| ഇന്ത്യക്കാരുടെ പട്ടണം
നിരക്ഷരന്‍ |  |
എവിടെയെങ്കിലും യാത്ര പോയിട്ട് കുറെ നാളുകളായി. വെക്കേഷന് നാട്ടില്‍പ്പോകുമ്പോള്‍ കണ്ടമാനം സര്‍ക്കീട്ടടിക്കാറുണ്ടായിരുന്നു. ഇതിപ്പോ ഈ യു.കെ. രാജ്യത്ത് വന്നിട്ട് മാസം ആറ് കഴിഞ്ഞു. കാണാന്‍ ഒരുപാട് സ്ഥലങ്ങള്‍ ഉണ്ടെങ്കിലും, യാത്ര പോയത് ആകെ ഒരിടത്ത് മാത്രം. നാട്ടില്‍ വെച്ച് കാറോടിച്ച് പോയിരുന്ന ദീര്‍ഘദൂര യാത്രകള്‍, ശരിക്ക് മിസ്സ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
അതെങ്ങനാ കാറെടുത്ത് എവിടെയെങ്കിലും പോകുന്നത്? ഈ രാജ്യത്തെ ട്രാഫിക്ക് നിയമങ്ങളൊന്നും ശരിക്കറിയില്ല, ഇവിടത്തെ ഡ്രൈവിങ്ങ് ലൈസന്‍സും ഇല്ല. ഇന്ത്യാമഹാരാജ്യത്തുനിന്ന് സംഘടിപ്പിച്ചുകൊണ്ടുവന്ന ഇന്റര്‍നാഷണല്‍ ലൈസന്‍സ് വെച്ച് ഒരു വര്‍ഷം വരെ ഇവിടെ വാഹനം ഓടിക്കാം. പക്ഷെ അത്‌വെച്ചൊന്നും ദൂരയാത്ര പോകാനുള്ള ധൈര്യമില്ല. എന്നുവെച്ച് എത്രനാള്‍ എന്നിലെ ‘സന്തോഷ് ജോര്‍ജ്ജ് കുളങ്ങര’യ്ക്ക് പിടിച്ചുനില്‍കാനാകും? വരുന്നതു വരട്ടെ, കാറില്‍ ഒരു ലോങ്ങ് ഡ്രൈവ് പോയിട്ടു തന്നെ ബാക്കി കാര്യം.
വളരെ അടുത്തുള്ള ഒരു പട്ടണമായ ലെയ്‌സ്റ്റര്‍ (Leicester)തന്നെ ലക്ഷ്യമിട്ടു. ഞങ്ങള്‍ താമസിക്കുന്ന പീറ്റര്‍ബറൊ എന്ന പട്ടണത്തില്‍ നിന്നും വെറും 59 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ലെയ്‌സ്റ്റര്‍. കണ്‍ട്രി സൈഡിലൂടെയുള്ള മനോഹരമായ യാത്ര ട്രെയിനില്‍ പല പ്രാവശ്യം ചെയ്തിട്ടുണ്ടെങ്കിലും, കാറോടിച്ച് ഇതാദ്യത്തേതാണ്.
ലെയ്‌സ്റ്ററിന്റെ ഒരു പ്രത്യേകത എന്ന് പറയപ്പെടുന്നത്, ഇന്ത്യയ്ക്ക് വെളിയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ജീവിക്കുന്ന ഒരു സിറ്റി ഇതാണ് എന്നതാണത്രേ !! എന്നുവെച്ചാല്‍, 2006 ലെ കണക്കനുസരിച്ച് ഇവിടത്തെ മൊത്തം ജനസംഖ്യയായ 289,700 ജനങ്ങളില്‍, 22 % വരുന്ന ജനങ്ങള്‍ ഇന്ത്യന്‍ വംശജര്‍ തന്നെ. കൃത്യമായി പറഞ്ഞാല്‍ 63,734 ല്‍പ്പരം ഭാരതീയര്‍ ഇവിടെ തിന്നും, കുടിച്ചും അര്‍മ്മാദിച്ച് ജീവിക്കുന്നു.
നാട്ടില്‍ പോയിട്ട് ആറ് മാസത്തിലധികമായി. ലെയ്‌സ്റ്ററില്‍ പോയാല്‍ നാടിന്റെ ഒരു മണമെങ്കിലും കിട്ടുമെങ്കില്‍ അത് ആവോളം വലിച്ചു കയറ്റി തിരിച്ചുപോരുക. അതിനപ്പുറം, അവിടെ കാണാനും കറങ്ങാനുമൊന്നുമില്ലെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു.
നാട്ടിലെപ്പോലെ വഴി ചോദിക്കാനും, മനസ്സിലാക്കാനും മുട്ടിന് മുട്ടിന് പെട്ടിക്കടയും, വീടുകളുമൊന്നും ഈ രാജ്യത്ത് ഇല്ലാത്തതുകൊണ്ട് കാറിനകത്തെ ജി.പി.എസ്. നേവിഗേറ്ററാണ് വഴികാട്ടി. പോകേണ്ട സ്ഥലത്തിന്റെ പേരും, സ്ട്രീറ്റിന്റെ പേരും, പിന്‍കോഡും ഒക്കെ നേവിഗേറ്ററില്‍ അടിച്ചുകയറ്റിയാല്‍പ്പിന്നെ, കളരിഗുരുക്കളുടെ പോലെ ഇടത് മാറി, വലത് തിരിഞ്ഞ്, റൌണ്‍ഡ് എബൌട്ടില്‍ നിന്ന് ഓതിരം തിരിഞ്ഞ്, പിന്നെ 15 കിലോമീറ്റര്‍ ഇരുന്നമര്‍ന്ന്, എന്നൊക്കെ പറഞ്ഞ് ഈ സത്യസന്ധനായ വഴികാട്ടി നമ്മളെ വളരെ കൃത്യമായി പോകേണ്ട സ്ഥലത്ത് കൊണ്ടെത്തിക്കും. ഇനി അധവാ ഈ വഴികാട്ടി പറഞ്ഞത് കേള്‍ക്കാതെയോ, മനസ്സിലാകാതെയോ, നമ്മള്‍ തെറ്റായ വല്ല വഴിയിലും കയറിപ്പോയാല്‍, അവിടന്ന് വീണ്ടും നമ്മളെ നേര്‍വഴി കാട്ടിത്തന്ന് ഇവന്‍ ലക്ഷ്യസ്ഥാനത്തുതന്നെ എത്തിക്കും. 
(ജിവിതത്തിലും ഇങ്ങനെ എപ്പോഴും നേര്‍വഴിയും, ലക്ഷ്യസ്ഥാനവും കാട്ടിത്തരുന്ന ഒരു ‘പോക്കറ്റ് ലൈഫ് നേവിഗേറ്റര്‍‘ എന്നാണ് വിപണിയിലെത്തുക സര്‍വ്വേശ്വരാ? “ദാ അവന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണ്, അവന്‍ ചതിക്കും. മറ്റേ ചെറുക്കന്‍ നല്ലവനാണ്, അവന്റെ കൂടെ കൂടിക്കോ. ലോ, ലവള് നിന്നെ ശരിക്കും പ്രേമിക്കുന്നൊന്നുമില്ല. ലവള്‍ക്ക് വേറൊരുത്തനുമായി ചുറ്റിക്കളിയുണ്ട്. ഈ ചിരീം കളീമൊക്കെ നിന്റെ പോക്കറ്റ് കാലിയാക്കാന്‍ വേണ്ടിയാണ് മോനേ ചെല്ലാ“ എന്നൊക്കെ പച്ചയ്ക്ക് വിളിച്ചു പറയുന്ന ഒരു ‘ജീവിത വഴികാട്ടി‘. വരുമായിരിക്കും അല്ലേ ? കാത്തിരിക്കാം.)
മൊത്തം യാത്രയില്‍ 40 % ഡൈവിങ്ങും ഞാന്‍ ആസ്വദിച്ചില്ല എന്നതാണ് സത്യം. കാരണം, ട്രാഫിക്ക് സൈന്‍ ബോര്‍ഡുകള്‍ പലതും കണ്ടിട്ട് മനസ്സിലാകുന്നില്ല എന്നതു തന്നെ. നോ എന്‍ട്രി എന്നെഴുതിയ ഒരു ചുവപ്പ് ബോര്‍ഡും, പിന്നെ ഒരു ചെറുക്കന്‍ ബാഗും പിടിച്ച് സ്കൂളിലേക്ക് നടന്നുപോകുന്ന പടമുള്ള വേറൊരു ബോര്‍ഡും മാത്രം കണ്ടുശീലിച്ചിട്ടുള്ള നമുക്കുണ്ടോ സായിപ്പിന്റെ ട്രാഫിക് പുരാണം മൊത്തം റോഡരുകിലും, പിന്നെ റോഡിലും എഴുതിവച്ചിരിക്കുന്നത് കണ്ടാല്‍ മനസ്സിലാകുന്നു !!
അതും പോരാഞ്ഞിട്ട് പലയിടത്തും സ്പീഡ് ലിമിറ്റ് ശരിക്ക് അറിയാത്തതുകൊണ്ട് പതുക്കെ ഓടിക്കുന്നതുകാരണം, പുറകില്‍ വരുന്ന വണ്ടികള്‍ക്ക് തടസ്സമുണ്ടാക്കണ്ടാ എന്ന് കരുതി, എല്ലാവരേം കേറ്റി വിട്ടുകൊണ്ടാണ് എന്റെ പോക്ക്. നാട്ടില്‍ വണ്ടി ഓടിക്കുമ്പോള്‍, ഒരുത്തനെപ്പോലും കയറിപ്പോകാന്‍ വിടാതെ, ആക്സിലേറ്ററില്‍ കയറി നിന്ന്, നരേന്‍ കാര്‍ത്തികേയനെപ്പോലെ കത്തിച്ച് പോയിരുന്ന എന്റെ, ഇപ്പോഴത്തെ ഈ പ്രകടനത്തില്‍, എനിക്കുതന്നെ പുച്ഛം തോന്നി.
എന്തായാലും ഒരു മണിക്കൂറിനകം സ്ഥലത്തെത്തി. നഗരത്തിലെത്തി നടുനിവര്‍ത്താന്‍വേണ്ടി വണ്ടി ഒരിടത്ത് ചവിട്ടി ഒതുക്കിയപ്പോള്‍, ആദ്യം കാണുന്നത് ‘ബോംബെ ഫിഷ് ‘ എന്ന മീന്‍ കട. സകലമാന ഇന്ത്യന്‍ മത്സ്യങ്ങളും തണുപ്പൊന്നും വകവയ്ക്കാതെ ഐസിനുമുകളില്‍ ചിരിച്ചോണ്ട് എന്നേം നോക്കിക്കോണ്ട് കിടക്കുന്നു. തിരിച്ചുപോകുമ്പോള്‍ കുറച്ച് വാങ്ങാമെന്ന് തീരുമാനിച്ചു.
നമ്മ നാട്ടുകാര്‍ ജീവിക്കുന്ന സ്ഥലം കണ്ടുപിടിക്കാന്‍ വേണ്ടി വണ്ടിയിളക്കി. നാടിന്റെ മണം വലിച്ചുകേറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയല്ലേ !! ബല്‍ഗ്രേവ് റോഡ് എന്ന് പേരുള്ള ഒരു തെരുവിലെത്തി, ഒരു ഇടവഴിയില്‍ വണ്ടി പാര്‍ക്കുചെയ്തു. റോഡിനിരുവശവും നോക്കിയപ്പോള്‍ എന്താ കഥ ? കെട്ടിടങ്ങളൊക്കെ ഇംഗ്ലീഷ് സ്റ്റൈലിലാണെങ്കിലും ബാക്കിയെല്ലാം ഇന്ത്യന്‍ മയം. സാരിക്കട, അയ്യപ്പാസ്, ചാന്ത്-പൊട്ട്-വളക്കട, ബാങ്ക് ഓഫ് ബറോഡ, സ്വര്‍ണ്ണക്കടകള്‍, ഇന്ത്യന്‍ പലചരക്ക് കട, ഇന്ത്യന്‍ ഭോജനശാലകള്‍, സീ-ടി.വിയുടെയും, റിലയന്‍സിന്റേയും വലിയ പരസ്യ ബോര്‍ഡുകള്‍, അങ്ങിനെ മൊത്തം ഇന്ത്യ മയം തന്നെ. റോഡിലാണെങ്കില്‍, നല്ല ടൂറിസ്റ്റ് സീസണില്‍ എറണാകുളത്ത് പോയാല്‍ കാണുന്നത്പോലെ അവിടവിടെ ഒന്ന്‌രണ്ട് സായിപ്പന്മാരും, മദാമ്മമാരും മാത്രം. ബാക്കിയൊക്കെ സാരിയും, ചുരീദാറും, സാല്‍വാരും, കുര്‍ത്തയുമൊക്കെയിട്ട നമ്മുടെ സ്വന്തം നാട്ടുകാര്‍. ഗുജറാത്തികളും, പഞ്ചാബികളും, ബംഗാളികളും, പാക്കിസ്ഥാനികളും ആണ് അധികവും.
പുറത്ത് നല്ല തണുപ്പും,കാറ്റും ഉണ്ടെങ്കിലും സിറ്റി സെന്റര്‍ വരെ നടന്ന്, ഒന്നുരണ്ട് ഷോപ്പിങ്ങ് സെന്ററിലൊക്കെ ചുമ്മാ വായില്‍ നോക്കി നടന്നു. എല്ലായിടത്തും ജോലി ചെയ്യുന്നതില്‍ പകുതിയിലധികവും ഇന്ത്യാക്കാരോ പാക്കിസ്ഥാനികളോ തന്നെ. ഹാ..മനസ്സ് നിറഞ്ഞു. ഇനിയിപ്പോ നാട്ടില്‍ പോയില്ലെങ്കിലും ഒരു വിഷമവുമില്ല.
|