സഞ്ചാരം

പ്രാചീന സംസ്‌കൃതിയുടെ നിത്യ സ്‌മാരകമായ എടക്കല്‍ഗുഹയിലേക്ക്‌ ചരിത്രാന്വേഷികളുടെ പ്രവാഹം

 

സുനി എം അശോക്‌

 

 പ്രാചീന സംസ്‌കൃതിയുടെ വിശ്വ പ്രസിദ്ധ നിത്യ സ്‌മാരകമായ വയനാട്ടിലെ എടക്കല്‍ഗുഹയെ അടുത്തറിയാന്‍ ചരിത്രാന്വേഷികളുടെ പ്രവാഹം. സുല്‍ത്താന്‍ ബത്തേരിക്കടുത്ത അമ്പുകുത്തി മലനിരകളിലാണ്‌ ചരിത്രം ഉറങ്ങുന്ന എടക്കല്‍ ശിലാഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌, സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരത്തില്‍. പ്രാചീനകാലത്തെ മനുഷ്യരുടെ ലിഖിതങ്ങളാലും ചിത്രങ്ങള്‍കൊണ്ടും സമൃദ്ധമാണ്‌ എടക്കല്‍ഗുഹ. കൂറ്റന്‍ പാറകളിലാണ്‌ ഇവിടെ രൂപങ്ങള്‍ കോറിയിട്ടിരിക്കുന്നത്‌. മോഹന്‍ജാദാരോ, സിന്ധൂനദീതട സംസ്‌കാരങ്ങളുമായി ഏറെ ബന്ധമുള്ളവയാണ്‌ ഇവിടുത്തെ ചരിത്ര ശേഷിപ്പുകളെന്നാണ്‌ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. ഇരക്കാരണത്താല്‍ സംസ്ഥാനത്തെ ഇതര ഗുഹകളെ പരിഗണിക്കുമ്പോള്‍ പ്രഥമ സ്ഥാനം എടക്കലിനാണ്‌. സംസ്ഥാനത്തെ ഏറ്റവും പ്രാചീനവും പ്രാധാന്യമര്‍ഹിക്കുന്നതുമായ എടക്കലിലേക്ക്‌ ദിനേന നൂറുകണക്കിന്‌ സഞ്ചാരികളാണ്‌ എത്തുന്നത്‌. ഇവരില്‍ ഭൂരിഭാഗം പേരും ചരിത്ര ഗവേഷണത്തിന്റെ ഭാഗമായാണ്‌ ഗുഹ സന്ദര്‍ശിക്കുന്നത്‌. സ്‌കൂള്‍, കോളെജ്‌, ഗവേഷണ വിദ്യാര്‍ഥികളും പഠനാവശ്യാര്‍ഥം ഇവിടെയെത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ 28 വരെയുള്ള അഞ്ച്‌ ദിവസങ്ങളില്‍ 8110 സഞ്ചാരികളാണ്‌ എടക്കലിലെ ചരിത്രശേഷിപ്പുകള്‍ അറിയാനെത്തിയത്‌. ക്രിസ്‌മസ്‌ ദിനത്തില്‍ മാത്രം 2330 പേര്‍ എത്തി. 2008ല്‍ ഇത്‌ 1504 ആയിരുന്നു. 2001-02ല്‍ 26,448 പേര്‍ എടക്കല്‍ഗുഹയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 1,02,125 സഞ്ചാരികളാണ്‌ ഇവിടെയെത്തിയത്‌. നാലിരട്ടിയോളം വര്‍ധന. ഈയടുത്ത കാലത്ത്‌ ഇവിടെ നടത്തിയ ഉദ്‌ഘനനത്തില്‍ സിന്ധൂനദീതട സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഗുഹ രൂപപ്പെട്ട സമയത്തുതന്നെ മനുഷ്യന്‌ ഇതിനകത്ത്‌ പ്രവേശിച്ചിരുന്നു എന്ന്‌ ഉറപ്പിക്കാനുതകുന്നതാണ്‌ ഇവിടുത്തെ ചിത്രങ്ങള്‍ നല്‌കുന്ന സൂചനകള്‍. മൃഗങ്ങള്‍, മനുഷ്യര്‍, വൃത്തം, സ്വസ്‌തികാ ചിഹ്നം എന്നിവയാണ്‌ ഗുഹാഭിത്തിയില്‍ കൂടുതലായും കോറിയിട്ടിരിക്കുന്നത്‌. ഇരുമ്പ്‌ ഉപകരണങ്ങള്‍, മനുഷ്യ അസ്ഥികള്‍, ആയുധങ്ങള്‍ തുടങ്ങിയ മഹാശിലാ സ്‌മാരകങ്ങള്‍ എടക്കല്‍ഗുഹയ്‌ക്ക്‌ സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്‌.

1901ല്‍ അന്നത്തെ മലബാര്‍ പൊലീസ്‌ സുപ്രണ്ടായിരുന്ന ബ്രിട്ടീഷ്‌ ഗവേഷകന്‍ ഫോസറ്റ്‌ ആണ്‌ എടക്കല്‍ ഗുഹാ ചിത്രങ്ങളെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കി പ്രസിദ്ധീകരിച്ചത്‌. കുപ്പമുടി എസ്റ്റേറ്റ്‌ ഉടമ കോളിന്‍ മെക്കന്‍സിയുടെ അതിഥിയായി 1890ല്‍ ആണ്‌ ഫോസറ്റ്‌ എത്തിയത്‌. എടക്കല്‍ മലയ്‌ക്കും സുല്‍ത്താന്‍ ബത്തേരിക്കും ഇടയിലാണ്‌ കുപ്പമുടി എസ്റ്റേറ്റ്‌ സ്ഥിതിചെയ്യുന്നത്‌. പ്രാചീന ചരിത്രത്തെക്കുറിച്ച്‌ അറിയുന്നതില്‍ വലിയ താത്‌പര്യമുണ്ടായിരുന്ന മെക്കന്‍സിയാണ്‌ തന്റെ എസ്റ്റേറ്റില്‍ നിന്നും ലഭിച്ച നവീന ശിലാ ആയുധങ്ങളിലേക്കും എടക്കല്‍ ഗുഹയിലേക്കും ഫോസറ്റിന്റെ ശ്രദ്ധ തിരിച്ചുവിട്ടത്‌. ഈ രണ്ട്‌ ബ്രിട്ടീഷുകാരാണ്‌ എടക്കല്‍ഗുഹയെ ലോകത്തിന്‌ പരിചയപ്പെടുത്തിയത്‌. എടക്കല്‍ ഗുഹയ്‌ക്ക്‌ സമീപത്ത്‌ വസിച്ചിരുന്ന മുള്ളുവക്കുറുമര്‍, പണിയര്‍ തുടങ്ങിയ ആദിവാസി വിഭാഗക്കാരുടെ സഹായത്തോടെയാണ്‌ ഫോസറ്റ്‌ ഗുഹയിലേക്കുള്ള വഴി നിര്‍മിച്ചത്‌. 1895ല്‍ നവീന ശിലായുഗ സംസ്‌കാരവുമായി ബന്ധപ്പെട്ട നിരവധി മഴുകളും കത്തികളും ഗുഹയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഫോസറ്റിന്റെ പഠനങ്ങളാണ്‌ എടക്കല്‍ഗുഹയെക്കുറിച്ചുള്ള പിന്നീടുള്ള ഗവേഷണങ്ങളുടെ അടിത്തറയായത്‌. അടുത്തിടെ എടക്കല്‍ ഗുഹയില്‍ നടത്തിയ ഉദ്‌ഘനനത്തില്‍ സിന്ധൂനദീതട സംസ്‌കാരവുമായി ഏറെ ബന്ധം പുലര്‍ത്തുന്ന ചിഹ്നങ്ങളും ലിപികളും എടക്കലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. സൈന്ധവ സംസ്‌കാരം നിലനിന്നിരുന്ന പ്രദേശങ്ങളില്‍ വ്യാപകമായി കണ്ടിരുന്ന ചിഹ്നങ്ങളിലെന്നായ പാത്രവുമായി നില്‌ക്കുന്ന ആള്‍രൂപമാണ്‌ ഇതില്‍ പ്രധാനം. ഒറ്റവരയില്‍ തീര്‍ത്ത ഇടംകൈയ്യില്‍ പാത്രവുമായി നില്‍ക്കുന്ന ആള്‍രൂപമാണ്‌ സിന്ധൂനദീതട സംസ്‌ക്കാര രേഖകളില്‍ കാണുന്നത്‌. ദ്വിമാന സ്വഭാവമുള്ള ത്രികോണ ചിത്രങ്ങളാണ്‌ എടക്കലില്‍ കണ്ടെത്തിയത്‌ എന്ന വ്യത്യാസം മാത്രമാണുള്ളത്‌.

എടക്കല്‍ ഗുഹയെക്കുറിച്ച്‌ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയാല്‍ ഇനിയും ചരിത്ര സ്‌മാരകങ്ങള്‍ കണ്ടെത്താനായേക്കും. എടക്കല്‍ ഗുഹയ്‌ക്കും തൊട്ടടുത്ത ഫാന്റം റോക്കിനും പരിസരങ്ങളിലെ കരിങ്കല്‍ ക്വാറികള്‍ ഈ ചരിത്ര സ്‌മാരകങ്ങളുടെ നാശത്തിന്‌ കാരണമാകുമെന്ന്‌ വ്യക്തമായതോടെ നിയമസഭ പരിസ്ഥിതി സമിതി കഴിഞ്ഞ ഡിസംബറില്‍ തെളിവെടുപ്പ്‌ നടത്തിയിരുന്നു. ഇടക്കല്‍ ഗുഹയുടെ സംരക്ഷണത്തിന്‌ വിപുലമായ പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്നാണ്‌ അന്ന്‌ നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാന്‍ രാജാജി മാത്യു തോമസ്‌ എം എല്‍ എ പറഞ്ഞത്‌. പരിസര പ്രദേശങ്ങളിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം എടക്കല്‍ ഗുഹയെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നുവെന്നതിനെക്കുറിച്ച്‌ വിശദമായ പഠനം നടത്തണമെന്നും എടക്കലിലോട്ടുളള ടൂറിസ്റ്റുകളുടെ അനിയന്ത്രിതമായ വരവിന്‌ നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മന്ത്രിസഭയ്‌ക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളിലെ ക്വാറികള്‍ക്ക്‌ ഇപ്പോള്‍ ജില്ലാ കലക്‌ടര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കയാണ്‌. ഇവിടെ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ക്വാറികള്‍ക്കും ലൈസന്‍സില്ലെന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കും എടക്കലില്‍ നിയന്ത്രണമുണ്ട്‌.

 

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 23 guests online