ് വീണ്ടും ഞാൻ അജിയെക്കുറിച്ച് ഓർക്കുന്നത് തന്നെ. എങ്ങനെ എന്റെ പുതിയ കോളേജിന്റെ അഡ്രസ്സ് കിട്ടിയെന്നൊക്കെ ഒരുപാടാലോചിച്ചുനോക്കിയെങ്കിലും ഒരുത്തരവും കിട്ടിയില്ല. മനസ്സിലെ വെറുപ്പിന്റെ കാഠിന്യം അത്രയൊന്നും കുറയാത്തതുകാരണം ആ കാർഡിന് തിരിച്ച് ഒരു ആശംസാ സന്ദേശമയക്കാനോ കത്തയക്കാനോ ഒന്നും ഞാൻ മെനക്കെട്ടില്ല. പിന്നീട് കാലത്തിന്റെ ഒഴുക്കിൽ ആ കാർഡും എന്റെ കയ്യിൽ നിന്ന് നഷ്ടമായി.

പിന്നെ ജീവിതത്തിന്റെ പലഘട്ടങ്ങൾ കടന്നുപോയി. ‘ഓർക്കുട്ട്’-ൽ സജീവമായിരുന്ന സമയത്ത് പലപ്പോഴും ഞാൻ അജിയ്ക്ക് വേണ്ടി തിരഞ്ഞിട്ടുണ്ട്. മറ്റുപലരേയുംപോലെ ഭാര്യയോടും കുട്ടികളോടുമൊപ്പം സസന്തോഷം ജീവിക്കുന്നുണ്ടാകുമെന്നു കരുതി. പിന്നെവന്നത് എന്നെ സംബന്ധിച്ച് നെറ്റും കൂട്ടുകാരുമൊക്കെ അന്യമായിരുന്ന ജീവിത പ്രതിസന്ധികളുടെ നാളുകൾ. അതൊക്കെ കഴിഞ്ഞ് വീണ്ടും ഓർക്കുട്ട് പ്രൊഫൈലൊക്കെ പൊടിതട്ടിയെടുത്ത് കോളേജിന്റെ പേരുവെച്ച് വെറുതെ പഴയ ചങ്ങാതിമാർക്കായി തിരഞ്ഞു. അന്നും ഞാൻ പതിവുപോലെ അജിയുടെ പേരും വിവരങ്ങളും പലവിധത്തിൽ ഓർക്കുട്ടിൽ സെർച്ച് ചെയ്തുനോക്കിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ അജിയുടെ ഗ്യാങ്ങിലുണ്ടായിരുന്ന ഒരാളുടെ പ്രൊഫൈൽ കിട്ടി. സ്ക്രാപ് ചെയ്ത് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മറുപടി വന്നു. അയാൾ മരണമുഖത്തോളം ചെന്നെത്തിയ ഒരു അപകടം കഴിഞ്ഞ് ഇപ്പോൾ വിശ്രമത്തിലാണെന്ന്. അജിയെക്കുറിച്ച് പലവട്ടം ചാറ്റിലും സ്ക്രാപ്പിലും ചോദിക്കാനാഞ്ഞെങ്കിലും മനസ്സ് വിലക്കി. പിന്നീട് മൊബൈൽ നമ്പർ വാങ്ങി വിളിച്ച് ഇപ്പോഴത്തെ വിശേഷങ്ങളൊക്കെ അന്വേഷിച്ചു. ഒടുവിൽ ആകാംക്ഷ മറച്ചുപിടിച്ച് സാധാരണമട്ടിൽ ഞാൻ അജിയെക്കുറിച്ച് ചോദിച്ചു “ഇപ്പോൾ എവിടെയാണ്, പരസ്പരം കാണാറുണ്ടോ?” എന്ന്.

അയാൾ പറഞ്ഞ മറുപടി വിശ്വസിക്കാൻ ആയതേയില്ല എനിയ്ക്ക്. അജി മരിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു എന്ന്. അതും കൊലപാതകമായിരുന്നു. രാഷ്ടീയത്തിന്റെ ഭാഗമായ ഗ്യാങ് വാറിൽ ആരോ അവനെ വെട്ടി കൊന്നുവത്രേ; വളരെ ക്രൂരമായ രീതിയിൽ. ശരീരത്തിൽ എണ്ണിയാലൊടുങ്ങാത്ത വെട്ടുകളും മുറിവുകളുമായി ഏതോ വഴിയരികിൽ കിടന്ന് ചോരവാർന്നൊരു മരണം.

സമൂഹത്തിൽ നല്ല നിലയും വിലയും ഒരു കുടുംബത്തിൽ തന്നെ ആയിരുന്നു അജി ജനിച്ചതും വളർന്നതുമൊക്കെ. കോളേജ് രാഷ്ട്രീയത്തിൽ വഴി പിഴച്ചുപോയ മകനെ ശാസിച്ചും ശിക്ഷിച്ചും നല്ല വഴിയ്ക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ഒടുവിൽ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. ആ കൂട്ടുകാരൻ പറഞ്ഞത് നേരാണെങ്കിൽ അന്ന് എന്നെ തേടിയെത്തിയ ആ ആശംസാ കാർഡ് അവൻ എല്ലാവരിൽ നിന്നും പുറംതള്ളപ്പെട്ടതിനുശേഷം അയച്ചതായിരിയ്ക്കണം. മനസ്സുതനിച്ചായിപ്പോയ ഏതോ നിമിഷം അവനീ കൂട്ടുകാരിയെ ഓർമ്മ വന്നിരിയ്ക്കാം. അറിയാതെയെങ്കിലും ഞാനും അവനുനേരെ മുഖം‌തിരിച്ചില്ല.

ഇന്ന് നീ മരിച്ചവരുടെ ലോകത്തുണ്ടാകും. അത് മാലാഖമാരുടേയും നന്മയുടേയും സ്നേഹത്തിന്റേയും ലോകമാകുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. തിരികെതരാതെ വെച്ച ഒരു കൃസ്ത്‌മസ്സ് പുതുവർഷ സന്ദേശം എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലെവിടെയോ ആഴ്ന്നിറങ്ങുന്ന വേദനയായി പടരുന്നത് നീ അറിയുന്നുണ്ടാകുമോ.....മലാഖമാരുടെ ലോകത്തേയ്ക്ക് ഞാനാ സന്ദേശം വെൺമേഘങ്ങളുടെ കൈകളിൽ കൊടുത്തുവിടുന്നു. അത് നിന്നിലേയ്ക്കെത്തിയാൽ.... കൂട്ടുകാരാ, നീ എന്നോട് പൊറുക്കുക.... ഒന്നുമാത്രമറിയുക; നിനക്കുതരാൻ പ്രണയമുണ്ടായിരുന്നില്ല എന്റെ മനസ്സിൽ.... ഉണ്ടായിരുന്നത് ഒരു നല്ല ചങ്ങാത്തമായിരുന്നു...അതിന്ന് അതിന്റെ എല്ലാ വിധ നന്മയോടും കൂടി നിനക്കായി; നിന്റെ ആത്മാവിനായി പ്രാർത്ഥനയായി സമർപ്പിക്കുന്നു.

 

Comments (13)
സ്ത്രീപക്ഷം
1 Monday, 21 December 2009 23:11
ആഗ്നേയ
മനസ്സുനോവിക്കുന്ന അനുഭവം ഹൃദ്യമായി മനസ്സുതൊടുന്നവിധത്തിൽ പറഞ്ഞിരിക്കുന്നു ഷാരു :)( still alive?)
streepaksham
2 Tuesday, 22 December 2009 21:17
amal
അന്‍ഷാ
നന്നായി എഴുതിയിരിക്കുന്നു.
അല്‍പ്പം വേദനിക്കുകയും ചെയ്‌തു.

ക്രിസ്‌തുമസ്‌-പുതുവത്സരാശംസകള്‍ നേരുന്നു.
streepaksham
3 Tuesday, 22 December 2009 21:18
amal
അന്‍ഷാ
നന്നായി എഴുതിയിരിക്കുന്നു.
അല്‍പ്പം വേദനിക്കുകയും ചെയ്‌തു.

ക്രിസ്‌തുമസ്‌-പുതുവത്സരാശംസകള്‍ നേരുന്നു.
streepaksham
4 Wednesday, 23 December 2009 18:59
Bijli
Very touching......Ansha..congrats....
Ansha...
5 Thursday, 24 December 2009 21:17
Hashim
Heartbreaking lines...



Never let yesterday's disappointments overshadow Tomorrow's dreams...
leghanam
6 Thursday, 24 December 2009 22:20
NISHANTH
super tintu mole.......
nostalgic
7 Thursday, 24 December 2009 22:39
Anish
ormakalude lokathekku kootikondu poya kootukaraikku orupad nanni...
സ്ത്രീപക്ഷം
8 Thursday, 24 December 2009 23:20
അഗ്രജൻ
touching...
Samsaarikkunna Aasamsaa card
9 Friday, 25 December 2009 01:56
Suhaib
Palappozhum jeevithathil nissaramayi vittu kalayunna chila nimishangall... chila vyaksthikal.... pinnneeed jeevitha vazhithaarayil avarude orma oru nombaramaaay marunnu... theerthum swaabhavikam.... thikachum sathyammmmm
kollam
10 Saturday, 26 December 2009 18:27
ceeyem
kollam...nannayirikkunnu.
jeevthathilekku thirinjunokkipovunnu..
thanks
അഭിനന്ദനങ്ങള്‍
11 Monday, 28 December 2009 08:26
Aneesh Sreekumar
ഈ ഓര്‍മ്മ ക്കുറിപ്പ് ഹൃദ്യമായി.അഭിനന്ദനങ്ങള്‍
vakkukal ella..............
12 Wednesday, 30 December 2009 04:32
jinu
E ansha enna perum ethile vekthikalum FAKE allenkil , preeya changathy marakkuvan kinanju sremikkunna onnine veendum oormippichathinu orayiran nannnnni
anishayude ormakurippu
13 Wednesday, 27 January 2010 20:19
VIJAYAKUMAR.V
samayogithamayulla azhuthu
kooduthal ormikkuvanum athu mattullavarilekku ethikuvanum kazhiyatte. Abhinandanangal

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

       

We have 12 guests online
Banner
Banner