|
വെള്ളിത്തിര
|
| ഒരു ജൂറിയും കുറേ മഹാപ്രതിഭകളും കെ കെ ജയേഷ്‌കുമാര്‍ |  |
സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് പ്രഖ്യാപിച്ചതുമുതല്‍ സംവിധായക പ്രതിഭയായ ടി വി ചന്ദ്രന് ഇരിക്കപ്പൊറുതിയില്ലാതായി, അടൂര്‍ ഗോപാലകൃഷ്‌ണനെ തന്നേക്കാള്‍ മഹാനാക്കിയതാണ് ടി വി യെ രോഷാകുലനാക്കിയത്. തന്റെ മഹത്തായ ഭൂമിമലയാളം എന്ന സിനിമയെ രണ്ടാമതാക്കി അടൂര്‍ സാര്‍ ഒരു പെണ്ണും രണ്ടാണും എന്ന പൊട്ട സിനിമയെടുത്ത് ഒന്നാമനായത് എങ്ങിനെ സഹിക്കാന്‍ ചന്ദ്രന്‍ സാറിന് കഴിയും. എത്രയോ സിനിമകളില്‍ സി പി എമ്മിനെ താന്‍ മഹത്തായി ചിത്രീകരിച്ചു. ഗുജറാത്ത് കലാപവും കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളും എത്രയോ തവണ ചിത്രീകരിച്ച തന്നെ അവഗണിച്ച് തീര്‍ത്തും പിന്തിരിപ്പനായ അടൂരിന് അവാര്‍ഡ് നല്‍കുമ്പോള്‍ പാവം എങ്ങിനെ രോഷം കൊള്ളാതിരിക്കും. മുഖാമുഖത്തിലൂടെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന് പേര് നേടിയ അടൂരിന് അവാര്‍ഡ് ലഭിക്കുമ്പോള്‍ സാംസ്‌ക്കാരിക വകുപ്പിന്റെ തലപ്പത്ത് എം എ ബേബി സഖാവാണെന്നതും ചന്ദ്രന്‍ സാറിനെ വേദനപ്പെടുത്തിയെങ്കില്‍ ബേബി സാറ് തന്നെ അതിന് മറുപടി പറയണം. 
ടി വി ചന്ദ്രന്‍ മലയാളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ച സംവിധായകനാണ്. കഥാവശേഷന്‍ എന്ന ഒറ്റ ചിത്രം മതി അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴമറിയാന്‍. അടൂര്‍ ഗോപാലകൃഷ്‌ണന് ജന്മം മുഴുവന്‍ തപസ്സിരുന്നാലും ഇതുപോലൊരു സിനിമയുണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഡാനി, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ നല്ല സിനിമകളെടുത്ത ചന്ദ്രന്റെ ഭൂമിമലയാളം പക്ഷെ തീര്‍ത്തും അസഹനീയമാണ്. ഈ തരം താണ ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിന് അവാര്‍ഡ് നല്‍കിയതിന് ചന്ദ്രന്‍ സത്യത്തില്‍ ജൂറിയോട് നന്ദി പറയുകയാണ് വേണ്ടത്. പക്ഷെ അടൂര്‍ തന്റെ മുകളില്‍ കയറി നില്‍ക്കുമ്പോള്‍ തനിക്ക് സഹിക്കാന്‍ കഴിയില്ലെന്ന വേദനയാവാം അദ്ദേഹം പങ്കുവെച്ചത്. ഓരോ സിനിമ കഴിയുന്തോറും താഴോട്ട് താഴോട്ട് പോവുന്ന സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്‌ണന്‍. എലിപ്പത്തായം പോലൊരു സിനിമയെടുത്ത അടൂരാണ് നാല് പെണ്ണുങ്ങളുമെടുത്തത് എന്നതാണ് വിരോധാഭാസം. നാല് പെണ്ണുങ്ങളുടെ തുടര്‍ച്ചയാണത്രെ ഒരു പെണ്ണും രണ്ടാണും. ഇതിന്റെ സ്ഥിതിയെന്തായിരിക്കുമെന്ന് കണ്ടില്ലെങ്കിലും പാവം പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ കഴിയും. ചന്ദ്രന്‍ സാറിനും ഇതറിയാമായിരിക്കും. തന്റേതിനേക്കാള്‍ മോശം സിനിമയെടുത്തയാള്‍ അവാര്‍ഡും കൊണ്ട് പോവുന്നത് ആര്‍ക്കും സഹിക്കില്ലല്ലോ. ആളുകളെ കബളിപ്പിക്കുന്ന സിനിമകളെടുത്തിട്ട് പരസ്‌പരം വാക്ക്‌പയറ്റ് നടത്തുന്ന ഈ മഹാന്‍മാര്‍ ചെയ്യേണ്ടത് അന്യഭാഷകളില്‍ പുറത്തിറങ്ങുന്ന മസാല സിനിമകള്‍ കാണാനുള്ള മനസ്സുണ്ടാക്കുകയാണ്. നമ്മുടെ പാവം ഓല ടാക്കീസുകളില്‍ പോലും സുലഭമായി നിറഞ്ഞ സദസ്സില്‍ തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വലിയ വിവരമൊന്നുമില്ലാത്ത കുറേ യുവാക്കള്‍ സംവിധാനം ചെയ്‌ത അത്തരം സിനിമകള്‍ കണ്ട് കഴിയുമ്പോള്‍ എങ്ങിനെ സിനിമയെടുക്കണമെന്ന സാമാന്യ ബോധം ലഭിക്കുക തന്നെ ചെയ്യും. പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം, വെയില്‍, മൊഴി, വെണ്ണിലാ കബഡിക്കൂട്ടം തുടങ്ങിയ ധാരാളം സിനിമകളുണ്ട്. ലോകപര്യടനങ്ങളുടെയും പത്രസമ്മേളനങ്ങളുടെയും തിരക്കൊഴിയുമ്പോള്‍ ഒന്നു കാണാന്‍ ശ്രമിക്കുക. തീര്‍ച്ചയായും ഗുണമുണ്ടാവും.
 അടൂരും ടി വി ചന്ദ്രനും എന്തെടുത്താലും അവാര്‍ഡ് നല്‍കണമെന്ന് ആരാണ് ജൂറിയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയത്.വ്യത്യസ്ഥമായ പ്രമേയങ്ങളുമായി ഇവിടെയും ചില യുവാക്കളെത്തുന്നുണ്ട്. മധുപാല്‍ സംവിധാനം ചെയ്‌ത തലപ്പാവ് എന്ന സിനിമ നമ്മുടെ മഹാന്‍മാരുടെ ചിത്രങ്ങളേക്കാള്‍ എത്രയോ മികച്ചു നില്‍ക്കുന്നതാണ്. എന്നിട്ടും മികച്ച നവാഗത സംവിധായകനില്‍ മധുപാലിനെ ഒതുക്കിക്കളയുകയായിരുന്നു ജൂറി. മധുപാലിനെ മികച്ച സംവിധായകനാക്കിയാല്‍ ഇവിടെ പ്രളയമുണ്ടാവുമെന്ന് ജൂറി ഭയന്നെന്ന് തോന്നുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ ചില നിരൂപകശ്രേഷ്‌ഠരുടെ തേര്‍വാഴ്‌ചയ്‌ക്കും കേരളം സാക്ഷിയാവുമായിരുന്നു. പത്തിലധികം ആളുകള്‍ കാണുന്ന സിനിമകളോട് വല്ലാത്ത വിദ്വേഷം നെഞ്ചിലേറ്റുന്ന ഈ വര്‍ഗത്തിന് അടൂരും ചന്ദ്രനും കഴിഞ്ഞൊരു സംവിധായകനുണ്ടാവാന്‍ വഴിയില്ല. ക്ലാസ്‌മേറ്റസ് മുസ്ലീം വിരുദ്ധ സിനിമയാണ്.നന്ദനം ഫാസിസ്റ്റ് ചിത്രമാണ്. ആധാരത്തിലെ ലോറി മുതലാളിത്വത്തിന്റെ പ്രതീകമാണ്. എന്നെല്ലാമുള്ള വിചിത്രവാദങ്ങളുളള ഇക്കൂട്ടരാണ് മലയാള സിനിമയെ പിന്നോട്ട് നടത്തുന്നത്. ഇവരുടെ പുകഴ്‌ത്തലുകള്‍ കേട്ട് ഭൂമി മലയാളം ലോകോത്തരമെന്ന് ടി വി ചന്ദ്രനും നാല് പെണ്ണുങ്ങള്‍പ്പുറം മറ്റൊരു സിനിമയില്ലെന്ന് അടൂരും ധരിച്ചുപോവുകയും ചെയ്യും. ഇതിനിടയില്‍ വ്യത്യസ്ഥതയ്‌ക്ക് വേണ്ടിയുള്ള ശ്രമങ്ങളുമായി രംഗത്തെത്തുന്ന രഞ്‌ജിത്തും മധുപാലുമെല്ലാം എന്നും ചവുട്ടിത്താഴ്‌ത്തപ്പെടും.
മഹാപ്രതിഭകളായ സംവിധായകരും നിരൂപക ശ്രേഷ്‌ഠരും ജൂറി അംഗങ്ങളും വിരാചിക്കുന്ന കേരളത്തില്‍ നിന്ന് ഉടനടി രക്ഷപ്പെടാനാണ് യുവ സംവിധായകര്‍ ശ്രമിക്കേണ്ടത്. തമിഴില്‍ പോയാല്‍ ശശികുമാറിനും ചേരനും അമീര്‍ സുല്‍ത്താനുമെല്ലാം നല്‍കുന്ന സ്ഥാനം അവര്‍ നിങ്ങള്‍ക്കും നല്‍കിയേക്കാം. പോവുന്ന യാത്രയില്‍ രഞ്‌ജിത്തിനോടും മധുപാലിനോടും ലാല്‍ജോസിനോടുമെല്ലാം ഒരഭ്യര്‍ത്ഥനയുണ്ട് ആ പാസഞ്ചറിന്റെ സംവിധായകന്‍ രഞ്‌ജിത്ത് ശങ്കറിനേയും കൂടെ കൂട്ടണം.നാളത്തെ അദ്‌ഭുതമാണ് ആ സംവിധായകനെന്ന് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ട്. നിങ്ങള്‍ അന്യഭാഷകളില്‍ പോയി അദ്‌ഭുതം കാട്ടുക. ഞങ്ങള്‍ മലയാളികള്‍ പ്രതിഭകളുടെ പഴഞ്ചന്‍ ഗീര്‍വാണങ്ങളും സഹിച്ച് ഇവിടെ കഴിഞ്ഞുകൊള്ളാം. അല്ലെങ്കിലും ഞങ്ങള്‍ക്ക് അതിന് മാത്രമാണല്ലോ വിധിയുള്ളത്.
NB: ഇന്നത്തെ ചിന്താവിഷയം ഒരു വന്‍ വിജയമായിരുന്നെന്ന് അതിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുമെന്ന് തോന്നുന്നില്ല. മികച്ച ധാരാളം സിനിമകളെടുത്ത തന്റെ കലാമൂല്യമുള്ള സിനിമയാണ് അതെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടാവില്ല. പക്ഷെ ചുക്കേത് ചുണ്ണാമ്പേത് എന്നറിയാത്ത അവാര്‍ഡ് ജൂറിയ്‌ക്ക് ഇന്നത്തെ ചിന്താവിഷയം കലാമേന്മയുള്ള ജനപ്രിയ ചിത്രമാണ്. എല്‍ പി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നാടകങ്ങളുടെ നിലവാരം പേലുമില്ലാത്ത ഈ സിനിമ എത്ര പ്രേക്ഷകനെ തൃപ്‌തിപ്പെടുത്തിയെന്ന് ദൈവത്തോട് ചോദിക്കേണ്ടിവരും. വെറുതേ ഒരു ഭാര്യയുടെയും തിരക്കഥയുടെയും ശില്‌പികള്‍ ജൂറിയോട് ക്ഷമിച്ചേക്കണേ...
|
>>> kathavaseeshan adoorinte alle?
പഴഞ്ചന്‍ ഗീര്‍വാണങ്ങള്‍ സഹിക്കാന്‍ നമുക്ക് വിധി.. ആരാച്ചരും, കൈലിയുടുത്ത പെണ്ണും, ആട്ടില്‍കല്ലും മന്‍സില്‍ ഇട്ടു നടക്കുന്ന ഔട്ട്‌ഡേറ്റഡ് അമ്മാവന്മാരെ!
.....അസ്സലായിരിക്ക്യുന്നു ഈ ലേഖനം.....കൂടുതല്‍ ഒന്നും പറയാനില്ല ....സൂപ്പര്‍
ASSALAAAAAYITTUND TTO.....
kathavaseshan arudath??????????????