| മുന്‍പേ പറക്കുന്ന പക്ഷി എസ് ശ്രീശാന്ത് | 
|
ഭൗതികശാസ്‌ത്രവിദഗ്‌ധന്‍, കവി, ചെറുകഥാകൃത്ത്, നാടകരചയിതാവ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍, എന്നിങ്ങനെ പല വിശേഷണങ്ങളും അദ്ദേഹത്തിന് യോജിക്കും. കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മഹാകവി ജി അവാര്‍ഡ്, ഡോ. സി പി മേനോന്‍ അവാര്‍ഡ്, അച്ച്യുതമേനോന്‍ പുരസ്‌കാരം, അബുദാബി മലയാളി സമാജം അവാര്‍ഡ്, പണ്‌ഡിറ്റ് കറുപ്പന്‍ അവാര്‍ഡ്, ദേവി പ്രസാദം അവാര്‍ഡ്, ഉറൂബ് അവാര്‍ഡ്, ലളിതാംബിക അവാര്‍ഡ്, മുട്ടത്ത് വര്‍ക്കി അവാര്‍ഡ്, പദ്‌മപ്രഭാ പുരസ്‌കാരം എന്നിങ്ങനെ അവാര്‍ഡുകളുടെ പെരുമഴ തന്നെ ആ പ്രതിഭയെ തേടി വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം ആദരിക്കപ്പെട്ടത് പ്രസ്‌തുത പുരസ്‌കാരങ്ങള്‍ കൂടിയാണ്. വയലാര്‍ അവാര്‍ഡ് നേടിയ കൃതിയെക്കുറിച്ചുള്ള നിരൂപണത്തിനും(മുന്‍പേ പറക്കുന്ന പക്ഷികള്‍)വയലാര്‍ അവാര്‍ഡ് ലഭിക്കുകയെന്ന സവിശേഷത അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. ചക്കുപ്പുറായില്‍ രാധാകൃഷ്‌ണനെന്ന സി രാധാകൃഷ്‌ണനെ മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത് അനൗചിത്യത്തിന്റെ പാരമ്യമായിരിക്കും. തന്റെതു മാത്രമായ ഒരു കാഴ്‌ചപ്പാടിലൂടെ നോവലിനെയും, കവിതയെയും, സിനിമയെയുമെല്ലാം സമീപിച്ച അദ്ദേഹം കഴിഞ്ഞ ഏഴു ദശകങ്ങളായി നമുക്കിടയിലുണ്ട്. സര്‍ഗ്ഗശക്തി കുറഞ്ഞ - രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കായി നാക്ക് വാടകയ്‌ക്ക് നല്‍കിയ - ബുദ്ധിജീവിനാട്യക്കാര്‍ വിവാദങ്ങളിലൂടെയെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വിവാദങ്ങള്‍ക്കിട നല്‍കാതെ അവയില്‍നിന്നെല്ലാം അകന്ന് മലയാളസാഹിത്യ- സാംസ്‌കാരിക ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളെ തെല്ലൊരു വേദനയോടെ നോക്കിക്കാണുകയാണ് അദ്ദേഹം.  പരപ്പുര്‍ മഠത്തില്‍ മാധവന്‍ നായരുടെയും ചക്കുപ്പുരയില്‍ ജാനകിയമ്മയുടെയും മൂത്ത മകനായി 1939 ഫെബ്രുവരി 15 ന് ചമ്രവട്ടത്ത് ജനിച്ച രാധാകൃഷ്‌ണന്‍ ജീവിതത്തില്‍ വഹിച്ച പദവികളും നിരവധിയാണ്. പൊന്നാനി എ വി എച്ച് എസിലെ സ്‌കൂള്‍ പഠനത്തിന് ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് ഭൗതിശാസ്‌ത്രത്തില്‍ ബിരുദവും പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയ അദ്ദേഹം തുടര്‍ന്ന് കൊടൈക്കനാല്‍ ആസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍ സയന്റിഫിക് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. പൂനെയിലെ സീസ്‌മോളജിക്കല്‍ സെന്റര്‍ ഓഫീസര്‍, സയന്‍സ് ടുഡേ എഡിറ്റോറിയല്‍ ബോര്‍ഡംഗം, ഡല്‍ഹിയിലെ ലിങ്ക് വാരിക, പാട്രിയറ്റ് ദിനപത്രം എന്നിവയുടെ അസിസ്റ്റന്റ് എഡിറ്റര്‍, വീക്ഷണം ദിനപത്രത്തിന്റെ എഡിറ്റര്‍(1980-82), ഭാഷാപോഷിണി എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, മാധ്യമം ദിനപത്രം കണ്‍സല്‍ട്ടന്റ് എഡിറ്റര്‍, നാഷണല്‍ ഫിലിം അവാര്‍ഡ് കമ്മിറ്റി അംഗം, ഇന്ത്യന്‍ പനോരമ ഫിലിം സ്‌ക്രീനിംഗ് കമ്മിറ്റി അംഗം, കെ എഫ് ഡി സി ഡയറക്‌ടര്‍ ബോര്‍ഡ് അംഗം, എസ് പി സി എസ് ചെയര്‍മാന്‍, യുവകലാസാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നിങ്ങനെ പദവികളുടെ നിര നീളുന്നു. ബഹുമുഖപ്രതിഭയെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന സി രാധാകൃഷ്‌ണനുമായി അല്‌പനേരം........ Q: അരശതകത്തോളം നോവലുകളെഴുതിയിട്ടുണ്ടെങ്കിലും `ഒറ്റയാന്‍ അലറുന്നു', `സുദര്‍ശനം' എന്നീ രണ്ടു സമാഹാരങ്ങള്‍ മാത്രമാണ് കവിതാലോകത്തിന് താങ്കള്‍ നല്‍കിയ സംഭാവന. ശാസ്‌ത്രഗ്രന്ഥങ്ങള്‍ക്കും നോവലുകള്‍ക്കും, തിരക്കഥകള്‍ക്കും, ചെറുകഥകള്‍ക്കുമൊപ്പം കവിതയെ അത്ര ഗൗരവമായി സമീപിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണോ...? A:ഒരിക്കലുമല്ല. സാഹിത്യത്തിന്റെ ലക്ഷ്യം തന്നെ കാവ്യമാണ്. മാര്‍ഗ്ഗം നാടകീയതയും. മനസ്സിലുള്ള ആശയം സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുവാന്‍ കവിത തന്നെ ഉപാധിയാക്കണമെന്നില്ലല്ലോ... സാഹിത്യത്തിന്റെ ആവിഷ്‌കാരരൂപത്തിനേ മാറ്റം വരുന്നുള്ളൂ. ആശയം ആവിഷ്‌കരിക്കുന്ന സാഹിത്യരൂപത്തില്‍ നാടകീയതയുടെ അംശം എത്രത്തോളമുണ്ടോ എഴുത്തുകാരന് അത്രത്തോളം സംതൃപ്‌തി ലഭിക്കുന്നു. കഥയിലായാലും നോവലിലായാലും കവിതയിലായാലും അതിന്റെ ഇതിവൃത്തത്തിലെ നാടകീയതയ്‌ക്ക് ഒരു സ്വാഭാവിക രൂപമുണ്ട്. Q: `തമസോമാ', `അസതോമാ', `മൃത്യോമാ' `അമൃതം' എന്നിങ്ങനെ വേദോപനിഷത് വാക്യങ്ങളാണ് താങ്കളുടെ ചില നോവലുകള്‍ക്ക് പേര് നല്‍കാന്‍ സ്വീകരിച്ചത്. `ഉള്ളില്‍ ഉള്ളത്' എന്ന നോവല്‍ ഭഗവത്‌ഗീതാവാക്യങ്ങളെ പ്രായോഗവത്‌കരിച്ച് ആഗോളകുറ്റവാളിസംഘത്തെ നേരിടുന്ന യുവദമ്പതികളുടെ കഥയാണ് പറയുന്നത്. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും മഹത്വത്തെ ഭാരതീയരെങ്കിലും അടുത്തറിഞ്ഞുവെന്ന് കരുതുന്നുവോ? A:രാഷ്‌ട്രീയവത്‌കരിക്കപ്പെട്ട ഭാരതീയതയാണ് യഥാര്‍ത്ഥ ഭാരതീയതയെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. വൈജ്ഞാനിക പരമായ ഭാരതീയതയാണ് യഥാര്‍ത്ഥ ഭാരതീയത. വേദോപനിഷത്തുകള്‍ ജാതിമത ചിന്തകള്‍ക്കെല്ലാം എതിരാണ്. `ആരും മറ്റൊരാളേക്കാള്‍ വലുതായി ജനിക്കുന്നില്ല' എന്നതാണ് ഉപനിഷത് വാക്യങ്ങളുടെ അടിസ്ഥാനചിന്ത. അധഃപതിച്ച സാമൂഹ്യവ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്നത് പലതും അബദ്ധ ധാരണകളാണ്. ഭഗവത്‌ഗീത വായിക്കാതെ അത് തലയ്‌ക്ക് താഴെ വച്ച് കിടന്നുറങ്ങിയാല്‍ പുണ്യം കിട്ടുമെന്ന് വിശ്വസിക്കുന്നവരുടെ നാടാണ് നമ്മുടെത്. Q. വികസനമെന്ന പദം പോലും ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നില്ലേ..? ശാസ്‌ത്രസാങ്കേതികവിദ്യയുടെ പേരു പറഞ്ഞുള്ള വിപ്ലവത്തിന്റെയെല്ലാം മറവില്‍ പാര്‍ശ്വവത്‌കരിക്കപ്പെടുന്നത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരല്ലേ..? A.ശാസ്‌ത്രത്തെ ഉപയോഗപ്പെടുത്തുന്നതിലെ അശാസ്‌ത്രീയത കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്‌ത് കാര്യം നേടുകയെന്നതാണ് ശാസ്‌ത്രസാങ്കേതികവിദ്യയുടെയെല്ലാം മൗലികമായ ലക്ഷ്യം തന്നെ. `എന്റെ ലക്ഷ്യത്തിന് വേണ്ടി എല്ലാറ്റിനെയും ഉപയോഗപ്പെടുത്തുക'യെന്ന ലക്ഷ്യം മറ്റുള്ള മനുഷ്യരുടെ ആഗ്രഹങ്ങളെ കുരുതി കൊടുത്ത് മാത്രമേ സാധ്യമാവൂ. ഇതാകട്ടെ ഒരുതരം മുതലാളിത്ത മനോഭാവമാണ്. അങ്ങിനെ വരുമ്പോള്‍ വികസനമെന്ന പദംപോലും മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗമായി വരുന്നു. ചൂഷണാധിഷ്‌ഠിതമായ വികസനത്തിന്റെ മുന്നില്‍ മാനുഷികമൂല്യങ്ങള്‍ക്ക് പരിഗണന നല്‍കണണെന്ന് ശഠിക്കുന്നതില്‍ പ്രസക്തിയേയില്ല. Q.`തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന നോവലില്‍ എഴുത്തച്ഛനെപ്പറ്റിയും അദ്ദേഹത്തിന്റെ ജീവിതകാലത്തെപ്പറ്റിയും(എ ഡി 1475- 1550) ഒരു അന്വേഷണം തന്നെയാണ് നടത്തിയത്. ഭാഷാപിതാവിനെപ്പറ്റിയും അദ്ദേഹത്തിന്റെ ജീവിതകാലത്തെപ്പറ്റിയുമുള്ള പ്രതിപാദ്യങ്ങളില്‍ പലതും അബദ്ധധാരണകളാണെന്ന് കരുതുന്നുവോ.?
A.തീര്‍ച്ചയായും. എഴുത്തച്ഛന്‍ ഒരു നിര്‍ധനകുടുംബത്തിലെ അംഗമായിരുന്നുവെന്ന പ്രചരണം അത്തരം അബദ്ധ ധാരണകളില്‍ ഒന്നുമാത്രം. തന്റെ കൃതിയില്‍ എഴുത്തച്ഛന്‍ ജ്യേഷ്‌ഠന്റെ പ്രൗഢിയെപ്പറ്റി വ വരിക്കുന്നുണ്ട്. മഹാപണ്‌ഢിതനും അക്ഷരകളരിയുടെ ആശാനുമായ ജ്യേഷ്‌ഠന്റെയടുക്കല്‍ നാനാദിക്കില്‍ നിന്നും വിദ്യാര്‍ത്ഥികളെത്തുമായിരുന്നെന്നും അദ്ദേഹത്തിന്റ തറവാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചുപഠിക്കുവാനുള്ള സൗകര്യമൊരുക്കിയിരുന്നുവെന്നും എഴുത്തച്ഛന്‍ തന്നെ പ്രതിപാദിക്കുന്നുണ്ട്. അതിനാല്‍ തന്നെ എഴുത്തച്ഛന്‍ ഒരു നിര്‍ധനനായിരുന്നുവെന്ന വാദം തികച്ചും അപ്രസക്തമാവുന്നു. മറ്റൊന്ന് അദ്ദേഹത്തിന്റെ ജിവീതകാലഘട്ടത്തെപ്പറ്റിയാണ്. എഴുത്തച്ഛന്‍ ഉപയോഗിച്ച ഭാഷയെ അടിസ്ഥാനമാക്കിയാണ് ഉള്ളൂരിനെപ്പോലുള്ള പണ്‌ഡിതര്‍ ഭാഷാപിതാവിന്റെ ജീവിതകാലം എഡി 1475നും 1550നും ഇടയിലാണെന്ന് കണ്ടെത്തിയത്. അത് ശരിയാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമാവും. Q. മാതൃത്വവും സാമൂഹ്യവ്യവസ്ഥിതിയും തമ്മിലുള്ള സംഘര്‍ഷമാണ് മാതൃപര്‍വ്വം, ഗൃഹാതുരം തുടങ്ങിയ നോവലുകളിലെ പ്രതിപാദ്യം. ആഗോളീകരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും ഇക്കാലത്ത് മാതൃത്വവും കമ്പോളവത്‌കരിക്കപ്പെട്ടുവെന്ന് പറയാമോ...?
A.പ്രകൃതിയുടെ സന്താനങ്ങളാണ് ജീവജാലങ്ങളെന്ന ചിന്തയാണ് മാതൃത്വമെന്ന സങ്കല്‍പ്പത്തിന് തന്നെ അടിസ്ഥാനം. ഭഗവതിയും, തെയ്യവും, തിറയുമെല്ലാം മാതൃദായസങ്കല്‍പ്പത്തിന്റെ ഭാഗമാണ്. പടിഞ്ഞാറന്‍ നാടുകളിലെ പിതൃദായസങ്കല്‌പത്തില്‍ മാതൃത്വമെന്ന വാക്കിന് തന്നെ പ്രസക്തിയില്ല. പുരുഷന്റെ അടിമയാണ് സ്‌ത്രീ എന്ന വ്യവസ്ഥിതിയില്‍ മാതൃത്വം പോലും സ്‌ത്രീയ്‌ക്ക് ഒരു ഭാരമായി മാറുന്നു. മാതൃത്വം മാത്രമല്ല മനുഷ്യത്വം പോലുമിന്ന് കമ്പോളവത്‌കരിക്കപ്പെട്ടിരിക്കുന്നു. സ്‌ത്രീയുടെ സൗന്ദര്യവും ഗര്‍ഭപാത്രവും പോലും ഉപഭോഗസംസ്‌കാരത്തിന്റെ ആവശ്യം നിറവേറ്റാനുള്ള ഉപാധിയായി മാറിയിരിക്കുന്നു. Q. സിനിമയുടെ അധീശത്വവും ജനപ്രീതിയും നാടകകലയുടെ പതനത്തിന് ആക്കം കൂട്ടിയെന്ന് വിശ്വസിക്കുന്നുണ്ടോ..? കലാമൂല്യമുള്ള നല്ല നാടകങ്ങള്‍ക്ക് പോലും ഇക്കാലത്ത് ആസ്വാദകര്‍ അന്യമാവുന്നുവെന്നത് യാഥാര്‍ത്ഥ്യം തന്നെയല്ലേ...? A.ഒരു കലാരൂപത്തിന്റെ എല്ലാ പരിമിതികളെയും അതിജീവിച്ചുകൊണ്ട് മറ്റൊരു കലാരൂപം രംഗത്തുവന്നാല്‍ ആദ്യത്തേതിന് ആസ്വാദകരെ നഷ്‌ടപ്പെടുമെന്നത് സ്വാഭാവികം. അത് തന്നെയാണ് നാടകത്തിനും സംഭവിച്ചത്. നാടകം അവതരിപ്പിക്കുമ്പോഴുള്ള യാതൊരു പ്രശ്‌നങ്ങളുമില്ലാതെ സിനിമ രംഗത്തുവന്നതോടെ നാടകമെന്ന കലാരൂപത്തിന്റെ ജനസമ്മിതിയ്‌ക്ക് കുറവുവന്നു. ആയിരക്കണക്കിന് രംഗങ്ങള്‍ സാങ്കേതിക ബുദ്ധിമുട്ടുകളില്ലാതെ സിനിമ പ്രേക്ഷകനുമുന്നിലെത്തിക്കുമ്പോള്‍ നാടകത്തിനത് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ നാടകത്തേക്കാള്‍ സിനിമയുമായാണ് പ്രേക്ഷകന് ആത്മബന്ധമുണ്ടാവുന്നത്. (മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭയായ സി രാധാകൃഷ്‌ണനുമായുള്ള അഭിമുഖത്തിന്റെ ബാക്കിഭാഗം അടുത്തലക്കത്തെ കലികയില്‍...)
|