|
കവിത
|
സ്വര്‍ണ്ണവലകള്‍ അനാമിക (കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ എസ് അനാമികയുടെ കവിത) പലതരം വലകള്‍ പലതരം മത്സ്യങ്ങള്‍ ചാളയെ പിടിക്കുന്നതും സ്രാവിനെ പിടിക്കുന്നതും ഒരേ വല ഉപയോഗിച്ചാണോ? എങ്കില്‍, എന്തേ, അമേരിക്കന്‍ കരടിയെ വീഴ്‌ത്തിയ വലയ്‌ക്ക് ഇന്ത്യന്‍ പശുക്കുട്ടിയെ വീഴ്‌ത്താന്‍ പറ്റാതെ പോയത്? പലതരം വലകള്‍, എങ്കിലും മലയാളിയെ വീഴ്‌ത്താന്‍ കോളക്കമ്പനിക്കാര്‍ നെയ്‌ത വലകൊണ്ട് ജര്‍മ്മന്‍കാരനെ വീഴ്‌ത്താനാകും എന്നതും അവിശ്വസനീയമായ അസത്യം മാത്രം കോപ്പന്‍ഹേഗില്‍ വന്‍തിമിംഗലങ്ങള്‍ മുറിച്ചുമാറ്റിയ വല ഇനി അടുത്ത ഉച്ച(കോടി)യ്‌ക്ക് സ്വര്‍ണ്ണംപോലെ തിളങ്ങുന്ന ചൂണ്ടയായ് ചെറുമീനുകളെ പിടിക്കാന്‍ സജ്ജമായിരിക്കും. കേരളത്തിലെ വീട്ടമ്മയെ പിടിക്കാന്‍ `ഐഡിയ'ക്കാര്‍ അയാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമാക്കി മറ്റൊരു വല നെയ്‌തു വലയില്‍ വീണ മലയാളത്തിന്റെ യുവതലമുറയ്‌ക്ക് ലഭിച്ചത് മലയാളവും ഇംഗ്ലീഷും സമൂലം ചേര്‍ന്ന് മംഗ്ലീഷെന്നത് `നാട്ടിലെങ്ങും പാട്ടായ' എഫ് എം രഹസ്യം ഇങ്ങനെ പലതരം വലകള്‍ പലതരം മത്സ്യങ്ങള്‍ക്കായി പലരുടെ കാര്‍മികത്വത്തില്‍ അനുദിനം നെയ്‌തുകൊണ്ടിരിക്കുന്നു. അവയില്‍ പലതും തിളങ്ങുന്ന സ്വര്‍ണ്ണവലകളായിരിക്കും എങ്കിലും പാവം ഇരകള്‍ അറിയുന്നില്ലല്ലോ മിന്നുന്നപൊന്നെല്ലാം തനി സ്വര്‍ണ്ണമല്ലെന്ന സത്യം!
|