മുഖാമുഖം
 

വത്സല ടീച്ചര്‍- വേലിയേറ്റങ്ങള്‍ക്കും അപ്പുറത്ത്‌

ടി ഷൈബിന്‍


രചനയുടെ ലോകത്ത്‌ വത്സല ടീച്ചര്‍ എല്ലാ കളങ്ങള്‍ക്കും അപ്പുറത്താണ്‌. പ്രതിഭാസങ്ങള്‍ക്ക്‌ വിരുദ്ധമായി നിലകൊള്ളുന്ന രചനാ രീതിയാണ്‌ ടീച്ചര്‍ പിന്തുടരുന്നത്‌. അതുകൊണ്ടു തന്നെ എഴുത്തിലെ വേലിയേറ്റങ്ങളും ടീച്ചറെ സ്‌പര്‍ശിക്കാതെ കടന്നുപോയി. എഴുത്തിന്റെ സ്വാഭാവികമായ ദൃഢതയില്‍ ബലമേറിയ രചനാ ഗോപുരങ്ങള്‍ പണിതുയര്‍ത്തിയ പി വത്സല മനസ്സു തുറക്കുന്നു....

ഇത്ര വര്‍ഷവും ഒരു ബ്രാന്റിലും അറിയപ്പെടാതെ എഴുതാന്‍ സാധിച്ചല്ലോ?
* മറ്റാരും എഴുതാത്തത്‌ എഴുതണമെന്നാണ്‌ കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചത്‌. ബ്രാന്റ്‌ എല്ലാം പബ്ലിസിറ്റിക്കുവേണ്ടി പത്രങ്ങള്‍ നല്‍കുന്നതാണ്‌. എന്നാല്‍ ദളിത്‌, സ്‌ത്രീപക്ഷം തുടങ്ങിയവയോട്‌ എനിക്ക്‌ എതിര്‍പ്പില്ല. അതേസമയം ബ്രാന്റുകളിലൊന്നും പെടാതെ നില്‍ക്കാന്‍ പ്രയാസമാണ്‌. ആനുകൂല്യങ്ങള്‍ കിട്ടാന്‍ അങ്ങനെയൊക്കെ നില്‍ക്കണം.

വയനാടിന്റെ കഥാകാരി എന്നറിയപ്പെടുന്ന ടീച്ചര്‍, അവരുടെ സംസ്‌കാരവും ഭാഷയുമെല്ലാം എങ്ങനെ അടുത്തറിഞ്ഞു?
* വയനാട്ടിലുണ്ടായിരുന്നപ്പോള്‍ ഇടയ്‌ക്ക്‌ കുറേ അവരോടൊപ്പം താമസിക്കും. തീര്‍ത്തും ശുദ്ധരായ ജനവിഭാഗം. അവരുമായി അങ്ങനെയാണ്‌ അടുത്തത്‌.

ടീച്ചറുടെ കൃതിയില്‍ പലതും നക്‌സലിസം പോലെ തീവ്ര ആശയം ഉള്‍ക്കൊള്ളുന്നു. അതേസമയം മാനവികതയില്‍ അവസാനിക്കുന്നു. ഇതെങ്ങനെ കൈകാര്യം ചെയ്യുന്നു?
* അടിസ്ഥാന വര്‍ഗത്തിന്റെ വിമോചനമാണ്‌ ആഗ്രഹിച്ചത്‌. ചെറുപ്പം മുതലേ കണ്ടു പരിചയിച്ചതാണ്‌ അവരെ. പിന്നെ, നക്‌സലിസം തുടങ്ങിയവര്‍ തന്നെ ഉപേക്ഷിച്ച്‌ വഴിമാറി പോയല്ലോ. നക്‌സലൈറ്റ്‌ പ്രസ്ഥാനത്തിലുള്ള പഴയ ആളുകള്‍ കുറച്ചൊക്കെ ഇന്നും പ്രവര്‍ത്തിക്കുന്നു. ആന്ധ്രാ, ജാര്‍ഖണ്‌ഡ്‌ പ്രദേശങ്ങളില്‍ ഇപ്പോഴും സജീവമാണ്‌. അവരെ കുറിച്ചെല്ലാം പ്രതീക്ഷയുണ്ട്‌.

ചെങ്ങറയിലും മൂലമ്പള്ളിയിലും നടന്ന പോരാട്ടങ്ങളില്‍ നക്‌സല്‍ സ്വാധീനമുണ്ടായിരുന്നോ?

* ജീവിക്കാനുള്ള സമരമാണ്‌ മൂലമ്പള്ളിയിലും ചെങ്ങറയിലും നടന്നത്‌. രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്‌. ഇത്തരം സമരങ്ങളുടെ മറവില്‍ കേരളത്തില്‍ നക്‌സലൈറ്റുകള്‍ സ്ഥാനം ഉറപ്പിച്ചെന്നാണ്‌ പറയുന്നത്‌. അങ്ങനെയെങ്കില്‍ എല്‍ ടി ടി ഇ യ്‌ക്ക്‌ ബോട്ടു നിര്‍മ്മിക്കുന്നതുവരെ ഇവിടെയാണെന്ന്‌ വാര്‍ത്തയുണ്ടല്ലോ. അതാണ്‌ ആപത്‌കരം.

ഭൂമി യഥാര്‍ഥ അവകാശികള്‍ക്ക്‌ വിട്ടു നല്‍കാത്തതല്ലേ അടിസ്ഥാന പ്രശ്‌നം?

* ആദ്യ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറിന്റെ ഭൂനയം കൃഷി ഇല്ലാതാക്കി. അതിന്റെ അടിസ്ഥാന കാരണം പിന്നീട്‌ അവര്‍ ആലോചിച്ചിട്ടില്ല. തൊഴിലാളി വര്‍ഗത്തെയല്ല, വ്യവസായികളെയാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ ലക്ഷ്യമിട്ടത്‌. ഗൗരിയമ്മയുടെ കാലത്ത്‌ ഒരു ദൗത്യം ഉണ്ടായിരുന്നു. വ്യവസായ തൊഴിലാളികളെയും സര്‍വീസ്‌ തൊഴിലാളികളെയും സംഘടിപ്പിച്ചാല്‍ എല്ലാം ശരിയായെന്ന കാഴ്‌ചപ്പാടാണ്‌ പിന്നീടുണ്ടായത്‌. വര്‍ഗ സമരം വോട്ട്‌ ബാങ്ക്‌ ജനാധിപത്യമായി മാറി.

സാറാ ജോസഫിനെ പോലെ ചില എഴുത്തുകാരെങ്കിലും ആക്‌റ്റിവിസ്റ്റുകളായില്ലേ?

* സാറാ ജോസഫെല്ലാം പബ്ലിസിറ്റിക്കു വേണ്ടിയുള്ള കാര്യമാണ്‌ ചെയ്യുന്നത്‌. ആക്‌റ്റിവിസ്റ്റുകളുടെ പഴയ സോഷ്യല്‍ കമിറ്റ്‌മെന്റ്‌ ഇന്നില്ലല്ലോ. പക്ഷം പിടിക്കുന്നതെല്ലാം തന്‍കാര്യത്തിനാണ്‌. മാധ്യമങ്ങളാവട്ടെ വെളിച്ചത്തു നില്‍ക്കുന്നവരെ തന്നെയാണ്‌ എന്നും `ഫ്‌ളാഷ്‌' ചെയ്യുന്നത്‌.

`നെല്ല്‌'എന്ന ആദ്യ നോവലില്‍ പോലും ശക്തമായ ജീവിത വീക്ഷണം കാണാമായിരുന്നു. എന്നിട്ടും അക്കാദമി അവാര്‍ഡ്‌ കിട്ടാതിരുന്നതില്‍ വിഷമമില്ലേ?
* ഇപ്പോഴും പ്രതീക്ഷിക്കുന്നില്ല; അക്കാദമി അവാര്‍ഡ്‌ ലക്ഷ്യവുമല്ല. 34 വര്‍ഷം മുമ്പാണ്‌ നെല്ല്‌ എഴുതിയത്‌. ഇന്ന്‌ ചൂണ്ടികാണിക്കപ്പെടുന്ന ദളിതരും പ്രാന്തവത്‌കരിക്കപ്പെട്ട ജീവിതവുമെല്ലാം അതിലുണ്ട്‌. അങ്ങനെ ഒരു ജനതയെ പിന്നീട്‌ കണ്ടില്ല. മാധ്യമങ്ങള്‍ വിഷയവത്‌കരിച്ചപ്പോളാണ്‌ ഇന്ന്‌ പലരും അവരെ ഏറ്റെടുത്തത്‌. എം മുകുന്ദന്‍ എഴുതിയ `പുലയപ്പാട്ട്‌' മാര്‍ക്കറ്റാക്കാം. തിരിച്ചായിരുന്നു വേണ്ടത്‌. എഴുത്തുകാരുടെ പിന്നാലെ മീഡിയ വരണം. ഫെമിനിസം, നെക്‌സലിസം എന്നിവയെല്ലാം വിഷയവത്‌കരിച്ചത്‌ മീഡിയയാണ്‌.

ഉത്തരാധുനികത ഉള്‍പ്പെടെ പുതിയ രചനാ രീതി ടീച്ചര്‍ സ്വീകരിച്ചില്ല...
* ആധുനികതയെ അതിന്റെ വക്താക്കള്‍ തന്നെ കയ്യൊഴിഞ്ഞു. പുതിയ വിഷയം കിട്ടിയാല്‍ അതിന്‌ പിന്നാലെ പോകും. എഴുത്തില്‍ കാലത്തിന്റെ വ്യത്യാസം പ്രകടമാണ്‌. ജീവിത ദര്‍ശനത്തില്‍ ഒരുപാട്‌ പരിണാമം ഉണ്ടായതുപോലെ എഴുത്തിന്റെ അടിസ്ഥാന കാഴ്‌ചപ്പാടും മാറും.

പുതിയ തലമുറയില്‍ വിഷയ ദാരിദ്ര്യം പ്രകടമാണോ?

* വിഷയ ദാരിദ്ര്യം ഇല്ല. ജീവിതം കാണാത്തവരാണ്‌ പലരും. മലയാളി പെണ്‍കുട്ടികള്‍ സാമൂഹ്യമായ വിലക്കുകളില്‍ നിന്ന്‌ ഇനിയും മോചിപ്പിക്കപ്പെട്ടിട്ടില്ല. കഴിവുള്ളവര്‍ പ്രൊഫഷനല്‍ രംഗത്തേക്ക്‌ പോയി. കലാരംഗത്ത്‌ വൈകാരികത നഷ്ടമായി.

നിരൂപകയായി എഴുത്ത്‌ തുടങ്ങിയെങ്കിലും പിന്നീട്‌ ആ രീതി തുടര്‍ന്നില്ലല്ലോ?
* നിരൂപണം എഴുതിയത്‌ നാലഞ്ച്‌ വര്‍ഷം മാത്രം. പിന്നീട്‌ ക്രിയേറ്റീവ്‌ റൈറ്റിംഗ്‌ വേണമെന്ന്‌ തോന്നി. കാമ്പുള്ള പുസ്‌തകങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല. നിരൂപണത്തില്‍ നിന്ന്‌ മാറി ചിന്തിക്കാന്‍ അതുമൊരു കാരണമാണ്‌. പ്രസാധകര്‍ക്കു വേണ്ടിയുള്ള നിരൂപണം എഴുത്താണ്‌ ഇന്ന്‌.
മുമ്പ്‌ പാശ്ചാത്യ വിമര്‍ശന രീതി അടിസ്ഥാനമാക്കിയിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞാണ്‌ അത്‌ കേരളത്തില്‍ പ്രചാരത്തിലെത്തുക. ഇന്ന്‌ ഇന്റര്‍നെറ്റിലൂടെ എത്ര വേഗമാണ്‌ എല്ലാം പ്രചരിക്കുന്നത്‌. ക്രിയേറ്റീവ്‌ റൈറ്റിംഗിന്‌ ഇന്റര്‍നെറ്റ്‌ സ്‌പീഡ്‌ സഹായിക്കില്ലെന്നാണ്‌ എന്റെ അഭിപ്രായം.

കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം നല്‍കി. യാത്രാ വിവരണം ഉള്‍പ്പെടെ ടീച്ചറുടെ കൃതികള്‍ ഇനിയും അവാര്‍ഡിന്‌ പരിഗണിക്കാനുണ്ട്‌. ആ സാഹചര്യത്തിലാണ്‌ `ദയാവധം' പോലെ എല്ലാ പുരസ്‌കാര വഴിയും അടച്ച്‌ `സമഗ്ര സംഭാവന' നല്‍കിയത്‌....

* `സമഗ്ര സംഭാവന' പ്രതീക്ഷിക്കാത്ത പുരസ്‌കാരമായിരുന്നു. വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ബേബി (മന്ത്രി എം എ ബേബി)യോട്‌ വേണ്ടായിരുന്നു എന്നു പറഞ്ഞു. പുരസ്‌കാരം നിരസിച്ചാല്‍ അത്‌ പേരെടുക്കാനാണെന്ന്‌ പറയും. പിന്നെ സാമ്പത്തിക വശം. എനിക്ക്‌ ജീവിക്കാനുള്ളത്‌ ഇപ്പോളുണ്ട്‌. ദയാവധം എന്നോ വഴിയടക്കലെന്നോ ഈ പുരസ്‌കാരത്തെ വിളിക്കാം.
പ്രധാന നോവല്‍ ഒന്ന്‌ പൂര്‍ത്തിയാക്കാനുണ്ട്‌. തീം ചിലരോട്‌ പറഞ്ഞിരുന്നു. അത്‌ എഴുതരുതെന്ന താത്‌പര്യം ചിലര്‍ക്കുണ്ടാകാം, കാരണം അതില്‍ സമകാലിക രാഷ്ട്രീയമാണ്‌ വിഷയം. ഗ്ലോബല്‍ രാഷ്ട്രീയം മുതലിങ്ങോട്ട്‌.

പുതിയ എഴുത്തുകാരികളെ ശ്രദ്ധിക്കാറില്ലേ, എങ്ങനെ വിലയിരുത്തുന്നു?
* നാലഞ്ചു പേര്‍ നല്ല രീതിയില്‍ എഴുതുന്നവരുണ്ട്‌. അപ്പ്‌ റ്റു ഡേറ്റായ വിഷയത്തെ അധികരിച്ച്‌ പെണ്‍കുട്ടികളും എഴുതുന്നെന്ന പ്രത്യേകയുണ്ട്‌. എന്നാലും ആണ്‍കുട്ടികളുടെ നിലവാരത്തിലേക്ക്‌ ഉയര്‍ന്നെന്ന്‌ തോന്നിയില്ല. വിവാഹം അതുമായി ചുറ്റിപ്പറ്റിയ വിഷയമല്ലാതെ മറ്റൊന്നും പലര്‍ക്കും കൈകാര്യം ചെയ്യാനില്ലാത്തതു പോലെ. സിനിമാ മാസികയില്‍ പ്രചരിക്കുന്ന ഫെമിനിസമാണ്‌ അവര്‍ക്കാവശ്യം. നമ്മുടെ ഫെമിനിസ്റ്റുകള്‍ക്ക്‌ ലൈംഗിക സ്വാതന്ത്ര്യം മാത്രമാണ്‌ പ്രധാന വിഷയം. അതിനെ ചുറ്റിപ്പറ്റി കഥപറയുമ്പോള്‍ ഉള്‍ക്കാഴ്‌ച നഷ്ടമായി പോകുന്നു. ലൈംഗികത വലിയൊരു വിഷയമാണ്‌; ഗ്രേസിയൊക്കെ എഴുതിയ യഥാര്‍ഥ പെണ്ണെഴുത്ത്‌ ഇന്നില്ല.

സാഹിത്യത്തില്‍ പത്രഭാഷ കടന്നു വരുന്ന പ്രവണതയും കൂടിയതല്ലേ?

* ജേര്‍ണലിസ്റ്റിക്‌ ലാംഗ്വേജ്‌- കാപട്യത്തിന്റെ മറനീക്കാന്‍ കഴിയാത്ത ഭാഷയാണ്‌. തകഴിയും ബഷീറും ഇടശ്ശേരിയും ചെയ്‌തപോലെ ജൈവ മലയാളം ഉണ്ടാക്കാന്‍ കഴിയുന്നില്ല. ലളിതാംബിക അന്തര്‍ജനം പോലും എത്ര വിപ്ലവകരമായി എഴുതി. പത്രത്തെ പ്രീതിപ്പെടുത്തുന്ന എഴുത്തിന്‌ വൈവിധ്യം ഇല്ലാതാകുന്നു. എഴുതിയ കാലത്തൊന്നും ബഷീറിനെ അംഗീകരിക്കാത്തവര്‍ നൂറാം വാര്‍ഷികത്തിനാണ്‌ അദ്ദേഹത്തെ ഓര്‍ത്തത്‌.

ബഷീറിന്റെ ജന്മശതാബ്‌ദിയും നാലുകെട്ടിന്റെ സുവര്‍ണ ജൂബിലിയും സംബന്ധിച്ച്‌ ഏറെ വിവാദം ഉണ്ടായല്ലോ?

* എം ടിയെ അധികമായി ആരാധിച്ചപ്പോള്‍ ബഷീറിനെ തുഞ്ചന്‍ പറമ്പില്‍ ഒതുക്കി. സാഹിത്യവും വോട്ടുപിടുത്തവും ഒന്നായിമാറി. ഉത്തരേന്ത്യക്കാര്‍ക്ക്‌ മലയാളിയുടെ എല്ലാ സൂത്രവും അറിയാം. അവസാനം സി പി എമ്മും കൂറുമാറി.
എം ടി സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പദവിയിലേക്ക്‌ തോറ്റു. അവാര്‍ഡിനു വേണ്ടിയാണ്‌ മലയാളിയുടെ പല തന്ത്രങ്ങളും. കെ ജി ശങ്കരപ്പിള്ളയ്‌ക്ക്‌ നാഷണല്‍ അവാര്‍ഡ്‌ കിട്ടി. അങ്ങനെയെങ്കില്‍ എല്ലാ കവികള്‍ക്കും കിട്ടണം. ഇതെല്ലാം ലോബിയിംഗിന്റെ ഭാഗമാണ്‌.

വിവാദത്തില്‍ നിന്നെല്ലാം ടീച്ചര്‍ മാറി നില്‍ക്കുകയാണല്ലോ

* വിവാദം പബ്ലിസിറ്റിക്കുവേണ്ടിയാണ്‌. അഭിപ്രായങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുന്നു.
അഴീക്കോടൊക്കെ എവിടെയും പോകും എന്തും പ്രസംഗിക്കും. പുതിയ എഴുത്തുകാര്‍ക്ക്‌ മനഃസാക്ഷിയോട്‌ അല്‍പം
കമ്മിറ്റ്‌മെന്റെങ്കിലും ഉണ്ടാകണം.

 

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

       

We have 5 guests online
Banner
Banner