ലോകം
 

കല്ലായിപുഴയുടെ തീരങ്ങള്‍ക്ക്‌ ഹരിതവര്‍ണമേകി വില്‍സനും സംഘവും

സനൂപ്‌.കെ.വിയറ്റ്‌നാം


 `പന്നിയങ്കരയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഒരു കേന്ദ്രവും ഇനിയുണ്ടാകരുത്‌' കോഴിക്കോട്‌ നഗരസഭ ആരോഗ്യസ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കാനങ്ങോട്ട്‌ ഹരിദാസന്റെ ആ വാക്കുകളാണ്‌ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ സി.കെ.വില്‍സന്‌ പന്നിയങ്കരയെ സുഗന്ധവും ഭക്ഷ്യവസ്‌തുക്കള്‍ വിളയുന്ന കേദാരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജം പകര്‍ന്നത്‌.

കോഴിക്കോട്‌ പന്നിയങ്കരയിലെ ഇരുപത്തിയാറാംവാര്‍ഡില്‍ ഇപ്പോള്‍ മാലിന്യങ്ങള്‍ തള്ളുന്ന കേന്ദ്രങ്ങളൊന്നുംതന്നേയില്ല.പണ്ടു മാലിന്യങ്ങള്‍ തള്ളിയിരുന്ന കേന്ദ്രങ്ങളെല്ലാം തന്നേ ഇന്ന്‌ പച്ചക്കറികള്‍ വിളയുന്ന കേന്ദ്രമായിരിയ്‌ക്കുന്നു.പലയിടത്തും സുഗന്ധം പരത്തുന്ന പൂക്കള്‍ നാട്ടുകാരേ നോക്കി പുഞ്ചിരിയ്‌ക്കുന്നു. നാട്ടുകാരുടേയും നഗരസഭയിലെ ആരോഗ്യവകുപ്പിന്റേയും പിന്തുണയോടെ പന്നിയങ്കര സര്‍ക്കിളിലെ 26 ാംവാര്‍ഡിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ സി.കെ.വില്‍സന്‍ നടത്തിയ ധീരമായ ഇടപെടലുകളാണ്‌ ഈ സൗന്ദര്യവീണ്ടെടുപ്പിനും കാര്‍ഷിക ഉണര്‍വിനും കാരണമായത്‌.

കല്ലായിപുഴയുടെ അരികത്തുള്ള മാലിന്യങ്ങള്‍ തള്ളി ചീഞ്ഞുനാറുന്ന പന്നിയങ്കര ഗ്രാമത്തിന്‌ അതൊരു പുത്തനുണര്‍വായിരുന്നു.കോഴി മാലന്യങ്ങള്‍,ബാഗ്‌ കമ്പനികളിലെ മാലിന്യങ്ങള്‍,വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ എന്നിവയെല്ലാം തന്നെ തളളുന്ന ഒരു പ്രധാനകേന്ദ്രമായിരുന്നു കോഴിക്കോടിന്റെ സൗന്ദര്യം വിളിച്ചറിയിയ്‌ക്കുന്ന പന്നിയങ്കര ഗ്രാമം. നഗരസഭയും ആരോഗ്യവകുപ്പും നല്‍കിയ വിലക്കുകള്‍ക്ക്‌ പുല്ലുവില കല്‍പ്പിച്ച മാലിന്യനിക്ഷേപകര്‍ അക്ഷരാര്‍ത്ഥത്തില്‍ പന്നിയങ്കരയെ മാലിന്യങ്ങളുടെ ശവപ്പറമ്പാക്കുകയായിരുന്നു. രാപ്പകലില്ലാതെ മൂക്കുപൊത്തി വിഷനായ്‌ക്കളുടെ കടിയും ഭയന്ന്‌ പന്നിയങ്കരയിലെ നാട്ടുകാര്‍ ദിനങ്ങളെണ്ണി കഴിയുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ പന്നിയങ്കരയിലെ 26 ാംവാര്‍ഡ്‌ സര്‍ക്കിളിലുള്ള ആരോഗ്യവകുപ്പ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറായി വില്‍സന്‍ ചുമതലയേല്‍ക്കുന്നത്‌.ജനങ്ങളുടെ ഉറക്കം കെടുത്തുന്ന തെരുവുനായ്‌ക്കളുടേയും മാലിന്യ നിക്ഷേപകരുടേയും ചെയ്‌തികള്‍ക്ക്‌ അതോടെ വിലക്കുവീഴുകയായിരുന്നു.മാലിന്യങ്ങളുടെ ഇടയില്‍നിന്നും കിട്ടുന്ന തുണ്ടുകളും മറ്റും പെറുക്കിയെടുത്ത്‌ അവ തള്ളയവരെ കണ്ടെത്തി അവര്‍ക്ക്‌ കനത്തശിക്ഷ നല്‍കാന്‍ വില്‍സന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ്‌ സംഘം രംഗത്തെത്തിയതോടെ കാര്യങ്ങളുടെ ഗതിമാറി.നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന മാലിന്യനിക്ഷേപകര്‍ക്ക്‌ ഇതോടെ ഉറക്കം നഷ്‌ടമായി.മാത്രമല്ലാ മാലിന്യനിക്ഷേപകേന്ദ്രമായിരുന്ന സ്‌ഥലങ്ങള്‍ അതോടെ പുഷ്‌പങ്ങള്‍ ഇതള്‍ വിരിയുന്ന,വെണ്ടയും ചീരയും വിളയുന്ന സുഗന്ധഭൂമിയായി.

നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൂര്‍ണപിന്തുണയാണ്‌ എല്ലാവിഭാഗം ആളുകളില്‍ നിന്നും ലഭിച്ചത്‌.അനാവശ്യമായി റോഡരികിലും വര്‍ക്ക്‌ഷോപ്പുകളിലും കിടന്നിരുന്ന ടയറുകള്‍ക്ക്‌ അതോടെ ഉപയോഗമായി.ടയറുകളില്‍ മണ്ണുനിറച്ച്‌ വെണ്ടയും,ചീരയും മറ്റു ഫലവര്‍ഗങ്ങളും കൃഷിചെയ്‌തതോടെ മാലന്യങ്ങളുടെ വിളനിലമായിരുന്ന സ്‌ഥലങ്ങള്‍ സുഗന്ധഭൂമിയായി.കല്ലായി പുഴയുടെ തീരങ്ങളെ തഴുകി നില്‍ക്കുന്ന പന്നിയങ്കര ഗ്രാമത്തിന്‌ അതോടെ പുത്തനുണര്‍വായി.കല്ലായിയിലെ പഴയ ലക്ഷ്‌മി തീയേറ്ററിനു സമീപത്തെ മാലിന്യനിക്ഷേപകേന്ദ്രം,തട്ടാര ജംഗ്‌ഷനു സമീപത്തെ മാലിന്യനിക്ഷേപം,മാതാരി ശ്‌മശാനത്തിനു സമീപമുള്ള മാലിന്യനിക്ഷേപകേന്ദ്രം,മീഞ്ചന്ത ഫയറസ്‌റ്റേഷനു സമീപമുള്ള മാലിന്യ നിക്ഷേപകേന്ദ്രം അങ്ങനെ നിരവധി പ്രദേശങ്ങള്‍ ഇപ്പോള്‍ മാലിന്യങ്ങളില്ലാത്ത പൂന്തോപ്പുകളും,പച്ചക്കറി വിളയുന്ന സുഗന്ധ ഭൂമികയുമായിരിയ്‌ക്കയാണ്‌. വില്‍സന്റെ നേതൃത്വത്തില്‍ ഏകദേശം ഈ വര്‍ഷംമാത്രം ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളിയതിന്‌ 27 കേസുകള്‍ റജിസ്‌റ്റര്‍ ചെയ്യുകയും അവരില്‍ നിന്ന്‌ പിഴ ഈടാക്കുകയും ചെയ്‌തിട്ടുണ്ട്‌.

മാലിന്യങ്ങളുടെ ശവപ്പറമ്പായി കിടന്നിരുന്ന,കൊതുകുകളുടെ വിഹാരകേന്ദ്രമായി കിടന്നിരുന്ന,തെരുവുനായ്‌്‌ക്കളുടെ മാലിന്യ പരതലുകള്‍ക്കും,ആക്രമണങ്ങള്‍ക്കും ഇരയായിരുന്ന പന്നിയങ്കരയിലെ ഗ്രാമവാസികള്‍ക്ക്‌ അതോടെ പുനര്‍ജന്മമാണ്‌ പകര്‍ന്നുകിട്ടിയത്‌. ജീവിതത്തിലെ നിരവധി ക്ലേശങ്ങളെ മറികടന്ന്‌ 2002 ല്‍ വടകരയില്‍ പി.എസ്‌.സി.വഴി ഒരു നിയോഗം പോലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറായി ജോലി നേടിയ വില്‍സന്‍ ജന്മനാല്‍തന്നേ ഒരു കര്‍ഷകമനസ്സിന്‌ ഉടമയായിരുന്നു.മണ്ണിനോടുമല്ലിട്ട്‌ പൊന്നുവിളയിയ്‌ക്കുന്ന കര്‍ഷകഗ്രാമമായ വടകരയില്‍ ചെറിയകുളത്തെ ബാലന്റെ മകനായാണ്‌ വില്‍സന്‍ ജനിച്ചത്‌.ആംഗലേയ സാഹിത്യത്തില്‍ ബിരുദത്തിന്‌ പഠിച്ചുകൊണ്ടിരിയ്‌ക്കുന്ന സന്ദര്‍ഭത്തില്‍ ലഭിച്ച ആരോഗ്യവകുപ്പിലെ ജോലി കര്‍ഷകന്റെ മനസ്സറിയുന്ന വില്‍സന്‌ ഊര്‍ജം പകരുന്നതായിരുന്നു.2007 ല്‍ പന്നിയങ്കരയില്‍ നഗരസഭയുടെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ അധികാരമുള്ള ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറായി സ്‌ഥലംമാറ്റം ലഭിച്ചപ്പോള്‍ പിന്നെ വില്‍സന്‌ മാലിന്യങ്ങള്‍ തള്ളുന്നവരേ നിയമത്തിനുമുമ്പില്‍ എത്തിയ്‌ക്കാന്‍ പ്രയാസമുണ്ടായില്ല.
പകര്‍ച്ചവ്യാധികള്‍ ഇല്ലാത്ത സുഗന്ധവും കാര്‍ഷികസമൃദ്ധിയും നിലനില്‍ക്കുന്ന ഒരു ഗ്രാമമാക്കി പന്നിയങ്കരയെ മാറ്റുക എന്നതാണ്‌ തന്റെ ലക്ഷ്യമെന്ന്‌ വില്‍സന്‍ `മംഗള'ത്തോട്‌ പറഞ്ഞു.മാലിന്യ നിക്ഷേപങ്ങള്‍ക്കെതിരേയും ജൈവ പച്ചക്കറി കൃഷിയുടെ ഗുണങ്ങളെക്കുറിച്ചും പന്നിയങ്കരയിലേയും,കോഴിക്കോട്ടേയും,സ്‌കൂളുകളില്‍ ക്ലാസ്‌ എടുക്കാനും വില്‍സന്‌ നിരവധി ക്ഷണങ്ങള്‍ ഇപ്പോള്‍തന്നേ ലഭിച്ചുകഴിഞ്ഞു.32 കാരന്‍ 14 കാരന്റെ ചുറുചുറുക്കോടെ ഓടിനടന്ന്‌ ഗ്രാമത്തിന്റെ സ്വപ്‌നവും,സംസ്‌കാരവും,വീണ്ടെടുക്കുന്നത്‌ നാട്ടുകാര്‍ വളരേ ആകാംഷയോടെയും ആഹ്‌ളാദത്തോടെയും നോക്കിനില്‍ക്കുകയാണ്‌.

 

Comments (1)
nothing
1 Monday, 15 February 2010 23:24
shaneer
not bad but not good

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 23 guests online