ഓര്‍മ്മ

നിലാവല തീയാല്‍ നിന്നെ വിലോലമായി തലോടിടാം...

ജിബി സദാശിവന്‍

 

മലയാള ചലച്ചിത്രസംഗീത ലോകത്ത്‌ സ്വന്തമായി ഒരു പന്ഥാവ്‌ തെളിയിച്ച ഗാനരചയിതാവാണ്‌ ഗിരീഷ്‌ പുത്തഞ്ചേരി. പല ഗായകരെയും നടന്‍മാരെയും മലയാള മനസുകളില്‍ ചിരപരിചിതരാക്കിയത്‌ ഗിരീഷ്‌ പുത്തഞ്ചേരിയുടെ മാസ്‌മര വിരല്‍തുമ്പില്‍ നിന്നും കൈക്കുടന്ന നിറയെ നല്‍കിയ മനോഹര ഗാനങ്ങളാണ്‌. വയലാര്‍, ഒ.എന്‍.വി, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയ മഹാരഥന്‍മാരുടെ ഗാനങ്ങള്‍ മലയാള കാവ്യഭംഗിയുടെ നനുത്ത ഓര്‍മ്മകള്‍ നമ്മുടെ മനസ്സിന്‌ സമ്മാനിച്ചിട്ടുണ്ട്‌. എന്നാല്‍ തികച്ചും വ്യത്യസ്‌തനായ കവിയായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. കാവ്യാത്മക രചനകളിലൂടെ ഒരുപറ്റം നല്ല സിനിമാഗാനങ്ങളാണ്‌ ഗിരീഷ്‌ നമുക്ക്‌ സമ്മാനിച്ചത്‌. ഈണങ്ങളിലേക്ക്‌ ഇഴുകിച്ചേര്‍ന്ന ഒരു അപൂര്‍വ്വ പ്രതിഭയായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. പഴയകാല ഗാനരചയിതാക്കളുടെ ശ്രവണസുഖമാര്‍ന്ന ഗാനങ്ങള്‍ പോലെ തന്നെ മലയാള മനസ്സുകളെ കീഴടക്കാന്‍ പുത്തഞ്ചേരിക്ക്‌ കഴിഞ്ഞു. ഒരുപാട്‌ നിയോഗങ്ങളുമായി മലയാള ചലച്ചിത്ര ലോകത്തെത്തിയ പുത്തഞ്ചേരിയെ നിയോഗം പൂര്‍ത്തിയാക്കും മുന്‍പ്‌ തന്നെ വിധി തിരികെ വിളിച്ചു. പ്രണയവും വിരഹവും ഭക്തിയും നഷ്‌കളങ്കതയും വിരിയിച്ച്‌ ഈണങ്ങളിലൂടെ നമ്മെ വിസ്‌മയിപ്പിച്ച ഗിരീഷ്‌ അകലെ നീലാകാശങ്ങളിലേക്ക്‌ യാത്രയായപ്പോള്‍ മലയാള ഗാനശാഖയ്‌ക്കുണ്ടായ നഷ്‌ടം കുറിച്ചിടാന്‍ വാക്കുകള്‍ വിരളം.

മനസില്‍ വിരിയുന്നതെന്തും കുറിച്ചിടാനും അത്‌ മനോഹര ഈരടികളാക്കാനും പുത്തഞ്ചേരിക്ക്‌ അസാമാന്യ കഴിവാണുണ്ടായിരുന്നത്‌. മാത്രമല്ല രചനയില്‍ അപൂര്‍വ്വമായ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുവാനും അദ്ദേഹത്തിനു സാധിച്ചിരുന്നു.പ്രകൃതിയോട്‌ സംസാരിക്കുന്ന ഉപാധിയായി ഗാനങ്ങളെ ഉപയോഗിച്ചു എന്നതാണ്‌ ചലച്ചിത്ര ഗാനശാഖയില്‍ അദ്ദേഹത്തെ വേറിട്ട്‌ നിര്‍ത്തുന്നത്‌. ഗ്രാമീണ ഭാഷയുടെ വാമൊഴിച്ചന്തം ഇത്ര മനോഹരമായി വരികളിലേക്കാവാഹിച്ച രചയിതാക്കള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. ഭഗവാന്‌ കളഭവും മനസും നല്‍കിയ സൂര്യകിരീടം വീണുടഞ്ഞപ്പോള്‍ ഒരു രാത്രി മാത്രമല്ല ഒരു ഇതിഹാസമാണ്‌ വിടവാങ്ങിയത്‌.

ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങള്‍ കേള്‍ക്കുമ്പോഴും മലയാളിക്കുണ്ടാകുക. വരികളുടെ മനോഹാരിതയാല്‍ വികാരങ്ങളെ അമൂര്‍ത്തമായി അവതരിപ്പിച്ച്‌ വസന്തോത്സവം തീര്‍ക്കുന്നതായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഓരോ വരികളും. ഭാവനയുടെ സമസ്‌ത മേഖലകളും കീഴടക്കിയ ഗിരീഷ്‌ പ്രകൃതിയുടെ, സ്‌നേഹത്തിന്റെ ,നൈര്‍മല്യത്തിന്റെ രചയിതാവായിരുന്നു. വിപുലമായ പദസമ്പത്തും നാടന്‍പദങ്ങളോടുള്ള അടങ്ങാത്ത പ്രണയവും മലയാളിക്ക്‌ പുതുമനിറഞ്ഞ ഗാനങ്ങളാണ്‌ സമ്മാനിച്ചത്‌.

സംഗീതലോകത്തെ അനന്തസാധ്യതകളെക്കുറിച്ചും തന്റെ സാന്നിധ്യത്തിന്റെ അവശ്യകതയെക്കുറിച്ചും തികഞ്ഞ ബോധവാനായിരുന്നു ഗീരീഷ്‌. മലയാളമനസ്‌ കീഴടക്കിയ ഗാനരചയിതാവായിരുന്നെങ്കിലും സംവിധായകനും കഥാകൃത്തും തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. ഒരു രാത്രികൂടി വിടവാങ്ങവെ, സൂര്യകിരീടം വീണുടഞ്ഞു, ഹരിമുരളീരവം, കൈക്കുടന്ന നിറയെ, പിന്നെയും പിന്നെയും... തുടങ്ങിയ വരികള്‍ മാത്രമല്ല അതിന്റെ ദൃശ്യങ്ങളും മലയാള മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നത്‌ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ദൃശ്യസാധ്യതകള്‍ മൂലമാണ്‌. അത്രത്തോളം ശക്തിയും നാടന്‍ഗന്ധവുമുണ്ടായിരുന്നു ആ വരികള്‍ക്ക്‌. പ്രകൃതിയുടെ ഭാവരചയിതാവ്‌ കൂടിയായിരുന്നു ഗിരീഷെന്ന്‌ ഈ പാട്ടുകള്‍ കേള്‍ക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. 25 വര്‍ഷത്തോളം മലയാളത്തെ അനുഗൃഹീതമാക്കി ഗിരീഷ്‌ വിടവാങ്ങി...

പ്രകൃതിയില്‍, ഗ്രാമീണ നിഷ്‌കളങ്കതയില്‍ സംഗീതം തേടുന്ന അന്വേഷണമായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഗാനജീവിതം. ആഭിജാത്യവും നിഷ്‌കളങ്കതയുടെ നൈര്‍മല്യവുമുള്ള ചലച്ചിത്രഗാനങ്ങളെ ഗ്രാമീണ ജീവിതത്തിന്റെ വിവിധദൃശ്യങ്ങള്‍ സ്വാഭാവികമായി ആവിഷകരിക്കാനുള്ള സാഹചര്യം ഒരുക്കിയ ശേഷമാണ്‌ ഗിരീഷ്‌ വിടപറഞ്ഞത്‌.

 

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 23 guests online