ലോകം

പത്മഭൂഷണ്‍ നിറവില്‍ പി കെ എസ്‌ വാര്യര്‍

സുജിത്‌ നെല്ല്യേരി

 

ആയുര്‍വേദത്തിന്റെയും ആതുരശുശ്രൂഷയുടെയും വഴികളിലൂടെ ധര്‍മവും കര്‍മവും ജീവിതകാണ്ഡമാക്കി മാറ്റിയവരാണ്‌ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല കുടുംബവും അനുബന്ധ സ്ഥാപനങ്ങളും. പത്മഭൂഷണ്‍ ബഹുമതിയിലൂടെ രാഷ്‌ട്രത്തിന്റെ മികച്ച അംഗീകാരത്തിനര്‍ഹമായ; അതിനു കാരണക്കാരനായ സ്ഥാപനത്തിന്റെ തലവന്‍ ഡോ. പി കെ വാര്യരില്‍ ആഹ്ലാദത്തിന്റെ അമിതതിമര്‍പ്പില്ല; പകരം കഠിനതപസിന്‌ ലഭിച്ച വരസിദ്ധിയിലുള്ള സായൂജ്യം മാത്രം.

മഹിതാക്കളായ പൂര്‍വഗാമികള്‍ തുടങ്ങിവെച്ച സ്ഥാപനത്തെ വേരുകള്‍ താഴ്‌ത്തിയും ശാഖകള്‍ വിടര്‍ത്തിയും വിശ്വപ്രസിദ്ധിയോളമെത്തിക്കുന്നതില്‍ പി കെ വാര്യര്‍ നടത്തിയ അക്ഷീണപ്രയത്‌നങ്ങള്‍ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ വളര്‍ച്ചയില്‍ മാത്രം ഒതുങ്ങുന്നില്ല. ആയുര്‍വേദശാസ്‌ത്രശാഖയുടെ വികസനവും സ്വീകാര്യതയും ത്വരിതപ്പെടുത്തുന്നതിലും ഡോ. പി കെ വാര്യരുടെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. വാണിജ്യവല്‍ക്കരിക്കപ്പെട്ട വൈദ്യചിന്തകളിലൂടെ പൗരാണികമായ ചികിത്സാസംസ്‌കാരത്തിന്റെ പവിത്രത കാക്കുന്നതില്‍ ഡോ. പി കെ വാര്യര്‍ പുലര്‍ത്തിയ പ്രതിബദ്ധത ഏറെ വലുതാണ്‌. ആശയറ്റവനെയും അശരണനെയും വൈദ്യശാസ്‌ത്രം ചികിത്സയുടെ വെളിപ്പുറത്തേക്ക്‌ വലിച്ചെറിയുമ്പോള്‍ സാന്ത്വനസ്‌പര്‍ശവും മനുഷ്യത്വവുമുള്ള രീതികളോടെ ചികിത്സയെ ജനകീയവത്‌കരിച്ച ഡോക്‌ടറാണ്‌ പി കെ വാര്യര്‍. രാഷ്‌ട്രത്തിന്റെ 61-ാം റിപ്പബ്ലിക്‌ ദിനത്തില്‍ വന്നണഞ്ഞ ഈ അംഗീകാരം ഒരു വ്യക്തിക്കുള്ളതല്ല; ഒരു പരമ്പരയ്‌ക്കുള്ള ബഹുമതികൂടിയാണ്‌. 

അഞ്ചരപ്പതിറ്റാണ്ടുകാലത്തെ വൈദ്യരംഗത്തെയും സാമൂഹികരംഗത്തെയും സേവനങ്ങളുടെ തിളക്കമുള്ള പി കെ വാര്യരെ 11 വര്‍ഷം മുമ്പ്‌ രാഷ്‌ട്രം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു; ഇപ്പോള്‍ പത്മഭൂഷണും. നവതിയോളം നീളുന്ന തന്റെ ജീവിതകാണ്ഡത്തില്‍ പി കെ വാര്യര്‍ നടന്നുതീര്‍ത്ത ദൂരമത്രയും ആയുര്‍വേദത്തിനുവേണ്ടി മാത്രമായിരുന്നില്ല. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ മഹാശില്‍പി വൈദ്യരത്‌നം പി എസ്‌ വാര്യര്‍ നെറുകയിലര്‍പ്പിച്ച അനുഗ്രഹങ്ങള്‍ തട്ടിത്താഴെയിടാതെ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഉയരങ്ങളായി മാറ്റാനായിരുന്നു പി കെ വാര്യര്‍ ശ്രമിച്ചത്‌. അതിലദ്ദേഹം സമ്പൂര്‍ണമായ വിജയം നേടുകയും ചെയ്‌തു.

രോഗികളോടുള്ള ഉദാരതയ്‌ക്കിടയിലും സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച ആസൂത്രണമികവും സുതാര്യതയുമായിരുന്നു കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയെ വിശ്വപ്രശസ്‌തിയിലും ഡോ. പി കെ വാര്യരെ പത്മഭൂഷണത്തിലും എത്തിച്ചത്‌. ജീവിതത്തിന്റെ വഴിത്താരകളില്‍ വിനയത്തെ വെളിച്ചമായി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ലാളിത്യവും ഹൃദയവിശുദ്ധിയുംകൊണ്ട്‌ ജീവിതം പൂനിലാവാക്കി വളര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. ചികിത്സയും പ്രബന്ധവും പ്രഭാഷണവും സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളുംകൊണ്ട്‌ പി കെ വാര്യര്‍ നവതിയിലും കര്‍മനിരതനാണ്‌.

പത്മശ്രീയും പത്മഭൂഷണുംകൊണ്ട്‌ ആ മഹാശിരസ്‌ അലംകൃതമാണ്‌. ഇതേപോലെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ പിന്നെയും ഡോ. വാര്യരെ തേടിയെത്തിയിട്ടുണ്ട്‌. കോഴിക്കോട്‌ സര്‍വകലാശാലയുടെ ഡി ലിറ്റും മഹാത്മാഗാന്ധി സര്‍വകലാശാലയും ഡല്‍ഹി ജാമിയ്യ ഹംദര്‍ദ്‌ കല്‍പിതസര്‍വകലാശാലയും ഡിഎസ്‌ സിയും നല്‍കി ആദരിച്ചു. കാഠ്‌മണ്ഡു ഭൂപാല്‍ മാന്‍സിംഗ്‌ പുരസ്‌കാരം, ഡോ. മാര്‍ പൗലോസ്‌ ഗ്രിഗോറിയോസ്‌ പുരസ്‌കാരം, മുംബൈ ധന്വന്തരി ഫൗണ്ടേഷന്റെ ധന്വന്തരി പുരസ്‌കാരം, ബൃഹത്രയീ രത്‌ന അവാര്‍ഡ്‌, കേരളസര്‍ക്കാറിന്റെ അഷ്‌ടാംഗരത്‌ന പുരസ്‌കാരം എന്നിവ നേടിയ പി കെ വാര്യര്‍ തന്റെ ആത്മകഥയിലൂടെ സാഹിത്യഅക്കാദമി അവാര്‍ഡിനും അര്‍ഹനായി.
ചികിത്സയെ ജോലിയായി കാണാതെ ജീവിതധര്‍മമായി അര്‍പ്പിക്കുന്ന മഹത്തായ ഒരു പൂര്‍വകാലത്തിന്റെ അപൂര്‍വവും അനുപമവുമായ ഒരു കണ്ണിയാണ്‌ ഡോ. പി കെ വാര്യര്‍. സമൂഹം ആയുര്‍വേദത്തിന്റെ വിശുദ്ധ പാരമ്പര്യത്തിലേക്ക്‌ പതുക്കെ തിരിച്ചുപോകുമ്പോള്‍ ഡോ. പി കെ വാര്യരെപ്പോലുള്ള കുലപതികള്‍ക്ക്‌ ലഭിക്കുന്ന അംഗീകാരം ഋഷിപരമ്പരകളിലൂടെ സ്‌ഫുടം ചെയ്‌ത പൗരാണിക വൈദ്യശാഖയ്‌ക്ക്‌ ലഭിക്കുന്ന ബഹുമതികൂടിയാണ്‌. ഉയരങ്ങളും നേട്ടങ്ങളും ബഹുമതികളുംകൊണ്ട്‌ അലംകൃതമായ സഫലജീവിതമാണ്‌ പി കെ വാര്യരുടേത്‌.

1997ല്‍ അഖിലേന്ത്യാ ആയൂര്‍വേദ സമ്മേളനം `ആയുര്‍വേദ മഹര്‍ഷി' സ്ഥാനം നല്‍കി ഡോ. പി.കെ വാര്യരെ ആദരിച്ചു. 99ല്‍ രാഷ്‌ട്രപതിയില്‍ നിന്ന്‌ `പത്മശ്രീ' പുരസ്‌കാരം ലഭിച്ചു. 2000ല്‍ തമിഴ്‌നാട്‌ ഗവര്‍ണറില്‍ നിന്നും പ്രതിഭാപുരസ്‌കാരം വാങ്ങി. വിജയവാഡ ആയൂര്‍വേദ അക്കാദമി മില്ലേനിയം ഗോള്‍ഡ്‌ മെഡല്‍ നല്‍കി ആദരിച്ചു. 2001ല്‍ ധന്വന്തരി ഫൗണ്ടേഷന്റെ ധന്വന്തരി അവാര്‍ഡ്‌ ലഭിച്ചു. 2003ല്‍ നാഷണല്‍ അസേസിയേഷന്‍ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ സേവനരത്‌നം അവാര്‍ഡ്‌ സമ്മാനിച്ചു. ആയുര്‍വേദ ഔഷധ നിര്‍മാതാക്കളുടെ സംഘടനയുടെ പതഞ്‌ജലി പുരസ്‌കാരവും ഡോ. വാര്യര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. പാദമുദ്രകള്‍ എന്ന ഡോക്‌ടറുടെ കൃതിക്ക്‌ ഡോ. സി.പി മേനോന്‍ സ്‌മാരക പുരസ്‌കാരവും ലഭിച്ചു. അഖിലേന്ത്യാ ആയൂര്‍വേദ കോണ്‍ഗ്രസ്‌, കേരള ആയുര്‍വേദ മണ്ഡലം തുടങ്ങിയവയുടെ അധ്യക്ഷപദവിയും ഡോ. വാര്യര്‍ അലങ്കരിച്ചുപോരുന്നു.
ലോകത്തിന്‌ ഭാരതം നല്‍കിയ അര്‍ത്ഥപൂര്‍ണമായ ചികിത്സാവിധിയാണ്‌ ആയുര്‍വേദം. പ്രകൃതിജന്യയായ ജീവജാലങ്ങളില്‍പ്പെടുന്ന മനുഷ്യവര്‍ഗത്തിന്റെ രോഗശാന്തിക്കും ആയുരാരോഗ്യ പരിപാലനത്തിനും ഉപാധികളോതുന്നതാണ്‌ ആയുര്‍വേദം. പ്രാചീന ഭാരതത്തിന്റെ പ്രൗഢസംസ്‌കാരം നിത്യനൂതനവും ചിരന്തനത്വമാര്‍ന്നതുമാണ്‌. പൗരാണികരായ ഋഷീശ്വരന്‍മാര്‍ ജ്ഞാനതപസ്സിലൂടെ സ്വായത്തമാക്കിയ അറിവുകളെ പകര്‍ന്നുതന്നതാണ്‌ ആയുര്‍വേദത്തിന്റെ പിറവി.

ആയൂര്‍വേദത്തിന്‌ തനതായ സംസ്‌കാരമുണ്ട്‌. ഇതര വൈദ്യശാസ്‌ത്ര വിഭാഗങ്ങള്‍ ഒരു രോഗത്തിനെതിരെ പ്രതിപ്രവര്‍ത്തനശേഷിയുള്ള അണുക്കളെക്കൊണ്ട്‌ രോഗശാന്തി തരുമ്പോള്‍ ആയുര്‍വേദം രോഗകാരണമായ അണുക്കളെ ഉന്മൂലനം ചെയ്‌ത്‌ ആരോഗ്യം പുനഃസ്ഥാപിക്കുന്നു. ഇത്‌ പ്രകൃതിയുടെ തന്നെ കാഴ്‌ചപ്പാടുകളില്‍ നിന്നുകൊണ്ടുള്ള ചികിത്സാരീതിയാണ്‌. ഇവിടെ രോഗശാന്തിയെന്നത്‌ ആരോഗ്യത്തിന്റെ എക്കാലത്തേക്കുമുള്ള അവസാനം തന്നെയാകുന്നു.

ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ പലവിധ ചികിത്സാശാഖകള്‍ നമുക്കിടയിലുണ്ട്‌ ഇവയില്‍ അതിപുരാതനവും പൗരാണിക പ്രഭയുള്ളതും ആയൂര്‍വേദത്തിന്‌ തന്നെയാണ്‌. തീവ്രപരിചരണത്തിന്റെയും അതിവേഗ രോഗശാന്തിയുടെയും ശസ്‌ത്രക്രിയയുടെയുമൊക്കെ പുതുമകളോടെ അലോപ്പതി ചികിത്സാരീതി ആധുനിക സമൂഹത്തെ ആകര്‍ഷിച്ചപ്പോള്‍ അതിന്റെ അതിദ്രുത പ്രയാണത്തില്‍ ആയൂര്‍വേദത്തിന്‌ മങ്ങല്‍ ഏല്‍ക്കാതിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ശാശ്വത രോഗശാന്തിയുടെയും പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയുടെയും തനിമയിലൂടെ ആയുര്‍വേദം ലോകത്തിന്റെ തന്നെ കാഴ്‌ചപ്പാടുകളിലേക്ക്‌ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഇവിടെയാണ്‌ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെയും അതിന്റെ സാരഥികളുടെയും പ്രസക്തിയേറുന്നത്‌. ഫലവത്തായ ആയൂര്‍വേദ ചികിത്സ, ഗുണസമ്പൂര്‍ണമായ ആയുര്‍വേദ ഔഷധനിര്‍മാണം, കാലത്തെ അതിജീവിക്കാന്‍ തക്ക വിധമുള്ള ആയുര്‍വേദ ഗവേഷണങ്ങള്‍, നാശോന്മുഖമാകുന്ന ആയുര്‍വേദ ഔഷധങ്ങളുടെ സംരക്ഷണവും വ്യാപനവും. സര്‍വ്വോപരി സാമാന്യജനത്തിനും പാവപ്പെട്ടവര്‍ക്കും താങ്ങാനാവുന്ന ചെലവില്‍ ചികിത്സ ഉറപ്പാക്കല്‍ ഈവിധ മഹത്തരമായതും മാതൃകാപരമായതുമായ പ്രവര്‍ത്തനങ്ങളിലാണ്‌ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. ഈ മാതൃകാസ്ഥാപനത്തിന്റെ ചുക്കാന്‍ കയ്യിലേന്തിയ ഡോ. പി.കെ വാര്യരെത്തേടി രണ്ടാമത്തെ പത്മപുരസ്‌കാരം എത്തുമ്പോള്‍ ആരോഗ്യകേരളം ആഹ്‌ളാദസൗഖ്യത്തിന്റെ അമരത്തെത്തുന്നു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 21 guests online