ലേഖനം

വയനാട്ടിലെ രണ്ടാം ഭൂസമരത്തിന്റെ രാഷ്‌ട്രീയവും പൊട്ടക്കണ്ണന്മാരുടെ മാവിലേറും

സുനി എം അശോക്‌

 

രണ്ടാം ഭൂസമരമെന്ന പേരില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതിയും (എ കെ എസ്‌), കെ എസ്‌ കെ ടി യുവും നടത്തുന്ന കയ്യേറ്റ സമരം വയനാട്ടില്‍ ആകെ പടര്‍ന്നിരിക്കയാണ്‌. സംസ്ഥാനം ഭരിക്കുന്ന മുന്നണിക്ക്‌ നേതൃത്വം നല്‌കുന്ന പാര്‍ട്ടി ആദിവാസികളെ മുന്‍നിര്‍ത്തി നടത്തുന്ന സമരം ഒരര്‍ഥത്തില്‍ എല്ലാവരെയും മണ്ടന്മാരാക്കുകയാണ്‌. അല്ലെങ്കില്‍ പിന്നെ ഭരണക്കാരും സമരക്കാരും ഒരു പാര്‍ട്ടിക്കാരാകുന്നതിലെ ന്യായമെന്താണ്‌? എന്തായാലും ഒന്നുറപ്പാണ്‌ പ്രതിപക്ഷവും ഭരണപക്ഷവും വയനാട്ടിലെ കയ്യേറ്റത്തില്‍ ഒരുപോലെ വെട്ടിലാകും. ജില്ലാകലക്‌ടര്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍വരെ ഇപ്പോള്‍ നെട്ടോടമോടുകയാണ്‌. പ്രതിപക്ഷമായ യു ഡി എഫ്‌ ത്രിശങ്കുവില്‍ത്തന്നെയാണ്‌. എല്‍ ഡി എഫ്‌ വിട്ടു വന്ന ജനതാദളിനെ മുന്നണിയിലെടുത്തപ്പോള്‍ യു ഡി എഫ്‌ നേതാക്കള്‍ ഇത്രയും പണി കിട്ടുമെന്ന്‌ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അല്ലെങ്കില്‍പിന്നെ ഇപ്പോള്‍ കയ്യേറിയ ഭൂമികളെല്ലാം സര്‍ക്കാരിന്‌ അവകാശപ്പെട്ടതാണെന്ന്‌ ഇത്രയും കാലം വിളിച്ചുകൂവിയവര്‍ ഇങ്ങനെ വളരെ പെട്ടന്ന്‌ മലക്കംമറിയുമോ? ഈ മാസം ആറിന്‌ കല്‌പറ്റ എം എല്‍ എ എം വി ശ്രേയാംസ്‌കുമാറിന്റെ കൃഷ്‌ണഗിരിയിലെ കൈവശഭൂമിയില്‍ കുടില്‍കെട്ടിക്കൊണ്ടാണ്‌ ആദിവാസികള്‍ രണ്ടാം ഭൂസമരം ആരംഭിച്ചത്‌. നാല്‍പതോളം കുടുംബങ്ങളാണ്‌ 16.75 ഏക്കര്‍ വരുന്ന ഈ റവന്യൂഭൂമിയില്‍ അവകാശം സ്ഥാപിച്ചത്‌. ഒരു ദിവസത്തെ ഇടവേളക്കു ശേഷം വയനാട്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും ജനതാദള്‍ നേതാവുമായ അഡ്വ ജോര്‍ജ്ജ്‌ പോത്തനും കൂട്ടാളികളും കൈവശം വെച്ചുവരുന്ന വെള്ളാരുകുന്നിലെ ഭൂമിയിലും എ കെ എസ്‌ അവകാശം സ്ഥാപിച്ചു. പന്നീടുള്ള ദിവസങ്ങളില്‍ സമരം പടര്‍ന്നത്‌ ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ (എച്ച്‌ എം എല്‍) കമ്പനിയുടെ ഭൂമിയിലേക്കാണ്‌. ഈ ഭൂമികളെല്ലാം സര്‍ക്കാരിന്‌ അവകാശപ്പെട്ടതാണെന്നും ഭൂരഹിതരായ ആദിവാസികള്‍ക്ക്‌ ഭൂമി നല്‌കുന്നതിന്‌ സര്‍ക്കാരിന്‌ കഴിയാത്തതിനാലാണ്‌ കയ്യേറുന്നതുമെന്നാണ്‌ സമരക്കാര്‍ പറയുന്നത്‌. വയനാട്ടില്‍ വന്‍കിടക്കാരുടെ കൈവശം ഹെക്‌ടറു കണക്കിന്‌ ഭൂമിയാണ്‌ അനധികൃതമായിട്ടുള്ളത്‌. ഇത്‌ പിടിച്ചെടുത്ത്‌ ഭൂരഹിതരായ ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യുന്നതിന്‌ ഇതുവരെ നടപടികളുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലുണ്ടായ സമരം രാഷ്‌ട്രീയ ഗൂഡാലോചനയുടെ ഭാഗമെന്നാണ്‌ യു ഡി എഫ്‌ പറയുന്നത്‌. ഇതേ യു ഡി എഫ്‌ നേതാക്കളാണ്‌ എം വി ശ്രേയാംസ്‌കുമാരിന്‍രെ കൈവശമുണ്ടായിരുന്ന കൃഷ്‌ണഗിരിയിലെ ഭൂമിയും ജോര്‍ജ്ജ്‌ പോത്തന്റെ വെള്ളാരംകുന്നിലെ ഭൂമിയും സര്‍ക്കാരില്‍ നിക്ഷിപ്‌തമാകേണ്ടതാണെന്ന്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ അന്ന്‌ ജനതാദള്‍ എല്‍ ഡി എഫിന്റെ ഭാഗമായിരുന്നുവെന്ന്‌ മാത്രം. സമരം ശക്തമായതോടെ പൊട്ടക്കണ്ണന്മാര്‍ മാവിിലെറിയുന്നപോലെയാണ്‌ ചിലരുടെയൊക്ക പ്രതികരണം. മുന്നണികളെ സന്തോഷിപ്പിക്കാന്‍ പ്രസ്‌താവനകളിറക്കുന്നവര്‍ അതുവരെ പറഞ്ഞിരുന്ന കാര്യങ്ങള്‍ അപ്പാടെ വിഴുങ്ങി. ശ്രേയാംസ്‌കുമാരിന്റെ ഭൂമിയില്‍ നിന്നും സമരക്കാരെ ഒഴിപ്പിച്ച്‌ കലക്‌ടര്‍ സര്‍ക്കാര്‍ ഭമിയെന്ന്‌ ബോര്‍ഡ്‌ സ്ഥാപിച്ചപ്പോള്‍ ഭൂമി സര്‍ക്കാര്‍ കയ്യേറിയെന്ന്‌ ചിലര്‍ പറഞ്ഞു. മറ്റുചിലരാകട്ടെ ശ്രേയാംസ്‌കുമാറിന്റെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തുവെന്നും. വിചിത്രമായ മറ്റൊരു കണ്ടെത്തലും ഉണ്ടായി ശ്രേയാംസ്‌കുമാര്‍ കയ്യേറിയ ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ചുവെന്നായിരുന്നു അത്‌. യഥാര്‍ഥത്തില്‍ ശ്രേയാംസ്‌കുമാറിന്റെ കൈവശമുണ്ടായിരുന്ന ഭൂമി റവന്യൂ ഭൂമിയാണ്‌. ഇത്‌ അദ്ദേഹം കയ്യേറിയതല്ല, മറിച്ച്‌ പൈതൃകമായി അദ്ദേഹത്തിന്‌ ലഭിച്ചതാണ്‌. രാഷ്‌ട്രീയ മുതലെടുപ്പിന്‌ വേണ്ടി ഉണ്ടയില്ലാതെ വെടിപൊട്ടിക്കുകയായിരുന്നു മിക്കവരും. സുല്‍ത്താന്‍ ബത്തേരി എം എല്‍ എ പി കൃഷ്‌ണപ്രസാദിനെയും ചിലര്‍ വെറുതെ വിട്ടില്ല. സമരത്തിന്‌ നേതൃത്വം നല്‌കിയ കൃഷ്‌ണപ്രസാദിനെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുകുയും അദ്ദേഹത്തിന്റെ കൈവശം ഏക്കര്‍ കണക്കിന്‌ അനധികൃത ഭൂമിയുണ്ടെന്ന്‌ പ്രചരിപ്പിക്കുകയും ചെയ്യപ്പെട്ടു. സമരത്തിന്റെ ചൂടില്‍ കൊണ്ടാല്‍ കൊള്ളട്ടെ എന്നുകരുതി പലരും എറിഞ്ഞു നോക്കുകയായിരുന്നു. എം വി ശ്രേയാംസ്‌കുമാറിന്റെ ഭൂമി സര്‍ക്കീരില്‍ നിക്ഷിപ്‌തമാകേണ്ടതാണ്‌ എന്ന്‌ 2008ല്‍ ഹൈക്കോടതി ഉത്തരിവിട്ടതാണ്‌. കലക്‌ടര്‍ ഈ ഭൂമിയില്‍ ഇപ്പോള്‍ ബോര്‍ഡ്‌ സ്ഥാപിച്ചതോടെ സമരം വിജയിച്ചുവെന്ന്‌ കരുതിയ സി പി എമ്മിന്‌ തിരിച്ചടിയായി ഇന്നലെ ബോര്‍ഡ്‌ തഹസില്‍ദാര്‍ നീക്കം ചെയ്‌തു.

വയനാട്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ പോത്തന്‍ കൈവശംവെക്കുന്ന കല്‌പറ്റ നഗരസഭ പരിധിയില്‍പ്പെട്ട വെള്ളാരംകുന്നിലുള്ള ഭൂമി വര്‍ഷങ്ങളായി വിവാദത്തിലാണ്‌. ജോര്‍ജ്ജ്‌ പോത്തനടക്കം മൂന്നുപേരുടെ കൈവശത്തില്‍ 67 ഏക്കര്‍ ഭൂമിയാണുള്ളത്‌. ദേശീയപാത 212-നോട്‌ ചേര്‍ന്നുള്ള സര്‍ക്കാരില്‍ നിക്ഷിപ്‌തമാവേണ്ട 117 ഏക്കര്‍ ഭൂമിയില്‍ 50 ഏക്കര്‍ ഭൂമി കിന്‍ഫ്ര പാര്‍ക്കിനുവേണ്ടി ജോര്‍ജ്‌ പോത്തനടക്കമുള്ളവര്‍ സര്‍ക്കാരിനു തന്നെ വിറ്റിരുന്നു. ഈ സംഭവം വര്‍ത്തമാനമാണ്‌ പുറത്തുകൊണ്ടുവന്നത്‌. സര്‍ക്കാരില്‍ നിക്ഷിപ്‌തമാവേണ്ട ഭൂമി സര്‍ക്കാരിനു തന്നെ വിറ്റ നടപടി വിവാദമായതിനെ തുടര്‍ന്ന്‌ ഭൂമിയുടെ പോക്കുവരവ്‌ റദ്ദാക്കിയിരുന്നു. കാഡ്‌ബറീസ്‌ കമ്പനിയുടെ കൈവശമായിരുന്ന കല്‌പറ്റ വില്ലേജിലെ സര്‍വെ നമ്പര്‍ ഒന്നില്‍ ഉള്‍പ്പെട്ട ഭൂമിയുടെ പാട്ടക്കാലാവധി 1963ല്‍ തീരുകയും കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്‌തമാകേണ്ടതുമായിരുന്നു. കാഡ്‌ബറീസ്‌ കമ്പനിയുടെ 180 എക്കറില്‍ നിന്ന്‌ 117.48 ഏക്കര്‍ ഭൂമി ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ ജോര്‍ജ്‌ പോത്തന്‍, പങ്കാളികളായ പി സി മാത്യു, തോമസ്‌ ജോണ്‍ എന്നിവര്‍ ചേര്‍ന്ന്‌ 1999ല്‍ കല്‌പറ്റ സബ്‌ രജിസ്‌ട്രാര്‍ ഓഫിസില്‍ മൊത്തം 55,000 രൂപ വില കാണിച്ച്‌ രജിസ്റ്റര്‍ ചെയ്‌തു. ഇങ്ങനെ രജിസ്റ്റര്‍ ചെയ്‌ത ഭൂമിയില്‍ നിന്ന്‌ 50 ഏക്കര്‍ അതേ വര്‍ഷം തന്നെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്‌ വേണ്ടി സര്‍ക്കാറിന്‌ തന്നെ കൊടുത്തു. ജനതാദള്‍ എല്‍ ഡി എഫിന്റെ ഭാഗമായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം എ ഐ സി സി അംഗം കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെയും വയനാട്‌ ഡി സി സി ജനറല്‍ സെക്രട്ടറി പി പി ആലിയുടെയും നേതൃത്വത്തിലുള്ള ഒരു സംഘം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഈ ഭൂമിയിലേക്ക്‌ മാര്‍ച്ച്‌ നടത്തുകയും സര്‍ക്കാര്‍ഭൂമി എന്ന ബോര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്‌തിരുന്നു. കേരള കോണ്‍ഗ്രസ്‌-എം ജില്ലാ സെക്രട്ടറിയായ കെ ജെ ദേവസ്യ ഈ ഭൂമി സര്‍ക്കാരിന്‌ അവകാശപ്പെട്ടതാണെന്ന്‌ ചൂണ്ടിക്കാട്ടി കേസ്‌ നല്‌കുകയും ചെയ്‌തിരുന്നു. സര്‍ക്കാറില്‍ നിക്ഷിപ്‌തമാകേണ്ടിയിരുന്ന കാഡ്‌ബറീസ്‌ ഭൂമി കൃത്രിമ രേഖകള്‍ ചമച്ച്‌ സര്‍ക്കാറിന്‌ തന്നെ 50 ഏക്കര്‍ വിറ്റ്‌ 2.54 കോടി രൂപ കൈപ്പറ്റിയ സംഭവത്തിന്റെ പേരില്‍ ജോര്‍ജ്‌ പോത്തനടക്കമുള്ളവരുടെ പേരില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടക്കുകയാണ്‌. സര്‍ക്കാറിന്‌ കൊടുത്ത ശേഷമുള്ള ഭൂമിയില്‍ ഇതുവരെ നടത്തിയിട്ടുള്ള ക്രയവിക്രയങ്ങളും ഇതിന്റെ സാധുതയും മറ്റും ഇപ്പോഴും അന്വേഷണത്തിലാണ്‌. നിലവില്‍ കിന്‍ഫ്ര ഭൂമിയിടപാടില്‍ 36 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പിന്‌ ക്രൈംബ്രാഞ്ച്‌ കേസുണ്ട്‌. അന്വേഷണത്തില്‍ 2008ല്‍ പോക്കുവരവ്‌ റദ്ദാക്കി. കിന്‍ഫ്ര ഭൂമിസംബന്ധമായ കേസ്‌ ഇപ്പോഴും നിലനില്‌ക്കുന്നുണ്ട്‌. വയനാട്ടിലെ കയ്യേറ്റത്തെക്കുറിച്ച്‌ അടുത്തറിയാനും മറ്റുമായി യു ഡി എഫ്‌ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ 12ന്‌ വയനാട്ടില്‍ എത്തിയെങ്കിലും പ്രശ്‌നത്തില്‍ ഇടപെടുന്നതിന്‌ നേക്കാള്‍ക്ക്‌ താത്‌പര്യമില്ലെന്നാണ്‌ അറിയുന്നത്‌.

ഹാരിസണ്‍ മലയാളം കമ്പനി പതിമൂവായിരത്തിലധികം ഏക്കര്‍ ഭൂമിയാണ്‌ അനധികൃതമായി വയനാട്ടില്‍ കൈവശം വെക്കുന്നത്‌. കൈയ്യേറിയതും പാട്ടക്കാലാവധി കഴിഞ്ഞതുമായ ഈ റവന്യൂ-ഫോറസ്റ്റ്‌ ഭൂമികള്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലായാണ്‌ കിടക്കുന്നത്‌. ഈ ഭൂമി പിടിച്ചെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യേണ്ടതാണ്‌. എന്നാല്‍ ഇതിന്‌ മുതിരാതെ സര്‍ക്കാര്‍ അവരുടെ ആളുകളെകൊണ്ട്‌ ഭൂമിയില്‍ കൈയ്യേറി അവകാശം സ്ഥാപിക്കാന്‍ പറയുന്നതില്‍ ന്യായമില്ല. ജനാധിപത്യ സംസ്‌കാരത്തിന്‌ ഭൂഷണമല്ലാത്ത കാര്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്‌. എച്ച്‌ എം എല്‍ കമ്പനി കൈവശം വെക്കുന്ന അനധികൃത ഭൂമികളിലും ജോര്‍ജ്ജ്‌ പോത്തന്‍ കൈവശം വെക്കുന്ന വെള്ളാംരുകുന്നിലെ ഭൂമിയിലുമാണ്‌ ഇപ്പോള്‍ സമരം നടക്കുന്നത്‌. രണ്ടായിരത്തിലധികം ആദിവാസികളും കര്‍ഷക തൊഴിലാളികളുമാണ്‌ സമരരംഗത്തുള്ളത്‌. കയ്യേറ്റ ഭൂമികളില്‍ നിന്നും മരവും കമുകും മുറിച്ചാണ്‌ സമരക്കാര്‍ കുടില്‍ കെട്ടുന്നത്‌. ജില്ലയില്‍ നിലവില്‍ 44 സ്ഥലങ്ങളില്‍ ഭൂസമരം നടക്കുന്നുണ്ട്‌. സി പി എമ്മിന്റെ പോഷക സംഘടനകളാണ്‌ കയ്യേറ്റത്തില്‍ മുന്‍പന്തിയില്‍. 39 ഇടങ്ങളിലാണ്‌ എ കെ എസിന്റെയും കെ എസ്‌ കെ ടി യുവിന്റെയും നേതൃത്വത്തില്‍ കയ്യേറ്റ സമരം. സി പി ഐയും സി പി ഐ (എം എല്‍) ഉം രണ്ടിടങ്ങളിലും യു ഡി എഫിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി-വര്‍ഗ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒരിടത്തും ഭൂസമരം നടക്കുന്നുണ്ട്‌. യു ഡി എഫ്‌ പിന്തുണയുള്ള പട്ടികജാതി- വര്‍ഗ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അപ്പാട്‌ കൈയ്യേറ്റ സമരം ചൂടുപിടിച്ചു വരുന്നതിനിടെയായിരുന്നു എ കെ എസിന്റെ സമരം. 2001ല്‍ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലാണ്‌ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യത്തെ ഭൂസമരം ആരംഭിക്കുന്നത്‌. ഈ സമരം വളരെ പെട്ടന്നുതന്നെ ജില്ലയിലാകെ പടരുകയും ചെയ്‌തിരുന്നു. 19 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന്‌ ആദിവാസികള്‍ ഇപ്പോഴും അവകാശം സ്ഥാപിച്ച ഭൂമിക്കുവേണ്ടി സമരം തുടരുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ എ കെ എസിനെ മുന്‍ നിര്‍ത്തി സി പി എം പുതിയ സമരങ്ങളാരംഭിച്ചത്‌. രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ആദിവാസികളെ ഉപയോഗിച്ച്‌ നടത്തുന്ന ഈ സമരം വിദുര പ്രത്യഘാതങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

 

Comments (1)
വയനാട്ടിലെ രണ്ടാം ഭൂസമരത്തിന്റെ രാഷ്‌ട്രീയവും പൊട്ടക്കണ്ണന്മാരുടെ മാവിലേറും
1 Friday, 19 March 2010 22:37
n.prasanthkumar.
കണു പൊട്ടന്മാര്‍ ആനെ കണ്ടത് എങ്ങനെയെന്നു ഇപ്പോള്‍ മനസ്സിലായി!

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 26 guests online