| ലേഖനം | |||||
ശവം തീനികള്‍!- ശവംതീനികളുടെ ആര്‍ത്തിയാണ് ആ താളുകളില്‍ നിറഞ്ഞുപതഞ്ഞു കിടന്നതത്രയും. പൊലിഞ്ഞിട്ടും പൂവിതളിനെ ചവിട്ടിമെതിക്കാനുള്ള ത്വരയും ദുരയും. മാധവിക്കുട്ടിയെ സംസ്കാരിച്ചതിനെ ചൊല്ലിയാണ് പുതിയ വിവാദങ്ങളത്രയും. ഖുര്‍ ആനോ ഗീതയോ വായിച്ചിരുന്നെങ്കില്‍ ഖബറിന്റെ തണുപ്പും ചിതയുടെ ചൂടും ഭൗതിക ദേഹത്തിന് ഒരുപോലെയാണെന്ന് ഈ ശവംതീനികള്‍ തിരിച്ചറിയുമായിരുന്നു. കമലാസുരയ്യ കയ്യോടെ ഉപേക്ഷിച്ച അതേ ഹിന്ദുമത (അങ്ങനെ ഒരു മതമുണ്ടോ?)ത്തിന്റെ പേരില്‍ അവരുടെ ദേഹത്തിന് വിലയിട്ടത് സംഘ്പരിവാര്‍ നേതാക്കളായിരുന്നെങ്കില്‍, മാധവിക്കുട്ടിയെന്ന കാല്‍പനിക മധുരമായ പേരുപോലും ഓര്‍ക്കാന്‍ 'ഇസ്ലാമിക' മൗലികവാദികള്‍ വല്ലാതെ മടിച്ചു. സംഘ്പരിവാര്‍ പത്രമായ 'ജന്മഭൂമി'യും എന്‍ ഡി എഫിന്റെ മുഖപത്രമായ 'തേജസും' അവരുടെ വിയോഗവാര്‍ത്ത വിപണനം ചെയ്ത രീതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ദേഹത്തിനുവേണ്ടി കടിപിടികൂടിയവര്‍ ദേഹിയെക്കുറിച്ച് ഒരുനിമിഷം പോലും ചിന്തിച്ചില്ലെന്നു മാത്രമല്ല, വിവാദക്കയത്തിലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. മലയാളത്തിന്റെ 'എഴുത്തമ്മ' മാധവിക്കുട്ടിയെ ഒരുമ്പെട്ടവളും ആശ്ലീലക്കാരിയും സദാചാര വിരുദ്ധയുമാക്കാന്‍ മുമ്പില്‍ നിന്ന അതേ മതപ്രമാണിമാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അവരുടെ അപദാനങ്ങളെക്കുറിച്ച് അധരവ്യായാമം നടത്തിയത്. 'മരിച്ചുകിട്ടേണ്ടുന്ന താമസം മാലോകര്‍ക്കുള്ളില്‍ തരിച്ചുകേറുന്നു സ്നേഹവും ബഹുമാനവും' എന്ന് പണ്ട് ചെമ്മനം ചാക്കോ പാടിയത് ചുമ്മാതല്ല. പറഞ്ഞുവന്നത്, മലയാളിയുടെ സ്വന്തം മാധവിക്കുട്ടിയോട് കേരളം നന്ദികാട്ടിയോ എന്നാണ്. നന്ദികാട്ടിയില്ലെന്നു മാത്രമല്ല, ആത്മശാന്തിപോലും നഷ്ടപ്പെടും വിധം അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുകകൂടി ചെയ്തു. ഓര്‍ക്കുന്നില്ലേ, വിവാദങ്ങളുടെ ആ മധുരമനോജ്ഞകാലം! മാധവിക്കുട്ടി മതം മാറിയപ്പോള്‍ ഭീഷണിക്കോടാലി എറിഞ്ഞവര്‍; ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നുള്ള പിതൃശൂന്യമായ എഴുത്തുകുത്തുകള്‍; എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചപ്പോഴുള്ള ചന്ദ്രഹാസം ഇളകല്‍......സാംസ്കാരിക ഫാസിസ്റ്റുകള്‍ക്ക് മുമ്പില്‍ വിസ്മൃതിയുടെ മൂടുപടം എടുത്തണിഞ്ഞ് ഒന്നും കണ്ടില്ലെന്നു നടിക്കാന്‍ നമുക്ക് കഴിയുമോ? എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച 2002-ല്‍ കമലാ സുരയ്യയെ സംഘ്പരിവാര്‍ സംഘടനകള്‍ എത്രമാത്രം കല്ലെറിഞ്ഞു. കമലയെ അവരുടെ 'പേരു'കൊണ്ടു മാത്രം അളക്കാനാണ് പി പരമേശ്വരനും പി നാരായണക്കുറുപ്പും ശ്രമിച്ചത്. മാധവിക്കുട്ടിയ്ക്കല്ല സുരയ്യയ്ക്കാണ് അവാര്‍ഡ് ലഭിച്ചതെന്ന് അവര്‍ വിലപിച്ചു; എഴുത്തച്ഛന്‍ ഹിന്ദുവാണെന്നും സുരയ്യ പരകായപ്രവേശം നടത്തിയെന്നും അവര്‍ എഴുതിപൊലിപ്പിച്ചു. ഇസ്ലാമിക പ്രബോധകനുള്ള അവാര്‍ഡ് തസ്ലീമ നസ്‌റിനും സല്‍മാന്‍ റുഷ്ദിക്കും നല്‍കുന്നതുപോലെയാണ് സുരയ്യക്ക് എഴുത്തച്ഛന്‍ പുരസ്കാരം നല്‍കിയതത്രേ. എത്ര വികലവും സങ്കുചിതവുമായ ബോധതലം. നീര്‍മാതളങ്ങള്‍ പൂത്തുവിടര്‍ന്ന പുന്നയൂര്‍ക്കുളത്തെ 17 സെന്റ് മണ്ണ് കേരള സാഹിത്യ അക്കാദമിക്ക് സമര്‍പ്പിച്ച കമലയെ, ഒരു പാമ്പിന്‍ വിഗ്രഹത്തിന്റെ പേരില്‍ ഹൈന്ദവ വര്‍ഗീയവാദികള്‍ കുത്തിനോവിച്ചത് ഒരിക്കലും മറക്കാനാകില്ല. പാമ്പിന്‍കാവുള്ള സ്ഥലം ഏറ്റെടുത്താല്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുമെന്ന് പറഞ്ഞ് സംഘ്പരിവാറുകാര്‍ക്ക് മുമ്പേ, 'അടിയന്‍ ലച്ചിപ്പോം' മട്ടില്‍ കാവിനിക്കറിട്ട സാംസ്കാരിക വൈതാളികര്‍ ഉറഞ്ഞുതുള്ളി. പൂനയിലേക്ക് മടങ്ങും മുമ്പ് കടവന്ത്രയിലുള്ള ഫ്ലാറ്റിലേക്ക് അവരെ തേടിയെത്തിയ ഭീഷണിസ്വരങ്ങള്‍ക്ക് കയ്യും കണക്കുമില്ലായിരുന്നു. മതംമാറിയ മാധവിക്കുട്ടി, താന്‍ ഇപ്പോഴും കൃഷ്ണന്റെ പ്രണയിനിയാണെന്ന് പറഞ്ഞത് മഹാഅപരാധമത്രേ. 'കൃഷ്ണ'നിലേക്ക് തിരിച്ചുപോയാല്‍ കുടുംബത്തോടെ നിഷ്കാസനം ചെയ്യുമെന്ന് ഇസ്ലാമിക മതമൗലികവാദികളാണ് ഭീഷണിമുഴക്കിയത്. ആത്മരക്ഷാര്‍ത്ഥമാകാം കേരളീയ സമൂഹത്തില്‍ നിന്ന് കമല പലായനം ചെയ്തത്. ഈ രണ്ടു വര്‍ഗീയ ഭ്രാന്തരുമാണ് കമലയുടെ മൃതദേഹ സംസ്കാരത്തിന്റെ പേരില്‍ ഇന്ന് കണ്ഠക്ഷോഭം നടത്തുന്നത്. പൂനയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ അന്ത്യനാളുകളില്‍, 'കമലാദാസ്'എന്ന പേരിലാണ് ആ കലാകാരി പ്രവേശിപ്പിക്കപ്പെട്ടതെന്ന ഹിമാലയന്‍ കണ്ടെത്തലാണ് സംഘ്പരിവാര്‍ മാധ്യമങ്ങള്‍ നടത്തിയത്. മാധവിക്കുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായാണ് അവരെ പാളയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ചതെന്ന് ആര്‍ എസ് എസും വിശ്വഹിന്ദുപരിഷത്തും മുതല്‍ തപസ്യ വരെ കേഴുന്നു. ഒരു ഗ്രീക്ക് ദുരന്തനാടകമായി അവരുടെ അന്ത്യത്തെ വിശേഷിപ്പിച്ച പി പരമേശ്വരനും കുമ്മനം രാജശേഖരനും പൊഴിക്കുന്ന മുതല്ലക്കണ്ണീര്‍ ആര്‍ക്കുവേണ്ടിയാണ്? എല്ലാ സ്വാതന്ത്ര്യത്തോടെയും, അമ്മയുടെ ആഗ്രഹപ്രകാരവും സംസ്കാരം നടന്നെന്ന് മകന്‍ എം ഡി നാലപ്പാടുതന്നെ വ്യക്തമാക്കി കഴിഞ്ഞു. മക്കള്‍ക്കില്ലാത്ത വ്യസനം എന്തിനാണ് പരമേശ്വരാദികള്‍ കാണിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല. മാധവിക്കുട്ടിയുടെ 'മരണത്തെയും മതംമാറ്റി'യെന്ന് അച്ചുനിരത്തും മുമ്പ്, അവര്‍ അനുഭവിച്ച ഏകാന്ത വേദനകളെ കുറിച്ചെങ്കിലും 'ജന്മഭൂമി' ആലോചിക്കേണ്ടിയിരുന്നു(ചീഫ് എഡിറ്റര്‍ ലീലാ മേനോനെങ്കിലും). 'ലജ്ജ' എഴുതിയതിന്റെ പേരില്‍ ബംഗ്ലാദേശിലെ ഇസ്ലാം മതനേതൃത്വം പുറപ്പെടുവിച്ച ഫത്‌വയുടെ പേരിലാണ് തസ്ലീമാ നസ്‌റീനെന്ന വിശ്രുതകലാകാരി പിറന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നത്. സ്ത്രീയെ ദൈവതുല്യമായി കരുതണമെന്ന് പഠിപ്പിച്ച ഇസ്ലാം മതത്തിന്റെ പേരില്‍ ഹൈദരാബാദില്‍ മജ്ലിസ് ഇത്തിഫാദുല്‍ മുസ്ലിമീന്‍ എം എല്‍ എമാര്‍ അവരെ കയ്യേറ്റം ചെയ്തു. വര്‍ഗീയ ചിന്തകള്‍ക്ക് മുമ്പില്‍ കാലദേശാന്തരങ്ങള്‍ക്ക് എന്തു പ്രസക്തി അല്ലേ. ദൈവത്തിന്റെ പേരില്‍ എല്ലാമതത്തിലും ഉയര്‍ന്നുവരുന്ന പൗരോഹിത്യം ദൈവങ്ങളെ കൊന്ന് അട്ടഹസിക്കുകയാണ്. മാധവിക്കുട്ടി അതിന്റെ സമ്പന്നയായ ഒരു ഇരമാത്രം. രാത്രിയില്‍ ചുവന്ന സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീയെ വധിക്കാന്‍ വാടകകൊലയാളിയെ ഏര്‍പ്പെടുത്തുന്ന ഒരു കഥാപാത്രത്തെ മാധവിക്കുട്ടി വരച്ചിട്ടിട്ടുണ്ട്. 'അവസാനത്തെ അതിഥി' എന്ന കഥയില്‍. അക്ഷരങ്ങളുടെ നിത്യവെളിച്ചം ഇല്ലായിരുന്നെങ്കില്‍ നമ്മളില്‍ പലരും മാധവിക്കുട്ടിയെ, ഇരുട്ടിന്റെ മറവില്‍ എന്നേ വധിച്ചേനേ; കാരണം നമ്മുടെ ഉള്ളില്‍ നാം അടക്കിവെച്ച മതദ്വേഷത്തിന്റെ ആ മൃഗത്തെ തട്ടിയുണര്‍ത്താനായി ചില ശവംതീനികള്‍ ആഞ്ഞുശ്രമിക്കുകയാണല്ലോ.......
|



നല്ലൊരു ലേഖനം വായിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷിക്കുന്നു..
ലേഖകന് അഭിനന്ദനങ്ങളുടെ പൂചെണ്ടുകള്‍..
മത നിരപേക്ഷ വാദികള്‍,ഹിന്ദു ധര്‍മം പുലര്‍ത്തുന്നവര്‍,പിന്നെ ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍..ആരും ഇതില്‍ ഉത്കണ്ട പെടെണ്ടാതില്ല.