ജലരേഖകള്‍

ആഗ്നേയ 

 

കുറെ നേരമായി ഈ ഇരിപ്പുതന്നെ ഇരിക്കുന്നു. ഒരാള്‍ അടിവയറ്റില്‍ ചവിട്ടി പ്രതിഷേധം അറിയിക്കുന്നുണ്ട്‌. ഇനി കുറച്ചു നടക്കാം. വെറുതെ നടക്കേണ്ട. സജ്‌ന അമ്മായിയമ്മയുടെ മുറിയിലേക്ക്‌ നടന്നു. പെരുന്നാള്‍ പ്രമാണിച്ച്‌ ഇന്നലെ വൈകിട്ട്‌ ഭര്‍തൃഗൃഹത്തിലേക്ക്‌ പോയ നാത്തൂന്മാര്‍ തിരിച്ചെത്തിയിട്ടുണ്ട്‌.
രണ്ടു പേരെയും കോഴിക്കോട്ടേക്കാണ്‌ കെട്ടിച്ചുവിട്ടിരിക്കുന്നത്‌. അതുകൊണ്ട്‌ വിവാഹിതരായി എട്ടും ആറും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ സ്വന്തം വീട്ടില്‍ ഇന്നും `പുത്യെണ്ണുങ്ങളായി' തുടരുന്നു.

 

 

എല്ലാവരും ചായയും സമൂസയും കഴിച്ച പാത്രങ്ങളും അവശിഷ്‌ടങ്ങളും മുറിയിലാകെ പരന്നുകിടക്കുന്നു. പതിയെ അവയെടുക്കാന്‍ ആരംഭിച്ചു.
"ഞാന്‍ വിളിക്കാനിരിക്കേര്‌ന്നു. കൊറേ നേരായില്ലേ സച്ചൂ ഇതിങ്ങനെ ഇവ്‌ടെ കെടക്കാന്‍ തൊടങ്ങീട്ട്‌. ആരെങ്കിലും പെട്ടന്ന്‌ കേറിവന്നാല്‍ ? മൂന്ന്‌ നാല്‌ പെണ്ണുങ്ങളുള്ള വീടാ.''
"ഞാനെടുത്തേനെ. പക്ഷേ നല്ല തണ്ടല്‌ വേദന.'' മൂത്തവള്‍ ഷാനിബ.
"ഇല്ലെങ്കില്‍ മലമറിച്ചേനേ'' സജ്‌ന മനസ്സിലോര്‍ത്തു.
"പണ്യൊക്കെ തീര്‍ന്നാ. പുത്യാപ്ലാര്‌ വരാനായി''
"കൂട്ടാനായി. പത്തിരീപ്പോ ആവും''
"നല്ല തലവേദന ! ഇല്ലെങ്കില്‍ ഞാന്‍ സഹായിച്ചേനേ'' ഷമീറയുടെ വക.
"ഇത്താക്ക്‌ ബുദ്ധിമുട്ടായല്ലേ ?''
"ഇല്ല നല്ല സുഖല്ലെ'' അവളോര്‍ത്തു. ഈ വയറും വെച്ച്‌ രാവിലെ പള്ളീലുള്ളോര്‍ക്ക്‌ മുഴുവന്‍ ബ്രേക്ക്‌ഫാസ്റ്റ്‌. ഉച്ചക്ക്‌ ഫയാദിന്റേം ഉപ്പാടേം ചങ്ങായിമാര്‌ ഒരു പത്ത്‌ പന്ത്രണ്ട്‌ പേര്‌. ഇപ്പോ എത്തും പുത്യാപ്ലാരും കൂട്ടുകാരും. അതു കഴിഞ്ഞുവേണം രാത്രിക്കുള്ളതു നോക്കാന്‍. താന്‍ ചത്തിട്ടില്ലെങ്കില്‍ !!!
"ഇതൊക്കെ എന്തു ബുദ്ധിമുട്ടാ ഷെമീ ?'' പണിപ്പെട്ടു വരുത്തിയ ചിരിയോടെ പറഞ്ഞു.
ഈയിടെയായി താന്‍ ചിരിക്കാറെ ഇല്ലെന്നോര്‍ത്തു. മുന്‍പാണെങ്കില്‍ ചിരിക്കാതെ തന്നെയാരും കണ്ടിട്ടേയില്ല. കൂടെയുള്ളവരും ഒട്ടും മോശക്കാരല്ലായിരുന്നു. ആഷിത്‌, ഉമ, ലാലി, ഷക്കീല, ദീപ, ഷാബിറ...വെറുതെ എന്തു പറഞ്ഞാലും കേട്ടാലും ചിരിച്ച്‌ പിന്നെ `` നമ്മളെന്തിനാ ഇങ്ങനെ ചിരിക്കുന്നേലേ'' എന്നോര്‍ത്ത്‌ പൊട്ടിച്ചിരിച്ച്‌ ..., സിസ്റ്റര്‍ ഗോണ്‍സാല്‍വസ്സിന്റെ കട്ടിക്കണ്ണടക്ക്‌ മുകളിലൂടെയുള്ള ചോദ്യരൂപമുള്ള നോട്ടത്തിന്‌ "അറ്റത്തിരിക്കണ കുട്ടി വീഴാന്‍ പോയപ്പോ ചിരിച്ചതാണെന്നു'' ഭവ്യതയോടെ വിശദീകരണം നല്‍കി ക്ലാസില്‍ കൂട്ടച്ചിരി പടര്‍ത്തും. വീട്ടിലാണെങ്കില്‍ ``ഈ പെണ്ണിതെന്തിനാ കാര്യള്ളേനും കാര്യല്ലാത്തേനും ഇങ്ങനെ ഏതുനേരോം ഇളിച്ചോണ്ടിരിക്കണ്‌. ഇതൊന്നും പെങ്കുട്ട്യോള്‍ക്കത്ര നല്ലതല്ല. ഞാന്‍ പറഞ്ഞില്ലാന്ന്‌ വേണ്ട'' ഉമ്മാടെ പരാതി. അതിപ്പോ തീര്‍ന്നു കിട്ടിയില്ലോ. രണ്ട്‌ കൊല്ലം തന്നില്‍ വരുത്തിയ മാറ്റം !
"നീ മൈലാഞ്ചിട്ടില്ലെ മാമീ ? മൂന്നു വയസ്സുകാരി കൊഞ്ചലോടെ ചോദിക്കുകയാണ്‌.
"ഇല്ലെടീ കോതേ'' കൗതുകത്തോടെ അവളുടെ ആടിയിലെ കുഞ്ഞു ചുഴിയില്‍ ചെറുവിരല്‍ കൊണ്ടിക്കിളിയിട്ടു.
കഴിഞ്ഞ വര്‍ഷത്തെ പെരുന്നാളിനാണ്‌ സങ്കടം വന്നത്‌. മൈലാഞ്ചീം, പുതിയ ഡ്രസ്സും ഇടാത്ത ആദ്യത്തെ പെരുന്നാള്‍. അന്നു സഹായത്തിന്‌ ആയ്‌ഷാത്ത ഉണ്ടായിരുന്നെങ്കിലും തനിക്ക്‌ ശ്വാസം വിടാന്‍ നേരം കിട്ടിയിരുന്നില്ല. രാത്രി കണ്ണീരോടെ കഴിഞ്ഞുപോയ പെരുന്നാളെല്ലാം ആഘോഷിച്ചിരുന്നതോര്‍ത്തു.
ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ തുടങ്ങും കസിന്‍സും കൂട്ടുകാരുമായി കറക്കം. ഡ്രസ്സ്‌, പിന്നെ ലോകത്തുള്ള സകല ഫാന്‍സി സ്റ്റോറുകളിലും കയറിയിറങ്ങി ഡ്രസ്സിന്റെ കറക്‌ട്‌ ഷെയ്‌ഡിലുള്ള അക്‌സസറീസ്‌. പിന്നെ മൈലാഞ്ചി അങ്ങനെയങ്ങനെ. പെരുന്നാളിന്റെ തലേന്നാള്‍ എല്ലാവരും കൂടെ ആള്‍ട്ടര്‍ ചെയ്‌ത ഡ്രസ്സിന്റെ അവസാനവട്ട ``ഫിറ്റിംഗ്‌ ചെക്‌''...പിന്നെ നേരം വെളുക്കുവോളം ഇരുന്ന്‌ പറഞ്ഞതുതന്നെ പറഞ്ഞ്‌ പറഞ്ഞ്‌. ആരുടെ കൈ അധികം ചുവക്കുംന്ന്‌ ബെറ്റ്‌വെച്ച്‌...

പിറ്റേന്നു രാവിലെ കുളികഴിഞ്ഞ്‌ ആദ്യം വെല്ലിപ്പാടെ അടുത്ത്‌. അത്തറില്‍ മുക്കിയ ഇളം ഓറഞ്ച്‌ പഞ്ഞി ചെവിമടക്കിലേക്ക്‌ വെച്ചുതരുമ്പോള്‍, താന്‍ ഇക്കിളിയെടുത്ത്‌ കണ്ണുമുറുകെയടച്ചു അല്‍പ്പം പൊക്കിയ ചുമലിലേക്ക്‌ കവിള്‍ മുട്ടിച്ചു ചിരിയടക്കുന്നതു നോക്കി വെല്ലിപ്പ പല്ലില്ലാ മോണ കാട്ടി ചിരിക്കും. ആ മിന്നുന്ന മൊട്ടത്തലയില്‍ ഉമ്മ കൊടുത്ത്‌ പുറത്തുകടന്ന്‌ പിന്നെ ഒരു മണിക്കൂര്‍ നീളുന്ന ഒരുക്കം. ഇര്‍ഫാനിക്ക പള്ളിയില്‍ നിന്നും വരുമ്പോള്‍ നല്ല മുല്ലപ്പൂ കൊണ്ടുവന്നു തരും. ഉപ്പാടെ ഫോണ്‍ വന്നു കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കഴിച്ച്‌ ഉമ്മാടെ തറവാട്ടിലേക്ക്‌. അവിടെ മാമിമാര്‌ സ്വന്തം വീട്ടിലേക്ക്‌ പോയിട്ടുണ്ടാവും. കുഞ്ഞിമ്മമാര്‍ വന്നിട്ടുണ്ടാകും. അല്ലെങ്കിലും പെരുന്നാളിന്‌ എല്ലാരും സ്വന്തം വീട്ടിലേക്കു പോകും. താന്‍ മാത്രം.

അവിടെയെത്തി കഴിഞ്ഞാന്‍ പിന്നെ ഒരു മേളമാണ്‌. വെല്ലിമ്മയും, ഉമ്മയും കുഞ്ഞിമ്മമാരും കൂടെ ഒരിടത്ത്‌. തങ്ങള്‍ കുട്ടികള്‍. അതേ ഒരു വര്‍ഷം മുമ്പ്‌ വരെ താന്‍ കുട്ടിയായിരുന്നു. ഇന്നോ ? വലിയൊരു തറവാട്ടിലെ കാര്‍ന്നോത്തി...താങ്ങാനാവാത്ത ഭാരം. തനിക്കിവിടെ എന്തിന്റെ കുറവാ ? ഉത്തരമില്ല.
ഡിഗ്രിക്ക്‌ ചേര്‍ന്നിട്ട്‌ ആറു മാസമെ ആയിട്ടുണ്ടായിരുന്നുള്ളു. എങ്കിലും ഒരുപാട്‌ സ്വപ്‌നങ്ങള്‍ നെയ്‌തുകൂട്ടിയിരുന്നു. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദമെടുത്ത ശേഷം വിഷ്വല്‍ കമ്മ്യൂണിക്കേഷന്‌ ചേരണം. ഏതെങ്കിലും ചാനലില്‍ പ്രൊഡ്യുസര്‍ ആകണം. അന്നു വീട്ടിലേത്ത്‌ തിരിച്ചതും ഒരുപാട്‌ പ്ലാനുകളുമായാണ്‌. ഉമ തന്ന ഹിന്ദി സിനിമയുടെ സി ഡി കണ്ടുതീര്‍ക്കണം. ഇര്‍ഫാനിക്ക എത്ര പറഞ്ഞാലും ഹിന്ദി സി ഡി എടുത്തുതരില്ല. തനിക്കാണെങ്കില്‍ ഇംഗ്ലീഷ്‌ സിനിമ കണ്ടൂടാ. അവന്റെ ഒരു മാട്രിക്‌സും, മിഷന്‍ ഇമ്പോസിബിളും. പിന്നെ സോണിയില്‌ ഫിലിംഫെയര്‍ അവാര്‍ഡുണ്ട്‌. ഇര്‍ഫാനിക്ക വരും മുമ്പെ ടി വി റിമോര്‍ട്ട്‌ എടുത്ത്‌ ഒളിച്ചുവെക്കണം.

ഗെയ്‌റ്റുകടക്കുമ്പോഴെ രംഗം പന്തിയല്ലെന്ന്‌ മനസ്സിലായി. സിറ്റൗട്ടില്‍ വെല്ലിപ്പാക്കും, ഇക്കാക്കും ഒപ്പം മാമ, കുഞ്ഞിപ്പ പിന്നെ രണ്ടു അപരിചിതരും. ഊര്‍ന്നുവീണ ദുപ്പട്ട തലയിലേക്ക്‌ ശരിക്കും വലിച്ചിട്ട്‌ മുഖം കുനിച്ചകത്തു കയറി. അകത്തും പരിചയമില്ലാത്ത പെണ്ണുങ്ങള്‍. പിന്നെല്ലാം പെട്ടന്നായിരുന്നു.
ഉമ്മ അന്നുതന്നെ ഉപ്പാക്ക്‌ ഫോണ്‍ ചെയ്‌തു.
"ഒക്കെ സച്ചൂന്റെ ഭാഗ്യം. വല്ല്യ തറവാട്ടുകാരാ. മൂന്ന്‌ തലമുറക്ക്‌ വെറുതെയിരുന്ന്‌ തിന്നാനുള്ള മുതലു കുടുംബത്തുണ്ട്‌. ചെക്കന്‍ അവിടെ എഞ്ചിനീയറാ. നമുക്ക്‌ കിട്ടണ്ട ബന്ധം അല്ല. ചെക്കനു സച്ചൂനെ ഇഷ്‌ടായ കാരണാ. അവനിനി മൂന്ന്‌ ആഴ്‌ചേ ലീവുള്ളു.''
രണ്ടു ദിവസത്തിനുള്ളില്‍ സച്ചുവിന്റെ ബാപ്പയെത്തി. പത്ത്‌ ദിവസത്തിനുള്ളില്‍ നിക്കാഹ്‌. പിന്നെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട്‌ ഒരു ജന്മത്തെ സ്‌നേഹം മുഴുവന്‍ അവള്‍ക്ക്‌ പകര്‍ന്നുകൊടുത്ത്‌ ഫാരിസും കടല്‍ കടന്നു. പിന്നെ ഒരുപാട്‌ പേരുടെ നടുവില്‍ ഒറ്റപ്പെട്ട്‌ താന്‍. തന്നെ അങ്ങോട്ട്‌ കൊണ്ടുപോകാന്‍ ആഗ്രഹമുണ്ട്‌ പാവത്തിന്‌. പക്ഷേ ഉമ്മ ! എന്തായിരിക്കും ഇപ്പോള്‍ തന്റെ വീട്ടുകാരുടെ ഉള്ളില്‍ ? എട്ട്‌ മണിയായാലും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതിരുന്ന, എത്ര വിലക്കിയാലും മണിക്കൂറുകളോളം ഒച്ചയെടുത്ത്‌ വീടുമുഴുവന്‍ ഇളക്കി മറിച്ചിരുന്ന, ഒരുപാട്‌ നേരം ഉമ്മ ഒച്ചയെടുത്താല്‍ മാത്രം ഭക്ഷണം കഴിച്ച പാത്രം എടുത്തുമാറ്റിയിരുന്ന തന്റെ മാറ്റം ഉമ്മാക്ക്‌ സന്തോഷം നല്‍കുന്നുണ്ടാവുമോ ?

"വെല്ല്യ വീട്ടിലെ മര്വോളായേ പിന്നെ സച്ചൂനാരേം കണ്ണീപിടിക്കുന്നില്ല. ആള്‍ക്കാരോട്‌ മിണ്ടുന്നേയില്ലെന്ന്‌'' ബന്ധുക്കളുടെയും കൂട്ടുകാരുടെയും പരാതി. വല്ലപ്പോഴും സ്വന്തം വീട്ടിലെത്തിയാലും ഒറ്റക്ക്‌ മാറിയിരിക്കുന്ന തന്റടുത്തേക്ക്‌ വന്ന്‌ ഇര്‍ഫാനിക്ക നെഞ്ചില്‍ ചേര്‍ത്തു മുടിയില്‍ തലോടുമ്പോള്‍ ഒരു കാരണവുമില്ലാതെ വിങ്ങിപ്പൊട്ടിക്കരയുന്നതിന്‌ പകരം പണ്ടത്തെ പോലെ ഒച്ചവെച്ച്‌ വഴിക്കടിക്കാന്‍ കഴിഞ്ഞെങ്കില്‍. ആ ബൈക്കില്‍ കയറി പണ്ടത്തെ പോലെ കറങ്ങാനും അനുവാദമില്ല.
" തറവാട്ടുകാര്‍ക്ക്‌ ചേര്‍ന്ന പണ്യാ അതൊക്കെ ?''

ഇടക്ക്‌ ഫാരിസ്‌ അവധിക്ക്‌ വന്നപ്പോള്‍ പറയാന്‍ ഒരുപാട്‌ പരാതികള്‍ കരുതിയിരുന്നു. പക്ഷേ രണ്ടുമാസത്തെ അവധിക്കിടയില്‍ തനിച്ചുകിട്ടിയ നിമിഷങ്ങള്‍ വളരെ ചുരുക്കം. ആ നിമിഷങ്ങളില്‍ പകര്‍ന്നുതന്ന സ്‌നേഹക്കടലില്‍ എല്ലാ പരിഭവങ്ങളും കുതിര്‍ന്നലിഞ്ഞുപോവും. അല്ലെങ്കിലും ഫാരിസ്‌ക്ക ഉള്ളപ്പോള്‍ ഇവരുടെയൊന്നും പ്രകടനം ഇങ്ങനെയല്ലല്ലോ. എന്താ പുന്നാരിക്കല്‌ !

പാത്രങ്ങളെടുത്ത്‌ സജ്‌ന അടുക്കളയിലേക്ക്‌ നടന്നു. ഫയാദ്‌ അവളെ കണ്ടതും പെട്ടന്ന്‌ ഫ്രിഡ്‌ജ്‌ അടച്ചു പുറത്തുകടന്നു. ഇത്ത എന്നാണു വിളിക്കുന്നതെങ്കിലും രണ്ടു വയസ്സിനിളപ്പമുള്ള തന്നോടവന്‌ ഒരനിയത്തിയോടെന്ന പോലെ വാത്സല്യമായിരുന്നു. തനിക്കും ഇര്‍ഫാനിക്കയെപ്പോലാരുന്നു അവന്‍. മറ്റു മൂന്നുപേരും തന്നെ സംഭാഷണങ്ങളില്‍ പങ്കെടുപ്പിക്കാറേ ഇല്ല. ഉമ്മയും പെണ്‍മക്കളും കൂടിയിരിക്കുന്നിടത്തേക്ക്‌ താന്‍ ചെന്നാല്‍ ഒന്നുകില്‍ ഉടനെ അവര്‍ വിഷയം മാറ്റും. ഇല്ലെങ്കില്‍ ആദ്യം ഒരാള്‍ എണീറ്റ്‌ ഒരു മുറിയിലേക്ക്‌ പോകും. പിന്നെ പതിയെ പതിയെ എല്ലാരും. ആയ്‌ഷാത്താക്കു പോലും അവിടെ പ്രവേശനമുണ്ട്‌. തനിക്ക്‌ മാത്രം. എന്നാല്‍ ഫയാദ്‌ അങ്ങനെയല്ലായിരുന്നു. അവന്‍ കോളേജിലേയും മറ്റും കുഞ്ഞു വിശേഷങ്ങള്‍ പോലും തന്നോട്‌ പങ്കുവെക്കുമായിരുന്നു. ഒരു ദിവസം എന്തോ പറഞ്ഞ്‌ രണ്ടാളും ചിരിച്ചതല്‍പ്പം ഉറക്കെയായിപ്പോയി. ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞുവന്ന ഖദീജുമ്മ സച്ചൂന്റെ മുഖത്തേക്കൊന്ന്‌ നോക്കുക പോലും ചെയ്‌തില്ല.
" കൊറേ ദിവസായി ഞാന്‍ പലതും കാണുന്നു. പോട്ടെന്ന്‌ വച്ചിട്ടാ. നാട്ടുകാരെ കൊണ്ടോരോന്ന്‌ പറയിക്കല്ലേ. ഒന്നൂല്ലേലും തന്റിക്കാക്കാനെ ഒരു വിചാരം വേണ്ടേ ?''
"അതെന്നെ'' പിന്നാലെ വന്ന ആയ്‌ഷാത്ത പിന്താങ്ങി.
"ഞാനും കൊറെ ദിവസായി വിചാരിക്കണതാ. ഇതെവിടത്തെ പഠിപ്പാ. ആണുങ്ങളോടിങ്ങനെ കൊഞ്ചലും കൊയേലും. ഞാനിങ്ങളേ പറയൂ ഖദീജുമ്മാ. ഫാരിസ്‌ മോന്‌ ഈ പുത്തന്‍പണക്കാരോട്‌ന്ന്‌ ബന്ധുത പിടിക്കേണ്ട വല്ല കാര്യോം ഉണ്ടോ ? തറവാട്ടുഗുണം''
"അപ്പോ നിങ്ങളേതു തറവാട്ടിലെയാ'' എന്നു ചോദിക്കാന്‍ നാവിന്‍തുമ്പില്‍ വന്നതായിരുന്നു. പക്ഷേ ശബ്‌ദം പുറത്തുവന്നില്ല. അതില്‍ പിന്നെ ഫയാദും, അവളും പരസ്‌പരം അകന്നു.

കുറെശ്ശെയായി പത്തിരി പരത്താന്‍ തുടങ്ങി.
"എഴാം മാസം പ്രസവത്തിന്‌ കൂട്ടിക്കൊണ്ടന്നാല്‍ പിന്നെ തൊണ്ണൂറു കഴിയാതെങ്ങനെ കൊണ്ടോവും ?'' മിനിയാന്ന്‌ തന്നെ വിളിക്കാനെത്തിയ അമ്മായിയമ്മയോട്‌ ഉമ്മയും വെല്ലിമ്മയും പറഞ്ഞുനോക്കിയതാണ്‌. ഇവിടെത്തിയപ്പോളാ അയ്‌ഷാത്ത സ്ഥലം വിട്ടതറിഞ്ഞത്‌. അനങ്ങാകള്ളിയാണെങ്കിലും തനിക്കൊരു കൈസഹായം ആയിരുന്നു. കരിപ്പിടി, കോന്ത്രമ്പല്ലി. എന്തോ സച്ചൂനവരെ തീരെ ഇഷ്‌ടമല്ല.
" ഹോ ഈ പെരുന്നാള്‍പ്പണി സഹിക്കാം. നോമ്പിനാണ്‌. നോമ്പു തുറന്ന്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചുകഴിഞ്ഞാല്‍ പിന്നെ മണിക്കൂറുകളോളം ഒന്നും കഴിക്കാതെ, വിശ്രമമില്ലാതെ... പുത്യാപ്ലാരും കൂട്ടുകാരും പോയി പാത്രങ്ങളെല്ലാം കഴുകി വരുമ്പോഴേക്ക്‌ മേലാകെ നോവുന്നുണ്ടാവും. തല കറങ്ങിത്തുടങ്ങും.

"സച്ചൂ..എന്താ സ്വപ്‌നം കാണാ..കാളണ മണം വരണുണ്ടല്ലോ. പുത്യാപ്പാരെ ചങ്ങായിമാരെ മുന്നില്‍ നാണം കെടുത്തല്ലേ. ആ തീയൊന്ന്‌ കുറച്ചാളേ...''

ഞെട്ടിയുണര്‍ന്ന്‌ വെപ്രാളത്തില്‍ അടുപ്പിനടുത്തേക്ക്‌ പായുന്നതിനിടയില്‍ നിലത്തുവീണുകിടന്ന ടംബ്ലര്‍ കണ്ണില്‍പ്പെട്ടില്ല. ജീവനെടുക്കുന്ന വേദനക്കിടയില്‍ കാലിനടിയിലൂടെ ചൂടും നനവും പ്രവഹിക്കുന്നതറിഞ്ഞു. വായില്‍ കയ്‌പ്‌ പടരുന്നു. പിന്നെ ഇരുട്ടിലേക്ക്‌...


"മുംതാസ്‌ കാണാന്‍ വന്നിട്ടുണ്ട്‌'' സുമ അറിയിച്ചു.
'ഉദയ'ത്തിന്റെ ഓഫിസിലേക്ക്‌ പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു സജ്‌ന.
ആറു വര്‍ഷം മുമ്പ്‌ തുടങ്ങിയ `ഉദയം` ഇന്ന്‌ അനേകമാളുകള്‍ക്ക്‌ ആശ്രയമാണ്‌. ഉപേക്ഷിക്കപ്പെട്ടവരുടെ, രോഗികളുടെ...
വയറ്റിലുള്ള ജീവനൊപ്പം ഇനിയൊരു തുടിപ്പുപേറാനുള്ള കഴിവും നഷ്‌ടമായി ആശുപത്രി വിടുമ്പോള്‍ മനസ്സ്‌ നിറയെ മരവിപ്പായിരുന്നു അവള്‍ക്ക്‌.
ഫാരിസിന്റെ സ്‌നേഹം നിറഞ്ഞ സാന്ത്വനങ്ങള്‍ പതിയെ അവളെ ജീവിതത്തിലേക്ക്‌ കൊണ്ടുവന്നു. എന്നാല്‍ ഇനി പ്രസവിക്കാത്തവളെ മൊഴിചൊല്ലാനുള്ള അദ്ദേഹത്തിന്റെ തീരുമാനവുമായി ആളെത്തിയപ്പോള്‍ വീണ്ടും തളരുകയായിരുന്നു. ഫോണിലൂടെ കേട്ട കരച്ചില്‍ തീരുമാനം അദ്ദേഹത്തിന്റെതല്ലെന്ന്‌ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഒത്തുതീര്‍പ്പിന്‌ പോകാനിരുന്നവരെ ശക്തമായി വിലക്കിയത്‌ ഇര്‍ഫാനാണ്‌. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്‌തിയില്ലാത്തവനൊപ്പം അവളെയിനി അയക്കുന്നില്ലെന്ന്‌ തീര്‍ത്ത്‌ പറഞ്ഞു. രണ്ടാം കെട്ട്‌ മാര്‍ക്കറ്റിലെ വിലപേശലിനും. തളര്‍ന്നുകിടന്ന അവളെയെവന്‍ ആദ്യം കൗണ്‍സിലിംഗുകള്‍ക്കാണ്‌ കൊണ്ടുപോയത്‌. പിന്നെ പഠനം തുടരാന്‍ പ്രേരിപ്പിച്ചു. ഒപ്പം വായനയുടെ വിശാലമായ ലോകത്തേക്ക്‌ കൈ പിടിച്ചുനടത്തി.
അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട്‌ തികച്ചും പുതിയൊരു വ്യക്തിയായി അവള്‍. സ്വന്തമായി എന്തെങ്കിലും എന്നതിനൊപ്പം മറ്റുള്ളവര്‍ക്കായുമെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു `ഉദയ'ത്തിന്റെ പിറവിക്ക്‌ പിന്നില്‍. വീട്ടില്‍ നിന്നും സഹായമൊന്നും സ്വീകരിക്കാതെ വായ്‌പയെടുത്തായിരുന്നു ആറുവര്‍ഷം മുമ്പ്‌ യൂണിറ്റ്‌ തുടങ്ങിയത്‌. കുടനിര്‍മ്മാണം, അച്ചാര്‍, ജാം, മസാലനിര്‍മ്മാണം, കരകൗശലവസ്‌തുക്കള്‍ തുടങ്ങി ഒട്ടേറെ മേഖലകളിലായി അനേകം സ്‌ത്രീകളവിടെ ജോലി ചെയ്യുന്നുണ്ട്‌. ചുരുക്കം വൃദ്ധന്മാരും. വിദ്യാര്‍ത്ഥിനികള്‍, ഭര്‍ത്താവ്‌ ഉപേക്ഷിച്ചവര്‍, അനാഥര്‍, വയസ്സുകാലത്ത്‌ മക്കളുപേക്ഷിച്ചവര്‍, ബുദ്ധിഭ്രമം ബാധിച്ചവര്‍ അങ്ങനെ നിരവധി നിസ്സഹായരുടെ ആശ്രയകേന്ദ്രമായി അത്‌ മാറി.
ഇതിനെല്ലാം പുറമെ വെല്ലിപ്പയില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമിയില്‍ പച്ചക്കറിയും, പൂക്കളും, പട്ടുനൂല്‍കൃഷിയും.
സ്‌ത്രീകളെ സഹായിക്കാനുള്ള സ്ഥാപനമെന്നതിനാലും, ഉടമസ്ഥ ഒരു മുസ്ലീം പെണ്‍കുട്ടി എന്നതിനാലുമാവും കൊച്ചുപെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ നിക്കാഹ്‌ കഴിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ ചെല്ലാറുണ്ട്‌.
"പതിനേഴ്‌ വയസ്സുവരെ അവരെ ഞാന്‍ പഠിപ്പിച്ചോളാം. പതിനെട്ടായാല്‍ പഠനന്നോടൊപ്പം ഇവിടെ ജോലി ചെയ്യട്ടെ. ഒരു ഇരുപത്തിമൂന്ന്‌ ഇരുപത്തിനാല്‌ വയസ്സാകുമ്പോഴേക്കും അവര്‍ക്കുള്ളത്‌ അവര്‍ സമ്പാദിച്ചോളും. വേണമെങ്കില്‍ മറ്റൊരു ജോലി നേടുകയുമാകാമല്ലോ. എന്നിട്ട്‌ നമുക്ക്‌ പതിയെ കെട്ടിക്കാം.''
അവര്‍ക്ക്‌ സജ്‌ന കൊടുക്കുന്ന സ്ഥിരം മറുപടി.
ഇങ്ങനെയുള്ള പ്രതികരണങ്ങളും, പര്‍ദ്ദയിലൊതുങ്ങാത്ത ശരീരവും, ജാതിമതഭേദമന്യെ എല്ലാവര്‍ക്കും സഹായം നല്‍കുന്നതും കാരണം നാട്ടിലെ മതപ്രമുഖരുടെ കണ്ണിലെ കരടാണവള്‍. തങ്ങളുടെ താളത്തിനൊത്ത്‌ തുള്ളാത്തത്‌ കൊണ്ട്‌ വിവിധ രാഷ്‌ട്രീയ-സാംസ്‌ക്കാരിക സംഘടനകളുടേയും. പക്ഷേ അതിലൊന്നും അവള്‍ കുലുങ്ങാറില്ല.
ശാരീരികമായി അസ്വാസ്ഥ്യങ്ങളുള്ളവര്‍ക്കല്ലാതെ പത്തുപൈസ വെറുതെ കൊടുക്കാറില്ല അവള്‍. അത്യാവശ്യഘട്ടങ്ങളില്‍ വീടു വെക്കാനോ മക്കളുടെ ഫീസടക്കാനോ സഹായം സ്വീകരിച്ചവര്‍ ജോലിയെടുത്ത്‌ വീട്ടിക്കൊള്ളണം. രോഗികളായവര്‍ക്ക്‌ ചികിത്സക്കാവശ്യമായ സഹായങ്ങള്‍ വാരിക്കോരി കൊടുക്കും. അതുപോലെ അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും.
തെരുവിലലയുന്ന ബാല്യങ്ങളെ നിയമസഹായത്തോടെ ഏറ്റെടുത്ത്‌ സംരക്ഷിക്കാനുള്ള ഒരു പദ്ധതിയെ കുറിച്ച്‌ ആലോചന തുടങ്ങിയിട്ട്‌ കുറെയായി. ഒരു പത്രക്കാരന്‍ സുഹൃത്തുമായി ഇന്നൊരു കൂടിക്കാഴ്‌ചയുണ്ട്‌. തിടുക്കത്തില്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ്‌ സുമയുടെ അറിയിപ്പ്‌.
മുംതാസ്‌ തയ്യല്‍ യൂണിറ്റിലെ തൊഴിലാളിയാണ്‌. ഭര്‍ത്താവ്‌ ഉപേക്ഷിച്ച ആ മുപ്പത്തിനാലുകാരി മകള്‍ നൂര്‍ജഹാന്‌ വേണ്ടി മാത്രമാണ്‌ ജീവിക്കുന്നത്‌. പഠിക്കാന്‍ മിടുക്കിയാണ്‌ ആ പത്താംക്ലാസ്സുകാരി.
"എന്താ'' സജ്‌ന തിരക്കി.
"പടച്ചോന്‍ എന്റെ തേടല്‌ കേട്ട്‌. മഹല്ലുകാര്‌ ഞമ്മളെ കൂട്ടത്തീന്ന്‌ പാവപ്പെട്ട പെങ്കുട്ട്യോള്‌ടെ നിക്കാഹ്‌ നടത്തിക്കൊടുക്കണ്‌ണ്ട്‌.''
അത്‌ സജ്‌നയും കേട്ടിരുന്നു. നാട്ടിലെ ഒരു വ്യവസായ പ്രമുഖന്റെ സാമൂഹ്യസേവനം. ഒരു സമൂഹവിവാഹ മാമാങ്കം. പത്രങ്ങളൊക്കെ വല്ലാതെ കൊട്ടിഘോഷിച്ച്‌ നടക്കുന്നുമുണ്ടത്‌. പെണ്‍കുട്ടികള്‍ക്ക്‌ അഞ്ചുപവനും, പതിനായിരം രൂപയും സ്‌ത്രീധനം നല്‍കും.
്‌നിയമപ്രകാരം മഹറുവാങ്ങിച്ചുകൊണ്ട്‌ ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ ഒരു വിവാഹമാമാങ്കം നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഗള്‍ഫ്‌നാടുകളില്‍ സമൂഹവിവാഹങ്ങള്‍ നടത്തിക്കൊടുത്ത്‌ ഗവണ്‍മെന്റ്‌ സഹായിക്കുന്നത്‌ പുരുഷന്‍മാരെയാണ്‌ പോലും.
"ഞാന്‍ നൂര്‍ജൂന്റെ കാര്യം ഇവിടുത്തെ മുസ്ല്യാരോട്‌ പറഞ്ഞിരുന്നു. ഒക്കെ ശരിയായി. ഗള്‍ഫുകാരനാണ്‌. ദോഹേല്‌ അറബീന്റെ വീട്ടിലാ.''
അവരുടെ കണ്ണുകളില്‍ നിര്‍വൃതിയുടെ തിളക്കം.
"എന്റെ മുംതാസിത്താ, നിങ്ങള്‍ക്ക്‌ ഭ്രാന്തുണ്ടോ ? നാളെ ഡോക്‌ടറോ, വലിയൊരു ഓഫീസറോ ആകേണ്ട കുട്ടിയാണ്‌.''
"പെങ്കുട്ട്യോള്‍ടെ ഭാവി പെരുവഴിയിലാ. പുര നിറഞ്ഞുനില്‍ക്കണ പെങ്കുട്ട്യോളുള്ള തള്ളാരുടെ സങ്കടം കുട്ടീം, കുടുംബോം ഇല്ലാത്ത ഇങ്ങക്കു മനസ്സിലാകൂല്ല. ഒന്നു പറയാം. അവള്‍ക്ക്‌ പതിനെട്ടു തെകഞ്ഞില്ലെന്ന്‌ പറഞ്ഞ്‌ ഇങ്ങള്‌ പോലീസുമായി വന്ന്‌ ഇതെങ്ങാന്‍ മുടക്കാന്‍ നോക്കിയാല്‌ പിന്നെ ഞങ്ങളു രണ്ടും ഈ ഭൂമീലുണ്ടാവില്ല.''
സജ്‌ന നൂര്‍ജഹാനെ നോക്കി. ആ സംഭാഷണമൊന്നും ശ്രദ്ധിക്കാതെ മറ്റേതോ ലോകത്ത്‌ പാറിപ്പറക്കുന്ന ആ കവിളുകളില്‍ നാണം ഇരച്ചുകയറുന്നുണ്ട്‌. കണ്ണുകളില്‍ പ്രതീക്ഷകളും മോഹങ്ങളും കൂടൊരുക്കുന്നുണ്ട്‌.
 

Comments (8)
കഥ നന്നായിരികു
1 Thursday, 11 June 2009 16:08
സുമേഷ്
കഥ നന്നായിരികുന്നു..
ഒത്തിരി ഇഷ്ടമായി
നല്ല കഥ.
2 Friday, 12 June 2009 22:20
വല്യമ്മായി
നല്ല കഥ.
നല്ല കഥ
3 Friday, 12 June 2009 22:39
തറവാടി
നല്ല കഥ
മുസ്ലീം പെണ്‍ക
4 Saturday, 13 June 2009 12:23
Shafna Abdul Muhseen
മുസ്ലീം പെണ്‍ക്കുട്ടികളുടെ ജീവിതം. പടിച്ചു തീരാത്തതിന്റെ പ്രയാസം എന്താണെന്നു എന്നാണോ നമ്മുടെ മാതാപിതാക്കള്‍ മനസ്സിലാക്കുക.
സ്ത്രീയുടെ അന്
5 Wednesday, 17 June 2009 21:12
indrasena
സ്ത്രീയുടെ അന്തമില്ലാത്ത പീഡനങ്ങള്‍ ...സമൂഹം അവളുടെ സത്വത്തില്‍ ഏല്‍പ്പിക്കുന്ന അഗാധമായ മുറിവുകള്‍ ...രക്തം വാര്‍ന്നവല്‍ പിടയുമ്പോള്‍....
ഒരു കഥ ജനിക്കുന്നു ..നന്നായിരിക്കുന്നു
ഈ കഥാപാത്രങളെയ
6 Wednesday, 17 June 2009 22:35
നജൂസ്‌
ഈ കഥാപാത്രങളെയൊക്കെ കാണുന്നത്‌ കൊണ്ടാണെന്ന്‌ തോന്നുന്നു വെറും കഥയേക്കാള്‍ മറ്റെന്തൊക്കെയൊ തോന്നി. എഴുത്ത്‌ തുടരൂ..
വേദനകളും വിഹ്വ
7 Thursday, 18 June 2009 01:20
ഹരിയണ്ണന്‍
വേദനകളും വിഹ്വലതകളും വെറും ജലരേഖകള്‍ മാത്രമായിപ്പോകുന്നു.

നല്ല കഥ!
ജീവിതഗന്ധിയായ
8 Thursday, 18 June 2009 10:40
കണ്ണന്‍
ജീവിതഗന്ധിയായ കഥ.കഥാകാരിയുടെ ആത്മാംശം കഥയിലുണ്ടാവും.സ്വന്തം മനസ്സ് ഒരു കണ്ണാടിയാക്കി പ്രതിഭലിപ്പിക്കുവാന്‍ കഴിയുന്നതാണ് ഒരു എഴുത്തുകാരന്റെ മഹത്വം.അതിവിടെ സാധിച്ചു..
ഈ കഥകാരിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 20 guests online