മുറിവ്‌
 

കാല്‍പ്പനികന്റെ രചനകളിലെ മരണം

ഗിരീഷ്‌ എ എസ്‌

 

 

മലയാള കവിതയിലെ കാല്‍പനികഭംഗി വറുതിക്കാലത്തെ പുഴയുടെ ദുരവസ്ഥയിലാണിന്ന്‌. വൃത്തത്തിന്റെയും അലങ്കാരത്തിന്റെയും ചട്ടക്കൂടില്‍ നിന്ന്‌ പുറംചാടി ഗദ്യത്തിന്റെ അകമ്പടി സേവിച്ച്‌ ഇഴഞ്ഞ്‌ നീങ്ങുമ്പോള്‍ കാവ്യഭംഗിയും രചനാവൈഭവവും കൈകോര്‍ത്തിരുന്ന കാലമുണ്ടായിരുന്നവെന്ന്‌ യുവതലമുറക്ക്‌ പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. വൈകാരിക ബന്ധങ്ങളെ ഉള്ളിലിട്ട്‌ താലോലിച്ച്‌ ആറ്റിയും കുറുക്കിയും വരികളായി പുറന്തള്ളപ്പെട്ടിരുന്ന കാല്‍പനികകാലത്തെ അതുല്യപ്രതിഭകളിലൊരാളായിരുന്നു ഇടപ്പള്ളി രാഘവന്‍ പിള്ള. ഭക്തിയും പുരാണങ്ങളും കവിതയില്‍ വേരൂന്നിയിരുന്ന കാലത്തെ വേറിട്ട കാഴ്‌ചയായിരുന്നു ആ എഴുത്തുകാരന്റെ ചിന്താധാരകള്‍. പ്രകൃതിയുടെ മുഖങ്ങള്‍ക്കൊപ്പം പ്രണയവും വിരഹവും മരണവുമെല്ലാം കവിതയില്‍ കത്തിയാളിയപ്പോള്‍ മലയാള കാവ്യശാഖക്ക്‌ അതൊരു പുത്തനുണര്‍വായി. സ്വയം മരണം വരിച്ച ഇടപ്പള്ളിയുടെ കവിതകള്‍ കണ്ടെടുക്കാനും വായിച്ചറിയാനും സാഹിത്യസ്‌നേഹികള്‍ കാട്ടുന്ന താല്‍പര്യത്തിന്‌ പിന്നിലും കാല്‍പനികതയുടെ മനോഹാരിത തന്നെ. വീണ്ടുമൊരു ജൂലൈ കൂടി കടന്നുവരുമ്പോള്‍ ഇടപ്പള്ളി നമ്മെ വിട്ടു പിരിഞ്ഞിട്ട്‌ 73 വര്‍ഷം പൂര്‍ത്തിയാവുകയാണ്‌. പക്ഷേ മലയാളത്തിലെ ആ കാല്‍പനികന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ സ്‌മാരകങ്ങളോ, അനുസ്‌മരണ പരിപാടികളോ പുഷ്‌പാര്‍ച്ചനകളോ ഇല്ല. എങ്കിലും ഇന്നും കത്തിയാളുന്ന ആ വരികള്‍ക്ക്‌ ഓര്‍മ്മയുടെ പാളത്തില്‍ നിന്ന്‌ തെന്നിമാറാനാവില്ല. എഴുതിക്കൂട്ടിയതിലെല്ലാം വിഷാദമൊളിപ്പിച്ച കവിയുടെ രചനകളിലെ മരണത്തിന്റെ തീഷ്‌ണതയിലേക്ക്‌ കടന്നുചെല്ലാം..

"തെല്ലൊരു വെളിച്ചമി-
ല്ലോമനേ യിനിയെന്റെ
പുല്ലുമാടവും കത്തി-
യെത്തുകയാണീ ദാസന്‍'"

ഇടപ്പള്ളിയുടെ അവസാനകവിതയിലെ ചില വരികളാണിത്‌. കവിത ആത്മരതിയാകാം. പരാദീനതകള്‍ക്കിടയില്‍ നിന്നും ക്ഷണികമായ ആന്ദനം മനസിലേക്കൊഴുക്കാന്‍ വരികളുടെ സൗന്ദര്യത്തിന്‌ കഴിയുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ഇടപ്പള്ളി രാഘവന്‍പിള്ളയെ ഇതിനോട്‌ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു...
മരണം അദ്ദേഹത്തിന്റെ ശരീരം ഊഞ്ഞാലാട്ടി കളിക്കുമ്പോള്‍ ടെന്നിസന്റെ ഇന്‍മെമ്മോറിയം പാതി തുറന്ന നിലയില്‍ ആ മുറിയില്‍ കിടക്കുന്നുണ്ടായിരുന്നു. മരണത്തിന്‌ മുമ്പ്‌ അദ്ദേഹം എഴുതിയ ചില രചനകളിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ ക്ഷണികമായ ഒരു തോന്നലായിരുന്നില്ല അതെന്നും മരണത്തെ മുന്‍കൂട്ടികണ്ടിരുന്നുവെന്നും വ്യക്തമാകുന്നുണ്ട്‌. യൗവനത്തിന്റെ തുടക്കത്തിലെ അങ്ങനെയൊരു ദുരന്തത്തിലേക്ക്‌ വഴുതിമാറി നടന്നുപോയ രാഘവന്‍പിള്ള വായനക്കാരന്റെ മനസിനെ കുത്തിനോവിക്കുന്നുണ്ട്‌. മലയാള കവിതകളില്‍ കാല്‍പനികയുഗം തീര്‍ത്ത ചങ്ങമ്പുഴ കൃഷ്‌ണപിള്ള എന്ന തന്റെ സതീര്‍ത്ഥ്യനൊത്ത്‌ സൗഹൃദത്തിന്റെ പുത്തന്‍കാഴ്‌ചപാടുകള്‍ തേടിയ ഇടപ്പള്ളിക്ക്‌ എവിടെയാണ്‌ പിഴച്ചതെന്നതും കൗതുകകരമാണ്‌. പ്രണയം ദൈവികമായ പരിവേഷമായിരുന്നുവെന്ന അദ്ദേഹത്തിന്റെ ചിന്തയുടെ മുന്നില്‍. തന്റെ പ്രേയസിയെ നഷ്‌ടപ്പെടുകയാണെന്നറിഞ്ഞ നിമിഷത്തില്‍ ക്രമാധീതമായി മിടിച്ച സ്വപ്‌നഭംഗങ്ങളില്‍...
``എനിക്ക്‌ പാട്ടുപാടാനാഗ്രഹമുണ്ട.്‌ എന്റെ മുരളി തകര്‍ന്നുപോയി''എവിടെയായിരുന്നു പാളിച്ചകള്‍. എന്തിനായിരുന്നു അങ്ങനെയൊരു നിയോഗം. യൗവനത്തിന്റെ തീഷ്‌ണതയില്‍ സര്‍ഗാത്മകതയെ പണയം വെച്ച്‌ അങ്ങനെയൊരു കടുംകൈക്ക്‌ മുതിരാന്‍ മാത്രം എന്തായിരുന്നു ആ മനസിന്‌ സംഭവിച്ചത്‌. പ്രേമത്തെ പറ്റിയും പ്രേമനൈരാശ്യത്തെ കുറിച്ചും ഇത്ര മാധുര്യമായി പാടിയ മറ്റേത്‌ കവിയുണ്ട്‌ എന്ന സത്യം ഇങ്ങനെ ചിന്തിപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, കവിതകളില്‍ ഊറിക്കൂടുന്ന വിഷാദത്തിന്റെ സുഖദമായ സൗന്ദര്യമാണ്‌ ആ കവിതകളെ വേറിട്ട്‌ നിറുത്തുന്നത്‌. വായനക്കാരന്റെ കണ്ണുകള്‍ ഈറനാക്കാന്‍ വാക്കുകളുടെ പ്രവാഹത്തിന്‌ കഴിയുന്നവെന്ന യാഥാര്‍ത്ഥ്യം ഇന്നും അവിസ്‌മരണീയമായി നിലനില്‍ക്കുന്നു...

"എത്ര വസന്തങ്ങളൂഴിയില്‍ വന്നാലും
എത്രയോ കാകളി പാടിയാലും
മാമക മാനസവല്ലിയിലിന്നോളം
പൂമൊട്ടൊരെണ്ണം കുരുത്തതില്ല
മുന്നോട്ട്‌ നോക്കിയാല്‍ ഘോരമാമരണ്യം
പിന്നിലോ ശൂന്യമരുപ്പരപ്പ്‌
കാലൊന്നിടറിയാല്‍ പീണുപോം ഗര്‍ത്തത്തില്‍
കൂലത്തിലാണ്‌ ഞാന്‍ നില്‍പതിപ്പോള്‍''

കരയാന്‍ മാത്രമറിയുന്നൊരു ഹൃദയത്തിനുടമയാണ്‌ ഇടപ്പള്ളി രാഘവന്‍ പിള്ളയെന്ന്‌ ഈ വരികളില്‍ നിന്നും സ്‌പഷ്‌ടമാണ്‌. സ്‌നേഹിക്കാന്‍ ആര്‍ത്തിയുള്ളൊരു മനസിനുടമ. സ്‌നേഹത്തിനപ്പുറം കാമുകിയെ ദേവതയായി കണ്ട ആ ഹൃദയത്തിന്‌ തുടര്‍രംഗങ്ങളിലെ തകര്‍ച്ച താങ്ങാനാവുന്നതിനുമപ്പുറമായിരുന്നുവെന്ന്‌ വ്യക്തം. ദൈവികതയുടെ പരിവേഷമണിഞ്ഞ ആ വികാരം മനസിനെ അഗാധമായ വീഴ്‌ചയിലേക്കാനയിക്കുമെന്ന്‌ ആരറിഞ്ഞു. പിന്നീടുള്ള ഏക ആശ്രയം മരണമെന്ന അനുഭൂതിയല്ലാതെ മറ്റെന്താകും ഒരു ദുര്‍ബലഹൃദയന്‌. ഒരു പൊള്ളുന്ന പ്രതലം തുടര്‍ന്ന്‌ അദ്ദേഹത്തെ ആവരണം ചെയ്യുന്നതായി കാണുന്നു. കവിതകള്‍ മരണത്തിന്റെ അഗാധതയിലേക്ക്‌ മുങ്ങി നിവരുന്നതിന്റെ സുഖം വായനക്കാരിലേക്ക്‌ വരുന്നത്‌ അപ്പോഴാണ്‌.

"മരണം മനോഹരപ്പച്ചില വിരിപ്പിട്ട
ഗിരിതന്‍ സാനുപ്രാന്തം തഴുകും തരംഗിണി
തളിരും വാടാമലര്‍ക്കുലയുമിടതിങ്ങി
ത്തളരാതെന്നും തെന്നലേറ്റാടും ലതകളാല്‍
നിത്യസൗന്ദര്യത്തിന്റെ നര്‍ത്തനമാമാരംഗ
മെത്തുവാനായിട്ടേന്തെന്‍ മാനസം പതറുന്നു...''

മരണത്തെ അദ്ദേഹം മാടി വിളിക്കുന്നത്‌ വരികളുടെ സൂക്ഷ്‌മാണുവിലേക്കിറങ്ങിച്ചെന്നാല്‍ കാണാം.അന്ത്യസന്ദേശത്തിലെ വാക്കുകളുമായി വിളക്കിച്ചേര്‍ക്കുമ്പോള്‍ നിരാശയില്‍ നിന്നും ഉരുത്തിരിഞ്ഞ ആത്മജ്വല്‌പനങ്ങളായിരുന്നു ചില കവിതകള്‍ എന്നത്‌ നമ്മെ ദുഖിപ്പിക്കുന്നു. ചങ്ങമ്പുഴയായിരുന്നു ഇടപ്പള്ളിയുടെ ഏറ്റവുമടുത്ത സുഹൃത്ത്‌. അദ്ദേഹം ആലുവയില്‍ പഠിക്കാന്‍ പോയതോടെ ഇടപ്പള്ളി തനിച്ചായി. വൈകുന്നേരങ്ങളില്‍ പേരണ്ടൂര്‍ റെയില്‍വെ ഓവര്‍ബ്രിഡ്‌ജിലെ കലുങ്കിലിരുന്നു കാറ്റുകൊള്ളും. ഇത്‌ ഇടപ്പള്ളിയുടെ ശീലങ്ങളിലൊന്നായി മാറി. ചങ്ങമ്പുഴയുമായി പിരിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അദ്ദേഹമെഴുതിയ ചെറുകഥകളിലൂടെ കണ്ണോടിക്കുമ്പോള്‍ സ്വന്തം മരണത്തിന്റെ നീലിമ തൂലികതുമ്പില്‍ നിന്നും ഇറ്റുവീണുതുടങ്ങിയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്രേമം മനസില്‍ കത്തിജ്വലിക്കുന്ന കാലഘട്ടത്തിലാണ്‌ ഈ കഥകളുടെ പിറവി. കഥയുടെ ഭൂമിക പേരണ്ടൂര്‍ റെയില്‍വെ കലുങ്കും..ക്ഷേത്രകുളവും. കവിയുടെ പകലുകളെ സമ്പന്നമാക്കിയ അതേ സ്ഥലം തന്നെ കഥയുടെ പ്രധാന അന്തരീക്ഷമാക്കി മാറ്റി എഴുത്തിന്റെ ലോകത്തേക്ക്‌ കടക്കുമ്പോള്‍ ഇടപ്പള്ളിയുടെ മനസില്‍ ദുരന്തത്തിന്റെ നിഴലുകള്‍ വീണിരുന്നുവോ...

 

കാമുകീകാമുകന്മാരുടെ ആത്മഹത്യയാണ്‌ ഈ കഥകളിലെ പ്രധാനവിഷയം. സ്വന്തം പ്രേമം പരാജയത്തില്‍ കലാശിക്കുമെന്ന്‌ കവി കണ്ടിരുന്നുവോ...അതോ ആത്മഹത്യയാണ്‌ തന്റെ വഴിയെന്ന്‌ നേരത്തെ തീരുമാനിച്ചിരുറച്ചിരുന്നോ...ഇതെല്ലാം ഉത്തരങ്ങളന്യമായ ചോദ്യങ്ങളാവാം. പക്ഷേ കവിയിലേക്ക്‌ ഒരു പുനര്‍വായന നടത്തുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായ തലത്തിലേക്ക്‌ നമ്മെ പറിച്ചു നടുന്നുവെന്ന കാര്യം പറയാതെ വയ്യ.
സുധ എന്ന കഥയില്‍ സുധയുടെയും മുരളിയുടേയും ദുരന്തകഥയാണ്‌ അദ്ദേഹം പറയുന്നത്‌. കളിക്കൂട്ടുകാരില്‍ നിന്ന്‌ പ്രണയത്തിലേക്ക്‌ വ്യതിചലിച്ചുപോയ ഒരാത്മബന്ധമായിരുന്നു അവരുടേത്‌. മരച്ചുവട്ടില്‍ അമ്പലമുണ്ടാക്കി പൂജ ചെയ്‌ത്‌ കുട്ടിക്കാലം ആഘോഷമാക്കി മാറ്റിയ ഇണപ്രാവുകള്‍. സുധയുടെ മിടുക്കും കാര്യശേഷിയും മുരളിക്കില്ല. ഒരു മൃദുലഹൃദയന്‍..ഒരിക്കല്‍ വാതുവെച്ച്‌ കുളത്തില്‍ മുങ്ങിക്കിടന്ന മുരളിക്ക്‌ നിവരാന്‍ കഴിഞ്ഞില്ല. കുളത്തിനടിയില്‍ കിടന്ന കരിങ്കല്ലില്‍ വട്ടം പിടിച്ചവന്‍ കിടന്നു. സുധയുടെ എണ്ണം നൂറില്‍ കവിഞ്ഞു. മുരളിക്ക്‌ ക്രമത്തിലധികം ശ്വാസം മുട്ടിതുടങ്ങി. സുധയുടെ എണ്ണത്തിന്‌ വേഗത വര്‍ദ്ധിച്ചു. മുരളി നിവര്‍ന്നു. ശ്വാസം വിടലിന്റെ ശക്തിയില്‍ കുറെ വെള്ളം ശിരസിലും ഉദരത്തിലും കടന്നു. ആ കൈകാലുകള്‍ കുഴഞ്ഞു. ഇതെല്ലാം തന്നെ ഭീതിപ്പെടുത്താനുള്ള മുരളിയുടെ വികൃതിയായി സുധ കരുതി. അവള്‍ കൈകൊട്ടി ചിരിച്ചു. കരയിലേക്ക്‌ അടുക്കുന്നതിനുള്ള ശ്രമമെല്ലാം അവനെ കുളത്തിന്റെ അഗാധതയിലേക്ക്‌ പോകാനാണ്‌ സഹായിച്ചത്‌. അവന്റെ കണ്‍മിഴികള്‍ മറിഞ്ഞു. കൈകാലിട്ടടിക്കാന്‍ തുടങ്ങി. മുരളിയുടെ വികൃതിത്തരങ്ങള്‍ പതിവായി കാണാറുള്ള സുധ എല്ലാം തമാശയായി വ്യാഖ്യാനിച്ചു. സന്ധ്യക്ക്‌ മേല്‍കഴുകാനെത്തിയ സുധയുടെ അമ്മയാണ്‌ മുരളിയുടെ മൃതശരീരം കാണുന്നത്‌. പിന്നീട്‌ മുരളിയെ കുറിച്ചുള്ള മങ്ങാത്ത ഓര്‍മ്മകളുമായി സുധ വളരുകയാണ്‌. മരതകകുന്നിലെ മാധുരിയുടെ വിവാഹം. അവളുടെ കളിത്തോഴനായ രവീന്ദ്രനാണ്‌ വരന്‍. സുധയുടെ ചിന്ത അറിയാതെ മുരളിയിലെത്തി നിന്നു.
മുരളി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കുമുണ്ടായേനെ വിവാഹം എന്നവള്‍ ചിന്തിക്കുന്നു. സുധക്ക്‌ മെച്ചപ്പെട്ട ഒരു വിവാഹാലോചന വന്നെങ്കിലും മനസില്‍ നിന്നും മുരളിയെ പടിയിറക്കിവിടാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല. മിഴികള്‍ ഈറനണിഞ്ഞ ഒരു രാത്രിയില്‍ കതക്‌ തുറന്നവള്‍ കുളക്കടവിലെത്തി. തന്റെ സാരി അഴിച്ച്‌ കടവിലെ കരിങ്കല്ലുമായി ബന്ധിച്ച്‌ വെള്ളത്തിലേക്ക്‌ എടുത്തുചാടി.
ഇവിടെ ആത്മഹത്യയുടെ സുഖമുള്ളൊരു കാറ്റ്‌ വായനക്കാരന്റെ മനസിലേക്ക്‌ ചീറിയടിക്കുന്നത്‌ കാണാം. ``പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്‌നേഹിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക''-ഈ മൂന്നിലാണ്‌ ലോകത്തിന്റെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്‌. ഇടപ്പള്ളി അന്ത്യസന്ദേശത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന ഈ വാക്കുകള്‍ സുധയുടെ ജീവിതവുമായി കൂട്ടിവായിക്കുമ്പോള്‍ കവിയുടെ മനസ്‌ കരിമ്പടത്തിനുള്ളില്‍ നിന്നും പുറത്തുവരുന്നത്‌ കാണാം. ഈ കഥയിലെ സ്ഥലങ്ങളും മറ്റും കവിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നതും വായനക്കാരനെ ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്നു.
കല്ല്യാണം കഴിഞ്ഞില്ല എന്ന കഥ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്‌ മറ്റൊരു ദുരന്ത മുഖത്തേക്കാണ്‌. ഇതിനും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നത്‌ പ്രണയമെന്ന പ്രപഞ്ചസത്യം തന്നെ. മാലതിയും പണിക്കരും പ്രണയത്തിലാണ്‌. പണിക്കരെക്കാള്‍ ഗാഢമാണ്‌ അവളിലെ പ്രണയമെന്നത്‌ ഇടപ്പള്ളിയുടെ വാക്കുകള്‍ നിന്നും വ്യക്തം. മനുഷ്യന്‌ ഇണങ്ങിയ ആളെ അവന്‌ തന്നെ സ്വീകരിക്കാനുള്ള അവസരമൊരുക്കുകയെന്ന ലോകനീതി ഒരാളുടെ സ്വാതന്ത്യത്തില്‍ പ്രഥമമാണെന്ന്‌ ഈ കഥ വ്യക്തമാക്കി തരുന്നു.
അസമത്വം മാലതിയെ പണിക്കരില്‍ നിന്നും വേര്‍പെടുത്തുന്നു. മാലതിയുടെ വിവാഹം ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം പണിക്കരുടെ കത്ത്‌ അവളുടെ കൈകളിലെത്തി. അത്‌ അവളുടെ മനസിലേക്ക്‌ തീക്കാറ്റായി ആളി. അതിലെ വരികള്‍ ഇങ്ങനെയായിരുന്നു ``ഒരു തകര്‍ന്ന ഹൃദയം നവദമ്പതികള്‍ക്ക്‌ സര്‍വമംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു. ഇതെഴുതുന്ന ഹസ്‌തം പ്രഭാതത്തില്‍ മരവിച്ചിരിക്കും.''
കഥയിലെ പണിക്കരുടെ വാക്കുകള്‍ ഇടപ്പള്ളിയുടെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോഴാണ്‌ കൂടുതല്‍ സത്യങ്ങളിലേക്ക്‌ നാം വഴുതി പോകുന്നത്‌. കാര്യസ്ഥനായി നിന്ന വീട്ടിലെ സ്‌നേഹതാരകത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്ന അപകര്‍ഷതാബോധം ആ മനസില്‍ മഞ്ഞുകണമായി ആഴത്തില്‍ ഉറഞ്ഞിരുന്നുവോ.
തന്റെ പ്രണയിനിയുടെ വിവാഹതലേന്നാണ്‌ ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്‌തതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ അങ്ങനെ കൂട്ടിവായിക്കുന്നതില്‍ തെറ്റില്ലെന്ന്‌ പറയാം. പിന്നീട്‌ കഥയിലെ പ്രതിപാദ്യം പേരണ്ടൂര്‍ റെയില്‍വേപാലത്തിന്‌ സമീപത്തെ ദുരന്തമാണ്‌. റെയില്‍പാളത്തില്‍ മരണത്തിന്റെ ശമനതാളം കേട്ടുകിടക്കുന്ന തന്റെ പ്രിയതമന്റെ ശരീരത്തിലേക്കവള്‍ ഓടിവന്നു വീഴുന്നു. ഒന്നുമറിയാത്ത പോലെ കടന്നുപോയ തീവണ്ടിയുടെ സമയതാളത്തിനിടയില്‍ ജീവന്‍ സമാശ്വാസം തേടാനാവാതെ കീഴടങ്ങുമ്പോള്‍ കഥക്ക്‌ തിരശീല വീഴുന്നു.
രണ്ടു കഥകളിലും ആത്മഹത്യയാണ്‌ വില്ലന്‍.. നഷ്‌ടപ്പെടുത്തതിനെക്കാള്‍ നല്ലത്‌ മരണത്തിന്റെ നീലിമയില്‍ ഇടം തേടുകയാണെന്ന യാഥാര്‍ത്ഥ്യം ഇടപ്പള്ളി പറഞ്ഞു തരുന്നത്‌ പോലെ തോന്നും ഈ വാക്കുളുടെ അനസ്യുതമായ ഒഴുക്ക്‌ കാണുമ്പോള്‍...
എനിക്ക്‌ രക്ഷാമാര്‍ഗം മരണമാണ്‌. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ആ വേര്‍പാടില്‍ ആരും നഷ്‌ടപ്പെടുന്നില്ല. ഞാന്‍ നേടുന്നുമുണ്ട്‌. അന്ത്യസന്ദേശത്തിലെ ഈ വാക്കുകളില്‍ കൂടി കണ്ണുപായിക്കുമ്പോള്‍ ചിന്തകളെ മറ്റെവിടേക്ക്‌ നാം ആനയിക്കും.

"മധുരമാമശകള്‍ മണ്ണടിഞ്ഞു
മരണത്തിന്‍ ചുണ്ടില്‍ ചിരിപൊഴിഞ്ഞു
അപരാധമോരോന്നുമൊത്തു കൂടി
അനുവേലമെന്‍ മുന്നില്‍ നൃത്തമാടി
ഹൃദയമണ്‍ ഭിത്തിടെ തട്ടിനീക്കി
രുധിരമനര്‍ഗളം പാഞ്ഞൊഴുകി..."

സ്വപ്‌നജീവിയായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിതകള്‍ ഇന്നും നമ്മോട്‌ സംവദിച്ചുകൊണ്ടിരിക്കുന്നു. പ്രണയത്തിന്റെ സുഗന്ധവും നൈരാശ്യത്തിന്റെ നൊമ്പരവും ബാക്കിവെച്ചിട്ട്‌ പോയ ആ പ്രതിഭ മരണമില്ലാതെ കാല്‍പനീകാസ്വദകരുടെ ആത്മാവില്‍ സ്‌പന്ദിച്ചുകൊണ്ടേയിരിക്കുന്നു.

Comments (3)
ആ മഹാകവിയെ വീണ
1 Friday, 12 June 2009 01:42
കിരണ്‍
ആ മഹാകവിയെ വീണ്ടും ഓര്‍മ്മപ്പെടുത്തിയതിനു നന്ദി...
നല്ല അവതരണം,നല്ല ഭാഷ..
ഇന്‍ഫോര്‍മേറ്റീവായ ലേഖനം..
വളരെ നന്ദി ഗിരീഷ്
നല്ല ലേഖനം..അത്
2 Tuesday, 16 June 2009 23:14
indu
നല്ല ലേഖനം..അത്രയൊന്നും ആളുകള്‍ ശ്രേധിക്കാത്ത അദ്ധേഹത്തിന്റെ കൃതികളെ കുറിച്ച് എഴുതിയത് വളരെ നന്നായി..ഇനി പ്രിയങ്കരിയായ ദുരന്ത നായിക രാജ ലക്ഷ്മി..കുറിച്ചും എന്തെന്കില്‍ം എഴുതാന്‍ ദയവുണ്ടാവുമല്ലോ
ഇടപ്പള്ളി എന്റ
3 Tuesday, 23 June 2009 23:05
sunilraj
ഇടപ്പള്ളി എന്റെ നാട്ടില്‍ ആണ് അന്ത്യ വിശ്രമം കൊള്ളുന്നത്‌.
കൊല്ലം മുളംകാടകം ശ്മശാനന്ത്തില്‍.
കുരീപ്പുഴ ശ്രീകുമാറും കൊല്ലം മധുവും
ഒക്കെ ഉണര്ന്നതിനാല്‍ ഇന്ന് ആണ്ടിലൊരിക്കല്‍ എങ്കിലും അദേഹത്തെ ഓര്‍ക്കുന്നു..
വളരെ നന്നായി ഗിരീഷ്‌....

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 22 guests online