അക്കരക്കാഴ്ചകളിലെ നക്ഷത്രം

ഡോണ മയൂര


 

 മലയാളം സീരിയലുകളിലെ കണ്ണീര്‍ പ്രളയതില്‍ മുങ്ങി നിവരേണ്ടി വരുന്ന മലയാളിക്ക് സായിപ്പിന്റെ നാട്ടില്‍ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥ വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു.  'അക്കരക്കാഴ്ച്ചകള്‍' എന്ന സിറ്റ്കോം അവര്‍ക്ക് പ്രിയങ്കരമാവാന്‍ പിന്നെ അധികസമയമെടുത്തില്ല. 'യു ട്യൂബി'ലൂടെയും 'കൈരളി ടീവി'യിലൂടെയും മലയാളികളുടെ മനം കവര്‍ന്ന അക്കരക്കഴ്ച്ചകള്‍, അമേരിക്കന്‍ മലയാളിയുടെ ആശകളും നിരാശകളും ഞെട്ടലുകളും കോമാളിത്തരങ്ങളും  കാട്ടിക്കൂട്ടലുകളും ജാടകളും എന്ന് വേണ്ട സുഹൃത്തുകളുമായുള്ള മത്സരമനോഭാവം മുതല്‍ പരദൂഷണം വരെ വിഷയമായി കാണിക്കുന്നു.  'അക്കരക്കാഴ്ച്ചകള്‍' കാണുന്ന ഓരോ അമേരിക്കന്‍ മലയാളിയും സ്വയം  ചോദിച്ച് തുടങ്ങി "ഇത് ഞാന്‍ തന്നെയാണോ, ഞാന്‍ ഇങ്ങിനെയൊക്കെയാണോ?" ഇത് തന്നെയാണ് 'അക്കരക്കാഴ്ച്ചകള്‍' എന്ന മലയാളം സിറ്റ്കോമിന്റെ വിജയരഹസ്യം.

 
1990-ലാണ് ഭാര്യക്കും, അന്ന് മൂന്നു വയസ്സുണ്ടായിരുന്ന മകന്‍ ടോമിനും, ഒപ്പം വല്യകല്ലുങ്കല്‍ ജോസ്കുട്ടി അമേരിക്കയില്‍ എത്തുന്നത്. നാട്ടില്‍ വച്ചേ സിനിമയിലും നാടകത്തിലും ഒക്കെ കമ്പക്കാരനായിരുന്നു ജോസ്കുട്ടി . ഇന്ന് അദ്ദേഹത്തെ ജോര്‍ജ് തേക്കുംമൂട്ടില്‍‍ എന്ന പേരില്‍ അറിയാത്ത മലയാളികള്‍  ചുരുക്കമാണ്. മലയാളം "കുരച്ച്, കുരച്ച് അറിയാവുന്ന" പുതിയ തലമുറക്കു പോലും അക്കരക്കാഴ്ചകള്‍ അത്ര മേലിഷ്ടം.
മമ്മൂട്ടിയുടെ "രാജമാണിക്യം" സംഭാഷണശൈലി പോലെ സംഭാഷണത്തില്‍ തനതായ മീനച്ചല്‍ ശൈലി ഉപയോഗിക്കുന്ന ജോസുകുട്ടിയുടെ ഹാസ്യവും, സംഭാഷണവും മറ്റു മലയാളികള്‍ക്ക് പുതുമയായി തോന്നാറുണ്ട്. ഫിലാഡല്‍ഫിയായില്‍ "മഴ വീണപ്പാട്ട്" എന്ന നാടകം വേദിയില്‍ അവതരിപ്പിക്കുമ്പോഴാണ് അക്കരക്കാഴ്ചകളുടെ എബി വര്‍ഗീസും(ഡയറക്ടര്‍) അജയന്‍ വേണു ഗോപാലനും (മുഖ്യ തിരക്കഥാകൃത്ത്), ജോസ്കുട്ടിയേയും സജ്നിയേയും  കണ്ടെത്തുന്നത്. ആ നാടകമായിരുന്നു അവരുടെ ഒഡീഷനും. പ്രോക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ജോര്‍ജ് തേക്കും‌മൂട്ടിലിനെ അവര്‍ അവിടെ കണ്ടെത്തി.  ജോസ്കുട്ടിയാണ് അക്കരകാഴ്ചകളിലെ മറ്റൊരു സുപ്രധാന കഥാപാത്രമായ ഗിരിഗിരിയെ ഈ സിറ്റ്കോമിലേക്ക് കൊണ്ട് വരാനുള്ള പ്രധാന പങ്ക് വഹിച്ചത്.

ജോസ്കുട്ടിയുടെ നാട് ഉഴവൂരിനടുത്തുള്ള  വെളിയന്നൂര്‍. ഷേര്‍ളിയാണ് ജോസ്കുട്ടിയുടെ സഹധര്‍മ്മിണി .  മകന്‍ ടോം ഗായകനും, മകള്‍ മീനു നര്‍ത്തകിയുമാണ്. ന്യൂ ജഴ്സിയിലെ "ഫൈന്‍ ആര്‍ട്ട്സ് മലയാളം“ എന്ന ക്ലബിന്റെ രൂപീകരണം മുതല്‍ അതിലെ സജ്ജീവ അംഗവുമാണ് ജോസുകുട്ടി. ഈ ക്ലബ് വഴി അര ഡസനോളം നാടകങ്ങള്‍ അമേരിക്കയിലെ പലഭാഗങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്.  
 

Q: മഴവീണപ്പാട്ടില്‍ നിന്നും അക്കരക്കാഴ്ചകളിലേക്ക് വന്നപ്പോള്‍ എന്താണ് വ്യത്യാസം തോന്നിയത്?
 
എന്റെ അനുഭവത്തില്‍ സിറ്റ്കോമില്‍ അഭിനയിക്കുന്നതാണ് കൂടുതല്‍ എളുപ്പം. നമുക്ക് എന്തെങ്കിലും തെറ്റു പറ്റിയാല്‍ മാറ്റിയെടുക്കാം..സ്റ്റേജാകുമ്പോള്‍ ഒരിക്കല്‍ തെറ്റിയാല്‍ തെറ്റി.

Q: ഇപ്പോഴത്തെ തലമുറക്കാരാണല്ലോ അക്കരക്കാഴ്ചകളുടെ ആരാധകരില്‍ ഏറിയ പങ്കും. ഇതിന്റെ കാരണമെന്താണെന്ന് തോന്നുന്നു?
 
പലരും എന്നോട് പറയാറുണ്ട്: "എന്റെ വീട്ടില്‍ നടക്കുന്നതൊക്കെ അതു പോലെ തന്നെ നിങ്ങള്‍ കാണിക്കുന്നു". അതു കൊണ്ട് കഥാപത്രം പരിചയമുള്ള  ഒരാളാണെന്ന് തോന്നുന്നതില്‍ ആശ്ചര്യമില്ല. ദൈവാനുഗ്രഹം കൊണ്ടാവാം കാണികള്‍ വളരെ ഇഷ്ടപ്പെടുന്നു.

Q: അമേരിക്കന്‍ മലയാളികള്‍ ചെയ്യുന്നതും, എന്നാല്‍ പുറത്ത് പറയാന്‍ മടിക്കുന്നതുമായ സംഭവങ്ങള്‍ ഇനിയും അക്കരക്കാഴ്ചകള്‍ വഴി പ്രേക്ഷകര്‍ കാണാന്‍ ഇടയുണ്ടോ?

ഒരു മാതിരിയെല്ലാം നമ്മള്‍ കാണിച്ചുവെങ്കിലും ഇനിയും ധാരാളം ബാക്കിയുണ്ട്. മുമ്പ് നാട്ടില്‍ നിന്നും ആദ്യമായി അമേരിക്കയില്‍ വരുന്നവര്‍ക്ക് ഒന്നു രണ്ട് വര്‍ഷത്തേക്ക് ഞെട്ടലാണ്. ഈ അവസ്ഥയിലാണ് പല കോമാളിത്തരങ്ങളും  ചെയ്തു പോകുന്നത്. ഇപ്പോള്‍ ഇവിടെ വരുന്നവരൊക്കെ നല്ല വിദ്യാഭ്യാസമുള്ളവരാണ്. ഇനി വരുന്നവരും ഇങ്ങിനെയായാല്‍ നമ്മുക്ക് ഐഡിയകള്‍ക്ക് പഞ്ഞമാകും.

 
Q: അക്കരകാഴ്ച്ചയിലെ സംഭാഷണങ്ങള്‍ റിയല്‍ ടൈം റിക്കാര്‍ഡിംഗാണല്ലോ, അതിനെ പറ്റി എന്താണ് അഭിപ്രായം?
 
സെറ്റില്‍ ചിലപ്പോള്‍ ഓണ്‍ ദി സ്പോട്ട്  ചില നബറുകള്‍ വരും. അതെല്ലാം വളരെ ഈസിയായി റിക്കാര്‍ഡ് ചെയ്യാന്‍ പറ്റും. ഡബ്ബിംഗാകുമ്പോള്‍ എല്ലാം നേരത്തെ എഴുതിവയ്ക്കണം. അതുകൊണ്ട് ഒരു കലാകാരനെ സംബന്ധിച്ച് ഒണ്‍ ദി സ്പോട്ടില്‍ ഡബ്ബ് ചെയ്യുന്നതാണെളുപ്പം.
 
Q: കഥാപാത്രങ്ങള്‍ തമ്മിലുള്ള കെമിസ്റ്റ്ട്രിയുടെ രഹസ്യമെന്താണ്, പ്രത്യേകിച്ച് റിന്‍സിയെന്ന കഥാപാത്രവു‌മായി ?
 
പലരെയും ഞങ്ങള്‍ക്ക് നേരിട്ടറിയാം അതുതന്നെയാകണം അങ്ങിനെ വരുന്നത്. പക്ഷെ എന്നെ സംബന്ധിച്ച്  റിന്‍സിയല്ല, വേറെ ഏതു കഥാപാത്രമായാലും ഞാന്‍ ഇങ്ങിനെതന്നെയേ പ്രസന്റ് ചെയ്യുകയുള്ളു. ഞാന്‍ മനസില്‍ ആ കഥാപാത്രത്തിന് ഒരു രൂപം കൊടുത്തിട്ടുണ്ട് - അതാണ് ജോര്‍ജ് തേക്കും‌മൂട്ടില്‍. പിന്നെ എല്ലാവര്‍ക്കും ഈ അഭിനയ മേഖലയില്‍ കുറച്ച് അറിയുകയും ചെയ്യാം. ഏറ്റവും പ്രധാന ഘടകം നേരത്തെ അറിയാം എന്നതാവാം.
 
Q: കുടുമ്പം ഒരോ എപ്പിസോഡും കണ്ടിട്ട് അഭിപ്രായം പ്രകടിപ്പിക്കാറുണ്ടോ?

ഉണ്ട്...അവരത് പറയാറുണ്ട്, അവര്‍ വിമര്‍ശിക്കാറുണ്ട്. വീട്ടില്‍ പറയുന്നത്  "ഡാഡി ഇവിടെ പറയും പോലെയല്ലേ പറയുന്നേ..ഇതാര്‍ക്കും പറയാന്‍ പറ്റും" എന്നാണ്. അതു കൊണ്ടാണ് ജനം അത് സ്വീകരിച്ചതും. അതില്‍ കൃത്രിമമായി  ഒന്നും ഇല്ല.
 
Q: ഒരു എപ്പിസോഡില്‍ D.J ആയിട്ടു വന്നത് സ്വന്തം മകനാണല്ലോ, എന്തായിരുന്നു ആ രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്ന ചേതോവികാരം?
 
മകനാകുമ്പോള്‍ മറ്റുള്ളവരോടൊപ്പം അഭിനയിക്കുന്നതുപോലങ്ങോട്ട് വരാന്‍ ബുധിമുട്ട് വരും. പക്ഷേ, വല്യ പ്രശ്നം ഒന്നും വന്നില്ല. (ചിരിക്കുന്നു...)
 
Q: ഏതെങ്കിലും ഒരു എപ്പിസോഡിനോട് കൂട്ടുതല്‍ ഇഷ്ടമോ, പ്രത്യേകതയോ തോന്നിയിട്ടുണ്ടോ?
 
സത്യത്തില്‍ എനിക്ക് എല്ലാ എപ്പിസോഡുകളും ഇഷ്ടമാണ്. അപ്പച്ചനെയും കൊണ്ട് ജേക്കബിന്റെ വീട്ടില്‍ പോകുന്ന ഒരു എപ്പിസോഡുണ്ട്. അതെനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ്. പിന്നെയാ ലൌ എപ്പിസോഡും ഇഷ്ടമാണ്.
 
Q: ഗിരിഗിരിയും ആയിട്ട്  സെറ്റിലും കാലുവാരലാണോ, അതോ സ്ക്രീനിലെയുള്ളോ?
 
സെറ്റിലും അങ്ങിനെ തന്നെയാണ്..(ചിരി..). ഗിരിഗിരിയെ വര്‍ഷങ്ങളായി പരിചയമുണ്ടെങ്കിലും ഈ സെറ്റില്‍ വെച്ചാണ് അടുത്ത പരിചയമായത്. എന്തു വേണമെങ്കിലും പറയുവാനുള്ള സ്വാതന്ത്രവുമുണ്ട്, പരസ്പരം.


Q: യു.കെയിലെ സ്റ്റേജ് പ്രോഗ്രാമിനു മുന്നോടിയായി എന്തോക്കെയാണ് ചെയ്യുന്നത്?

റിഹേഴ്സല്‍ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. ജൂണിലാണ് പരിപാടി ആരംഭിക്കുന്നത്. ഞങ്ങള്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നത് അക്കരക്കാഴ്ചകളിലെ അതേ പോലെ പുതിയ എപ്പിസോഡുകളാണ്. പുതിയ നാലഞ്ചെണം ഞങ്ങള്‍ പഠിക്കയാണ്. അത് വേദിയില്‍ ‍ അവതരിപ്പിക്കുകയെന്നതാണ് ഉദ്ദേശം. മറ്റു സ്റ്റേജ് പ്രോഗ്രാം പോലെയല്ല, അക്കരക്കാഴ്ചകള്‍ തന്നെ ഞങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുകയാണ്.

 
Q: അടുത്ത സീസണില്‍  അക്കരക്കാഴ്ചകള്‍ മടങ്ങി വരുന്നുണ്ടോ?

ഞങ്ങള്‍ക്ക് മടങ്ങിവരണമെന്നാണ് താല്പര്യം. ഇപ്പോള്‍ ഒരു നീണ്ട ബ്രേക്ക് എടുക്കുകയാണ്. കാരണം  കുറച്ച് സ്റ്റേജ് പ്രോഗ്രാ‌മ്സ് ഒക്കെ ചെയ്യാന്‍ താല്പര്യമുണ്ട്.  ഇത്രയും നാള്‍ ഞങ്ങള്‍ ഫ്രീ സര്‍വീസാണ് ചെയ്തത്. ഇനി മുന്നോട്ടുള്ള കാര്യം ...എന്തെങ്കിലും നല്ലൊരു സ്പോണ്‍സറിനെ  കണ്ടെത്തിറ്റിട്ടേ ചെയ്യുന്നുള്ളൂ. പക്ഷേ ഞങ്ങള്‍ തീര്‍ച്ചയായും മടങ്ങി വരുന്നുണ്ട്. മിക്കവാറും സെപ്തബര്‍ - ഓക്റ്റോബറോടെ അതുണ്ടാവും. കാരണം ഒത്തിരി പേരിഷ്ടപ്പെടുന്ന പരിപാടിയാണിത്. കഥകളൊക്കെ ഇനിയും ഒത്തിരി പുതിയതുണ്ട്. ഞങ്ങള്‍ തിരിച്ച് വരും ..തിര്‍ച്ചയായിട്ടും.


Q: അക്കരക്കാഴ്ചകളിലെ അഭിനയത്തില്‍ നിന്നും സിനിമയിലെക്ക് ഇനിയും എത്രയകലമുണ്ട്?

നല്ലൊരു ചാന്‍സ് കിട്ടിയാല്‍ തീര്‍ച്ചയായും സ്വീകരിക്കും. സിനിമയ്ക്കായി ഒന്ന് രണ്ട് മാസം ഇവിടത്തെ ജോലിയും വച്ച് നാട്ടില്‍ പോയി നില്‍ക്കാനൊക്കെ ബുദ്ധിമുട്ടുമാണ്. പിന്നെ വരുന്നതു പോലെ വരട്ടെ.

Comments (3)
good one
1 Thursday, 11 June 2009 19:52
unni
good one
റിന്‍‌സി ചേച്ച
2 Friday, 12 June 2009 08:41
ശ്രീ
റിന്‍‌സി ചേച്ചിയുമായുള്ള അന്നത്തെ അഭിമുഖത്തിനു ശേഷം ജോര്‍ജ്ജേട്ടനെ കാത്തിരിയ്ക്കുകയായിരുന്നു... നന്ദി, ഈ അഭിമുഖത്തിന്.
We like Akkarakazhchakal very much in th
3 Friday, 12 June 2009 20:09
Keerthy Somarajan
We like Akkarakazhchakal very much in the UK too. Its a popular real life story + a very good family entertainment. Every week we used to check on the youtube for this serial. But for last some weeks, its not coming. We are looking forward for the rest of the episods. We like George, Rincy, Girigiri, Appachan and all of other characters. Wishing Good luck to the Akkarakazhcha team.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 21 guests online