ലോകം
 

അധിനിവേശത്തിന്റെ കഥപറയുന്ന സിന്‍ജിയാംഗ്‌  

അജയ്‌ ശ്രീശാന്ത്‌

 

 രണ്ടു നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌; കൃത്യമായി പറഞ്ഞാല്‍ എ.ഡി 1760 ലാണ്‌ മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളുടെ ഭാഗമായിരുന്ന `കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍' ചൈന അധിനിവേശം നടത്തുന്നത്‌. മാന്‍ചൂ വംശജരുടെ ക്വിങ്‌ സാമ്രാജ്യം തുര്‍ക്കിസ്ഥാന്‍ പ്രദേശത്തെ ചൈനയുടെ സാമന്തപ്രദേശമായി പ്രഖ്യാപിക്കുകയും `സിന്‍ജിയാങ്ങ്‌' എന്ന്‌ നാമകരണം ചെയ്യുകയും ചെയ്‌തു. `പുതിയ അതിര്‍ത്തി' അഥവാ `പുത്രികാരാജ്യം' എന്നതായിരുന്നു ആ പദത്തിനര്‍ത്ഥം. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, റഷ്യ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന- സില്‍ക്ക്‌പാതയിലെ പ്രധാനവാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്ന സിന്‍ജിയാങ്ങില്‍ അധികാരം അടിച്ചേല്‍പ്പിക്കേണ്ടത്‌ ചൈനയുടെ ആവശ്യമായിരുന്നു.

സിന്‍ജിയാങ്ങിലേക്കുള്ള ഹാന്‍ചൈനീസ്‌ വംശജരുടെ കുടിയേറ്റത്തെ പ്രോത്സാഹിക്കാന്‍ അവര്‍ക്ക്‌ സൗജന്യഭൂമിയും, ധനസഹായവും ക്വിങ്‌ രാജവംശം സമ്മാനിച്ചിരുന്നു. കാലവും ചൈനയുടെ ഭരണരീതിയുമെല്ലാം മാറിയിട്ടും സിന്‍ജിയാങ്ങിനോടുള്ള ചൈനയുടെ സമീപനത്തില്‍ മാത്രം മാറ്റമില്ലാതെ തുടര്‍ന്നു. മധേഷ്യന്‍-തുര്‍ക്കി പാരമ്പര്യമുള്ള ഉയിഗര്‍ മുസ്ലീങ്ങളുടെ മാതൃരാജ്യത്ത്‌ 1949 ലെ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തിന്റെ ആവിര്‍ഭാവത്തിന്‌ ശേഷവും അധിനിവേശം തുടരാന്‍ ചൈനയ്‌ക്ക്‌ യാതൊരു മടിയുമുണ്ടായിരുന്നില്ല. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയില്‍ കയ്യേറ്റം നടത്തിയ കപടകമ്മ്യൂണിസ്റ്റ്‌ രാജ്യത്തെ ഉയിഗറുകള്‍ അവജ്ഞയോടെയാണ്‌ നോക്കിക്കണ്ടത്‌.
സിന്‍ജിയാങ്ങ്‌ ഉള്‍പ്പെടെയുള്ള ഉയിഗര്‍ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത്‌ സ്വതന്ത്ര ഉയിഗര്‍സ്ഥാന്‍ സ്ഥാപിക്കണമെന്ന ആഗ്രഹത്തിന്‌ തീവ്രത കുറഞ്ഞപ്പോള്‍ മറ്റൊരു ടിബറ്റ്‌ കൂടി സൃഷ്‌ടിച്ചെടുക്കാനുള്ള അവസരം ചൈനയെ തേടിവരികയായിരുന്നു. ദേശീയോദ്‌ഗ്രഥനത്തിന്റെ പേര്‌ പറഞ്ഞ്‌ പ്രബലരായ ഹാന്‍ വംശജരെ സിന്‍ജിയാങ്ങില്‍ കുടിയിരുത്തിയാണ്‌ ചൈന അധിനിവേശത്തിന്റെ മാറ്റ്‌കൂട്ടിയത്‌. 1949 ല്‍ വെറും ആറുശതമാനം മാത്രമുണ്ടായിരുന്ന ഹാന്‍വംശജര്‍ തുടര്‍ന്ന്‌ സിന്‍ജിയാംഗിലെ മൊത്തം ജനസംഖ്യയുടെ 40 ശതമാനം ആയി വര്‍ധിക്കുകയായിരുന്നു.

വന്‍തോതില്‍ ഉല്‌പാദന വ്യവസായത്തിനുള്ള സാഹചര്യം സൃഷ്‌ടിക്കുന്ന `ബിന്‍ഗ്‌ത്വാന്‍' പദ്ധതി നടപ്പിലാക്കി അതിഭീമമായ ലാഭം തന്നെ കൊയ്‌തിട്ടും തദ്ദേശവാസികളായ ഉയിഗറുകള്‍ക്ക്‌ തൊഴില്‍ നല്‍കാതെ പതിമൂന്ന്‌ ലക്ഷം ഹാന്‍വംശജര്‍ക്ക്‌ ജോലി ഉറപ്പാക്കുകയാണ്‌ ചൈനീസ്‌ ഭരണകൂടം ചെയ്‌തത്‌. തങ്ങളുടെ പ്രവിശ്യയുടെ പ്രകൃതിസമ്പത്തും വിഭവശേഷിയും ചൂഷണം ചെയ്‌തിട്ടും വിവേചനം പ്രകടിപ്പിക്കുന്ന ചൈനയുടെ നിര്‍ലജ്ജ നടപടിയ്‌ക്കെതിരെ ഉയിഗറുകള്‍ പ്രതിഷേധം ശക്തമാക്കിയതിന്റെ പ്രതിഫലനമായിരുന്നു ജൂലൈ അഞ്ചിന്‌ രാജ്യത്ത്‌ നടന്ന വംശീയ നരഹത്യ.

രാജ്യത്തിന്റെ തെക്കുകിഴക്ക്‌ ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഗുവാങ്‌സോങ്ങിലെ കളിക്കോപ്പ്‌ നിര്‍മ്മാണശാലയിലുണ്ടായ സംഘട്ടനമാണ്‌ ചൈനയെ നടുക്കിയ വര്‍ഗീയ കലാപത്തിന്‌ വഴിമരുന്നിട്ടത്‌. ഗൂവാങ്‌സോങ്ങില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ട്‌ ഉയിഗര്‍ വംശജരായ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. തൊഴിലാളികളുടെ മരണത്തിലുള്ള പ്രതിഷേധം അറിയിക്കാന്‍ ജൂലൈ 5 ന്‌ സിന്‍ജിയാങ്ങ്‌ പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംഖിയിലെ നിരത്തിലിറങ്ങിയ ഉയിഗര്‍ മുസ്ലീങ്ങള്‍ കണ്ണില്‍കണ്ട ഹാന്‍വംശജരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയുണ്ടായി. ഉംറുഖിയിലെ പ്രധാനനിരത്തില്‍ ഷൂ പോളിഷ്‌ നടത്തിജീവിച്ചിരുന്ന ഉയിഗര്‍ബാലനെ വധിച്ചുകൊണ്ട്‌ ഹാന്‍വംശജരും തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ വര്‍ഗ്ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 197 ആയി വര്‍ധിച്ചു. ആയിരത്തി അറുനൂറോളം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയുണ്ടായി. കലാപം രക്തകലുഷിതമായപ്പോള്‍ ഇറ്റലിയിലെ ലാ ക്വിലയില്‍ ജി എട്ട്‌ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്ന ചൈനീസ്‌ പ്രസിഡന്റ്‌ ഹുജിന്താവോയ്‌ക്ക്‌ നാട്ടിലേക്ക്‌ പെട്ടെന്ന്‌ മടങ്ങേണ്ടിവന്നു. ഉയിഗര്‍-ഹാന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‌ അയവു വരാത്തതിനാല്‍ സിന്‍ജിയാങ്ങിലെ നിരത്തുകളില്‍ ജനങ്ങളേക്കാളുമധികം പട്ടാളക്കാരെ അണിനിരത്തേണ്ട ഗതികേടും ചൈനയ്‌ക്കുണ്ടായി.

ഉയിഗറുകളുടെ സ്വാതന്ത്ര്യമോഹത്തിന്‌ ഊര്‍ജ്ജം പകര്‍ന്ന `റാബിയ കദീര്‍' എന്ന വനിതയെ രാജ്യരഹസ്യം ചോര്‍ത്തിയെന്നപേരില്‍ തടവിലാക്കിയ ശേഷം ചൈന നാടുകടത്തിയിരുന്നു. ഇസ്ലാമിക റിപ്പബ്ലിക്കിന്‌ വേണ്ടി സായുധപോരാട്ടം നടത്തുന്നവരോടൊപ്പം ചേര്‍ന്ന്‌, താലിബാന്റെയും അല്‍ ഖൈ്വദയുടെയും സഹായത്തോടെ സിന്‍ജിയാങ്ങില്‍ അസ്വാരസ്യങ്ങള്‍ സൃഷ്‌ടിക്കുന്നത്‌ റാബിയയാണെന്ന്‌ ആരോപിച്ച്‌ പ്രശ്‌നത്തില്‍ നിന്ന്‌ തലയൂരാനുള്ള ചൈനീസ്‌ തന്ത്രത്തെ ലോകം പുച്ഛിച്ചുതള്ളുന്നു.
ചൈനീസ്‌ റിപ്പബ്ലിക്കിന്റെ ആവിര്‍ഭാവത്തിന്‌ ശേഷമുള്ള സിന്‍ജിയാങ്ങിലെ കോളനിവത്‌കരണത്തിന്‌ നേതൃത്വം നല്‍കിയത്‌ സാക്ഷാല്‍ മാവോ സേ തുങ്ങാണെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഉയിഗര്‍ മുസ്ലീങ്ങള്‍ക്ക്‌ ജോലി നല്‍കാതെയും, പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നിഷേധിച്ചും ഒരു വിഭാഗം ജനതയെ തന്നെ അടിച്ചമര്‍ത്തിയ ചൈനീസ്‌ ഭരണകൂടം 2008 ല്‍ മാത്രം സിന്‍ജിയാങ്ങില്‍ നിന്ന്‌ ഊറ്റിയെടുത്തത്‌ അറുപത്‌ ബില്യണ്‍ യു.എസ്‌ ഡോളറായിരുന്നു. ചൈനയുടെ ആറിലൊന്ന്‌ വിസ്‌തൃതിയുള്ള-വന്‍പ്രകൃതിവാതക നിക്ഷേപമുള്ള - ആണവപരീക്ഷണങ്ങളുടെ സ്ഥിരം വേദിയായ സിന്‍ജിയാങ്ങ്‌ സ്വതന്ത്രരാജ്യമായി മാറിയാല്‍ ചൈനയുടെ അവസ്ഥ പരുങ്ങലിലാകും.
ചൈനയെന്ന അധിനിവേശക്കഴുകന്റെ കാലുകള്‍ക്കിടയില്‍കിടന്ന്‌ പിടയാന്‍ ടിബറ്റിനെപ്പോലെതന്നെ വിധിക്കപ്പെട്ട ഉയിഗറുകളുടെ മാതൃരാഷ്‌ട്രത്തിനും നീതിനിഷേധത്തിന്റെ കഥയാണ്‌ പറയുവാനുള്ളത്‌. അടിച്ചമര്‍ത്തപ്പെടലിന്റെ പാരമ്യത്തില്‍ ഉയിഗറുകളുടെ പ്രതിഷേധം വര്‍ഗ്ഗീയകലാപത്തിന്‌ തിരികൊളുത്തിയപ്പോള്‍ ചൈനയുടെ നേറികേട്‌ ലോകത്തിന്‌ മുന്നില്‍ ഒരിക്കല്‍കൂടി വ്യക്തമായി.

പിറന്ന നാടിന്‌ വേണ്ടിയുള്ള ഉയിഗര്‍ മുസ്ലീങ്ങളുടെ പോരാട്ടം വംശഹത്യയ്‌ക്കുമപ്പുറം കടന്ന്‌ സ്വതന്ത്രരാജ്യത്തിനായുള്ള സായുധകലാപത്തിന്‌ വഴിതെളിച്ചേക്കാമെന്ന തിരിച്ചറിവില്‍ ചൈന ഇന്ന്‌ വിയര്‍ക്കുകയാണ്‌. നവലിബറലിസത്തിന്റെ പേരില്‍ നവമുതലാളിത്തം തന്നെ നടപ്പാക്കുന്ന-കമ്മ്യൂണിസ്റ്റ്‌ ആശയത്തെ എന്നേ പടിയടച്ച്‌ പിണ്‌ഢം വച്ച അധിനിവേശരാഷ്‌ട്രത്തിന്‌ തങ്ങളുടെ ഭീതിപടര്‍ന്ന മുഖം ലോകജനതയ്‌ക്ക്‌ മുന്നില്‍ നിന്ന്‌ മറയ്‌ക്കാന്‍ സാധിക്കുന്നില്ല.

 

 

 

 

 

Comments (3)
കമ്മ്യൂണിസം വേ
1 Sunday, 13 September 2009 19:16
uma devi
കമ്മ്യൂണിസം വേണോ..മുതലാളിത്തം വേണോ..സംശയം ഇല്ല..മുതലാളിത്തം മതി..
റഷ്യയുടെ ശിധിലീകരണം..
അതിനു ശേഷം..ചെച്കൊസ്ലാവകിയയിലും..
അഫ്ഗാനിസ്ഥാനിലും..
ഇപ്പോള്‍ റഷ്യ യില്‍ തന്നെയും നടക്കുന്ന
വംശീയ ഹത്യകളും..
നര നായാട്ടുകളും..
മനുഷ്യാവകാശ ലംഖനങളും കൂടി
കാണാന്‍ മറകേണ്ട..
മുസ്ലിം തീവ്രവാദം തന്റെ കരുത്തുറ്റ കരങ്ങള്‍ കൊണ്ട് ,
നവ liberalisam..അതിന്റെ കഴുത്തില്‍ കോടാലി വച്ച് നില്‍ക്കുന്നതും മറകേണ്ട..
സമാധാനത്തോടെ ജീവിച്ചു പോകുന്ന ഒരു ചൈനീസ് പ്രവിശ്യയില്‍..
മുസ്ലിം തീവ്ര വാദികള്‍ ആക്രമം കുത്തി പൊക്കി സാധാരണക്കാരനെ കൊല്ല കൊല ചെയ്യുമ്പോള്‍
അതിനു..ആദര്‍ശത്തിന്റെ ഭംഗിയുള്ള മുഖം നല്‍കാന്‍ ഉള്ള ശ്രേമം..
കഷ്ട്ടം തന്നെ
അഭിപ്രായത്തിന
2 Monday, 14 September 2009 02:59
Ajay Sreesanth
അഭിപ്രായത്തിന്‌ നന്ദി.....ഉമാദേവി..
പക്ഷെ ഞാനൊരിക്കലും മനസ്സുകൊണ്ട്‌ മുസ്ലീം തീവ്രവാദത്തെ
അനുകൂലിക്കുന്നില്ല.. സിന്‍ജിയാംഗിലെ കലാപത്തിന്റെ പേരില്‍
ചൈനയ്‌ക്കെതിരെ ജിഹാദ്‌ പ്രഖ്യാപിച്ച അല്‍ഖൈ്വദയുടെ തരംതാണ
നടപടിയും, ഉയിഗര്‍ മുസ്ലീങ്ങള്‍ നടത്തിയ മനുഷ്യത്യരഹിതമായ
നരഹത്യയും കാണാതെ പോവുന്നുമില്ല. ഒരു തരത്തിലും
വര്‍ഗ്ഗീയതയുടെ പേരില്‍ നടത്തുന്ന നിര്‍ലജ്ജ പ്രക്ഷോഭങ്ങളെ സ്വാഗതം ചെയ്യുന്നുമില്ല.

പിന്നെ "സമാധാനത്തോടെ ജീവിക്കുന്ന ചൈനീസ്‌ പ്രവിശ്യയില്‍" എന്ന്‌ പറയുന്നത്‌ ശരിയല്ല. കാരണം ടിബറ്റ്‌ പോലെ തന്നെ സിന്‍ജിയാംഗും ഒരു സ്വതന്ത്ര പ്രദേശമാണ്‌. തുര്‍ക്ക്‌മെനിസ്ഥാനെ പോലെ മധ്യേഷ്യയുടെ ഭാഗമായിരുന്നു കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ തീര്‍ച്ചയായും ചൈനയുടെ ഭാഗമല്ല. ഇന്ത്യയുമായുള്ള യുദ്ധ സമയത്ത്‌ ലഡാക്ക്‌ ജില്ലയുടെ 24000 ചതുരശ്രകിലോമീറ്ററോളം പ്രദേശം കവര്‍ന്നെടുത്ത്‌ ഇപ്പോഴും സ്വന്തമാക്കി വയ്‌ക്കുന്ന ചൈനയുടെ യഥാര്‍ത്ഥ അധിനിവേശം തന്നെയാണ്‌ സിന്‍ജിയാംഗില്‍ നടന്നത്‌....

ഉയിഗറുകളുടെ കലാപത്തെ ഞാന്‍ പൂര്‍ണമായും അനുകൂലിക്കുന്നുവെന്ന്‌
ഈ ലേഖനത്തിനര്‍ത്ഥമല്ല.
അജയ് ഇയാളുടെ മ
3 Friday, 18 September 2009 15:49
uma
അജയ് ഇയാളുടെ മറുപടി വസ്തുതാപരമായി പൂര്‍ണമായും തെറ്റാണ് ചൈന ഇന്ത്യയുടെ ഭൂമി കൈവശം വക്കുന്നു എന്നത്...ഭാരതത്തിന്റെ അതിര്‍ത്തിയില്‍ എത്ര കിലോമീറ്റര്‍ ഉള്ളിലേക്ക് വന്നു എങ്കിലും പൂര്‍ണമായും പിന്‍വാങ്ങുകയാണ് ചൈനീസ് സേന അന്ന് ചെയ്തത്..ദലൈ ലാമക്ക് അഭയം നല്‍കിയതും ആയി ബന്ധപ്പെട്ടു ചൈനയ്ക്കു ഭാരതത്തോട് ഉള്ളില്‍ നല്ല നീരസവും ഉണ്ടായിരുന്നു..എന്നാല്‍ അധിനിവേശം എന്ന ലാക്കയിരുന്നില്ല ആ പട പുറപ്പാടില്‍ ചൈനയ്ക്കു ഉണ്ടായിരുന്നതും
war between China and India that occurred in 1962. A disputed Himalayan border was the main pretext for war, but other issues played a role. Tension, including a series of violent border incidents, had been rising since the Tibetan revolt of 1959, when India granted asylum to the Dalai Lama. India objected to China's occupation of the uninhabited region of Aksai Chin, where a China National Highway, route G219, was built to connect Tibet and Xinjiang.

The Chinese launched coordinated offensives both across the McMahon Line and in Ladakh on 20 October 1962, coinciding with the Cuban Missile Crisis. Chinese troops advanced over Indian forces in both places, to capture Rezang la in Chushul in western theatre and Tawang in eastern theatre and further. The war ended when the Chinese declared a ceasefire on 20 November 1962, and later withdrew from the disputed area.

The Sino-Indian War is notable for the harsh conditions under which much of the fighting took place, entailling large-scale combat at altitudes of over 4,250 metres (14,000 feet).[6] This presented enormous logistics problems for both sides. The Sino-Indian War was also noted for the non-deployment of navy or air force by either the Chinese and Indian sides.
വികി പീഡിയ ഈ യുദ്ധത്തെ കുറിച്ച് ഉള്ള വിവരണം ആണിത്..നോക്കുമല്ലോ

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 22 guests online